സ്ത്രീ സംരംഭകര്‍ക്കായി പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച് രാജസ്ഥാന്‍

സ്ത്രീ സംരംഭകര്‍ക്കായി പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച് രാജസ്ഥാന്‍

ജയ്പൂര്‍ : സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. സംരംഭകരാകുന്നതിന് സ്ത്രീകളെ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടിയാണിത്. അതോടൊപ്പം, ഐസ്റ്റാര്‍ട്ട് നെസ്റ്റ് എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററിന്റെ മാതൃകയും സര്‍ക്കാര്‍ അവതരിപ്പിച്ചു. എന്‍ഡ്-ടു-എന്‍ഡ് ആക്‌സിലറേഷന്‍ നല്‍കുവാന്‍ ഇതിന് സാധിക്കുമെന്ന് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 500 കോടി രൂപ മുതല്‍മുടക്കിലാണ് പുതിയ ഫണ്ട് ആരംഭിച്ചിരിക്കുന്നത്. മൂന്ന് മാസം മുന്‍പ് കോട്ടയില്‍ നടന്ന അവസാന ഡിജിഫെസ്റ്റില്‍ വച്ചാണ് ഐസ്റ്റാര്‍ട്ട് പ്ലാറ്റ്‌ഫോം എന്ന സംരംഭത്തിന് തുടക്കമിട്ടത്. ഒരുമാസം മുന്‍പ് ഈ പ്ലാറ്റ്‌ഫോം സജീവമായി. 300 സ്റ്റാര്‍ട്ടപ്പുകള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സര്‍ക്കാര്‍ ഫണ്ട് നല്‍കുമെന്ന് ഡിജിഫെസ്റ്റ് 2017 ല്‍ സംബന്ധിച്ച് സംസാരിക്കവെ വസുന്ധര രാജെ അറിയിച്ചിരുന്നു.

50 വെന്‍ഞ്ച്വര്‍ കാപ്പിറ്റല്‍ ഓര്‍ഗനൈസേഷനുകള്‍, ഏയ്ഞ്ചല്‍ നിക്ഷേപകര്‍, ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള വ്യക്തികള്‍ തുടങ്ങിയവര്‍ ഐസ്റ്റാര്‍ട്ട് പ്ലാറ്റ്‌ഫോം അംഗീകാരം നല്‍കിയ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് രാജെ പറഞ്ഞു.

ഹൈദരാബാദില്‍ നടന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ 2017 യുഎസ് പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക ട്രംപ് പങ്കെടുത്തതോടെ രാജ്യത്തെ സ്ത്രീ സംരംഭകര്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ ഇടയാക്കിയിട്ടുമുണ്ട്.

Comments

comments

Categories: More