രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. ഇന്നലെ രാവിലെ പത്തരയോടെ 24 അക്ബര്‍ റോഡിലുള്ള പാര്‍ട്ടി ആസ്ഥാനത്തെത്തി രാഹുല്‍ ഗാന്ധി അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിശ്ചിത സമയത്തില്‍ മറ്റാരുടെ പേരിലും പത്രികകള്‍ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. രാഹുലിന് വേണ്ടി 93 പത്രികകളാണ് സമര്‍പ്പിച്ചത്.

കഴിഞ്ഞ 19 വര്‍ഷകാലം കോണ്‍ഗ്രസിനെ നയിച്ചത് സോണിയ ഗാന്ധി ആയിരുന്നു. ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചുവെന്ന റെക്കോഡുമായിട്ടാണ് സോണിയ സ്ഥാനമൊഴിയുന്നത്. രാജീവ് ഗാന്ധിയുടെ മരണ ശേഷം വര്‍ഷങ്ങളോളം രാഷ്ട്രീയ രംഗത്തു നിന്നും മാറി നിന്ന ഗാന്ധി കുടുംബം 1998 ലാണ് വീണ്ടും രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. അന്നുമുതല്‍ എഐസിസി പ്രസിഡന്റായി തുടരുന്ന സോണിയ അനാരോഗ്യം കാരണം സ്ഥാനമൊഴിയുമെന്ന് ഏറെ നാളുകളായി അഭ്യൂഹമുണ്ടായിരുന്നു.

1985ല്‍ ഇന്ദിരാഗാന്ധിയുടെ മരണ ശേഷം അധ്യക്ഷ സ്ഥാനമേറ്റെടുക്കുമ്പോള്‍ മകന്‍ രാജീവ് ഗാന്ധിക്ക് 41 വയസായിരുന്നു. 1991ല്‍ അദ്ദേഹം മരിക്കുന്നതുവരെ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നു. രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ 47 വയസാണ്.

Comments

comments

Categories: Slider, Top Stories