പണപ്പെരുപ്പം കണക്കാക്കുന്നതില്‍ ആര്‍ബിഐക്ക് തെറ്റിയെന്ന് പ്രധാനമന്ത്രിയുടെ ഉപദേശക

പണപ്പെരുപ്പം കണക്കാക്കുന്നതില്‍ ആര്‍ബിഐക്ക് തെറ്റിയെന്ന് പ്രധാനമന്ത്രിയുടെ ഉപദേശക

പലിശ നിരക്കുകള്‍ കുറയ്ക്കണമെന്നും ആഷിമ ഗോയല്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് ഉയരുകയാണെന്ന് കണക്കാക്കുന്ന പ്രവണത റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ (ആര്‍ബിഐ) അടിസ്ഥാന പലിശനിരക്കുകള്‍ കുറയ്ക്കുന്നതില്‍ നിന്നും തടയുന്നതായും ഇത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ ആഷിമ ഗോയല്‍. പണപ്പെരുപ്പം കണക്കാക്കുന്നതില്‍ കേന്ദ്ര ബാങ്ക് തെറ്റായ വഴിയിലാണെന്നും പലിശ നിരക്ക് കുറയ്ക്കണമെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തികാവസ്ഥ സംബന്ധിച്ച കേന്ദ്ര ബാങ്കിന്റെ വീക്ഷണം ശരിയാകണമെന്നില്ല. ഉയര്‍ന്ന പലിശനിരക്ക് നിലനിര്‍ത്തുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതല്‍ ബാധ്യതയാകും. പണപ്പെരുപ്പം ഇനിയും വര്‍ധിക്കുമെന്നാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. എന്നാല്‍ പണപ്പെരുപ്പം സംബന്ധിച്ച കേന്ദ്രബാങ്കിന്റെ പ്രവചനങ്ങള്‍ എല്ലായ്‌പ്പോഴും തെറ്റാറാണ് പതിവെന്ന് ആഷിമ ഗോയല്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ബാങ്കിന്റെ ദ്വൈമാസ ധനനയ അവലോകന യോഗം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര ബാങ്ക് തയാറാകണമെന്ന നിര്‍ദേശവുമായി ആഷിമ ഗോയല്‍ രംഗത്തെത്തിയിരിക്കുന്നത്.

ഉപഭോക്തൃ വില സൂചിക (സിപിഐ) സംബന്ധിച്ച കേന്ദ്ര ബാങ്കിന്റെ നിഗമനങ്ങളും തെറ്റാണെന്നാണ് ആഷിമ പറയുന്നത്. സിപിഐ പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യമിടുന്ന പരിധിക്കകത്ത് (നാല് ശതമാനത്തികുറവും രണ്ട് ശതമാനത്തില്‍ കൂടുതലും)വന്നാല്‍ പലിശ നിരക്കുകളില്‍ 100 ബേസിസ് പോയ്ന്റ് കുറയ്ക്കാന്‍ സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത്തവണയും കേന്ദ്ര ബാങ്ക് പലിശ നിരക്കുകള്‍ മാറ്റം വരുത്താതെ നിലനിര്‍ത്തുമെന്നാണ് മിക്ക സാമ്പത്തികവിദഗ്ധരുടെയും നിരീക്ഷണം. പണപ്പെരുപ്പവും ക്രൂഡ് ഓയില്‍ വിലയും റിപ്പോ നിരക്ക് അതേപടി നിലനിര്‍ത്തുന്നതിന് കേന്ദ്ര ബാങ്കിനെ പ്രേരിപ്പിച്ചേക്കും.

ഉപഭോഗവും നിക്ഷേപവും മന്ദഗതിയില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ആഷിമ പറയുന്നത്. 2014 മുതലുള്ളതില്‍ ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കായിരിക്കും ഇതെന്നും അവര്‍ വിശദീകരിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 5.7 ശതമാനവും ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 6.3 ശതമാനവുമായിരുന്നു ഇന്ത്യയുടെ ജിഡിപി വളര്‍ച്ച. ജിഎസ്ടിയും നോട്ട് അസാധുവാക്കലും സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ കാരണം മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലുണ്ടായത്.

Comments

comments

Categories: Slider, Top Stories