പി&ജിയ്ക്ക് ഇന്ത്യയില്‍ തിരിച്ചടി;വില്‍പ്പന കുത്തനെ ഇടിഞ്ഞു

പി&ജിയ്ക്ക് ഇന്ത്യയില്‍ തിരിച്ചടി;വില്‍പ്പന കുത്തനെ ഇടിഞ്ഞു

ടൈഡ് ഡിറ്റര്‍ജന്റ്‌സ്, പാന്റീന്‍ ഷാംപൂ, ഒലെ സ്‌കിന്‍ ക്രീം എന്നിവയുടെ നിര്‍മാതാക്കളായ പി &ജിയുടെ വരുമാനത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇടിവ് സംഭവിക്കുന്നത്

മുംബൈ: ആഗോള തലത്തിലെ മുന്‍നിര ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ പ്രോക്റ്റര്‍ & ഗാംബിളിന്റെ ഇന്ത്യന്‍ വിഭാഗത്തിന് കനത്ത തിരിച്ചടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ആകെ വില്‍പ്പനയില്‍ 14 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. രണ്ട് ദശാബ്ദത്തിലേറെയായി ഇന്ത്യന്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഏറ്റവും മോശം പ്രകടനമാണിത്.

ടൈഡ് ഡിറ്റര്‍ജന്റ്‌സ്, പാന്റീന്‍ ഷാംപൂ, ഒലെ സ്‌കിന്‍ ക്രീം എന്നിവയുടെ നിര്‍മാതാക്കളായ പി &ജിയുടെ വരുമാനത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇടിവ് സംഭവിക്കുന്നത്. മാര്‍ജിനുകള്‍ക്ക് താങ്ങുനല്‍കുക ലക്ഷ്യമിട്ട് കമ്പനിയുടെ നിരവധി ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യവും വലുപ്പവും കുറച്ചതിനു ശേഷവും നിലയില്‍ മാറ്റം വന്നിട്ടില്ല.

ഇന്ത്യയിലെ ബിസിനസില്‍ ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി വിഭാഗങ്ങളില്‍ നിന്ന് ശ്രദ്ധ പിന്‍വലിച്ചെന്ന് സിന്‍സിനാറ്റി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പി &ജി അറിയിച്ചു. ഹ്രസ്വകാല വളര്‍ച്ചാ നിരക്കുകളെ ഇത് മോശമായി ബാധിക്കുമെങ്കിലും പിന്നീട് കൂടുതല്‍ ലാഭകരമായ ബിസിനസിലേക്ക് നയിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. കമ്പനിയുടെ ആകെ ബിസിനസിന്റെ 15 ശതമാനം സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്.

വിറ്റുവരവ് ഉയര്‍ത്തി ഓഹരികളില്‍ നിന്നുള്ള വരുമാനം മെച്ചപ്പെടുത്തുന്നതിന് ബഹുരാഷ്ട്ര കമ്പനികളുടെ മേല്‍ നിക്ഷേപകരും സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളും സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. പി&ജിയുടെ മാര്‍ജിനുകളിലെ കഴിഞ്ഞകാല പ്രവണതകള്‍ പരിശോധിക്കുമ്പോള്‍ മുന്നോട്ടുള്ള കുതിപ്പിന് കമ്പനി സമ്മര്‍ദ്ദത്തിലാണെന്ന്- ക്രെഡിറ്റ് സ്യൂസ്സെ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പി&ജിയുടെ ഇന്ത്യയിലെ വില്‍പ്പനയിലുണ്ടാ ഇടിവ് മാതൃസ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു. 2016 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പനയില്‍ എട്ട് ശതമാനത്തിന്റെ കുറവാണ് അവര്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2000 കോടി രൂപയുടെ നിക്ഷേപം പി&ജി ഇന്ത്യയില്‍ നടത്തുകയുണ്ടായി. വില കൂടിയ ഇറക്കുമതി ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു ഇതില്‍ ഭൂരിഭാഗം തുകയും ചെലവഴിച്ചത്. നോട്ട് അസാധുവാക്കല്‍ നടപടിയും വില്‍പ്പനയെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തില്‍ വിപണി വിഹിതം നിലനിര്‍ത്താനുള്ള ശ്രമങ്ങളിലാണ് പ്രോക്റ്റര്‍ & ഗാംബിള്‍.

Comments

comments

Categories: Business & Economy