ഓപ്പോ ഇന്ത്യയുടെ വില്‍പ്പന 750% വര്‍ധിച്ചു

ഓപ്പോ ഇന്ത്യയുടെ വില്‍പ്പന 750% വര്‍ധിച്ചു

ആമസോണിലും ഫഌപ്കാര്‍ട്ടിലും വന്‍ പ്രമോഷനും ഡിസ്‌കൗണ്ടുകളും ഓപ്പോ നല്‍കുന്നുണ്ട്

കൊല്‍ക്കത്ത: ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഒപ്പോ ഇന്ത്യയുടെ വില്‍പ്പനയില്‍ ഏഴ് മടങ്ങ് വര്‍ധന. ഇന്ത്യയിലെ ഏറ്റവും വലിയ തദ്ദേശ മൊബില്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സിനേയും ജപ്പാനീസ് ഇലക്ട്രോണിക് ഭീമന്‍ സോണിയേയും വരുമാനത്തിന്‍ ഓപ്പോ ഇന്ത്യ കടത്തിവെട്ടി. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ആധിപത്യത്തിന്റെ വ്യക്തമായ സൂചനയാണ് ഓപ്പോയുടെ നേട്ടം പ്രകടമാക്കുന്നത്. നിക്ഷേപത്തിലെ വെട്ടിക്കുറയ്ക്കല്‍, ഇന്ത്യ-ചൈന സംഘര്‍ഷങ്ങളെ തുടര്‍ന്ന് വില്‍പ്പനയിലുണ്ടായ ആഘാതം, മുഖ്യ എതിരാളിയായ ചൈനീസ് കമ്പനി ഷഓമിയുടെ അഗിവേഗ വളര്‍ച്ച എന്നിവ മൂലം ഓപ്പോയുടെ വളര്‍ച്ചയില്‍ നടപ്പു വര്‍ഷം മാന്ദ്യമുണ്ടായെന്ന് വ്യാവസായിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോഴും 2017 സാമ്പത്തിക വര്‍ത്തില്‍ ശക്തമായ വളര്‍ച്ച ഓപ്പോ രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 754 ശതമാനം വളര്‍ച്ച നേടി 7,974.29 കോടി രൂപയായി വില്‍പ്പന ഉയര്‍ന്നെന്നാണ് ഏറ്റവും പുതിയ റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വ്യക്തമാക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 933.74 കോടി രൂപയുടെ വില്‍പ്പനയാണ് കമ്പനി നടത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച ഓപ്പോ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളറിലധികമാണ് കൂട്ടിച്ചേര്‍ത്തത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ധാരാളം പണം ഓപ്പോ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുക്കി. പരസ്യങ്ങള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ സ്‌പോണ്‍സര്‍ഷിപ്പ്, റീട്ടെയ്‌ലര്‍മാര്‍ക്ക് ഉയര്‍ന്ന മാര്‍ജിനുകള്‍ നല്‍കല്‍, റീട്ടെയ്‌ലുകളുടെ വാങ്ങലുകള്‍ എന്നിവയ്ക്കായി നിരവധി പണമാണ് ഓപ്പോ ചെലവാക്കിയത്. ഇതെല്ലാം വില്‍പ്പനയിലെ കുതിച്ചു ചാട്ടത്തിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഫ്‌ലൈന്‍ വില്‍പ്പനയില്‍ വ്യാപകമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഓപ്പോ ഇപ്പോള്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലും ആക്രമണോത്സുക നീക്കമാണ് നടത്തുന്നത്. ആമസോണിലും ഫഌപ്കാര്‍ട്ടിലും വന്‍ പ്രമോഷനും ഡിസ്‌കൗണ്ടുകളും ഓപ്പോ നല്‍കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മൈക്രോമാക്‌സിന്റെ വരുമാനം 42 ശതമാനം ഇടിഞ്ഞ് 5,613.97 കോടി രൂപയായി. രാജ്യത്തെ രണ്ടാമത്തെ വലിയ തദ്ദേശ മൊബില്‍ നിര്‍മാണ കമ്പനിയായ ഇന്റെക്‌സിന്റെ വരുമാനം 30 ശതമാനം കുറഞ്ഞ് 4,364.08 കോടി രൂപയായി. ചൈനീസ് കമ്പനികളുയര്‍ത്തിയ വെല്ലുവിളികളും 4ജി ഹാന്‍ഡ്‌സെറ്റ് പോര്‍ട്ട്‌ഫോളിയോകളുടെ അഭാവവുമായി പ്രധാനമായും ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയായത്. സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് കുറച്ചതിനാല്‍ 2016-17ല്‍ സോണി ഇന്ത്യയുടെ വരുമാനം 11 ശതമാനം ഇടിഞ്ഞ് 7,181.84 കോടി രൂപയായി. 2016ല്‍ ഷഓമി ഇന്ത്യയുടെ വരുമാനം 7,000 കോടി രൂപയാണ്.

Comments

comments

Categories: Business & Economy