ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിന് തുടക്കമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിന് തുടക്കമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

തിരുവനന്തപുരം : സ്റ്റാര്‍ട്ടപ്പുകള്‍ക്കായി രണ്ടു വര്‍ഷത്തെ ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിന് തുടക്കമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം). വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുന്നതിനായി അവയെ ഒരുമിച്ച് കൊണ്ടുവരുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. സംരംഭകത്വ വികസനത്തിനായുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയാണ് കെഎസ്‌യുഎം.

പ്രോഗ്രാമിന്റെ ഭാഗമായി വ്യവസായിക പങ്കാളിത്തം- മാര്‍ഗനിര്‍ദേശം, ദേശീയ- അന്തര്‍ദേശീയ പരിപാടികള്‍, സര്‍ക്കാര്‍ ഗ്രാന്റുകളുടെയും ഫണ്ടിംഗിന്റെയും സേവനങ്ങള്‍, നിക്ഷേപ ശൃംഖലകളുടെ അവസരങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണംലഭിക്കും. ജനുവരി ആദ്യത്തെ ആഴ്ചയില്‍ പ്രോഗ്രാം തുടങ്ങുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അറിയിച്ചു.

ഈ മാസം 10 -ാം തീയതിയ്ക്ക് അകം കെഎസ്‌യുഎമ്മിന്റെ വെബ്‌സൈറ്റിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രോഗ്രാമിനായി അപേക്ഷിക്കാവുന്നതാണ്. ഷോട്ട്‌ലിസ്റ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ വിവരങ്ങള്‍ 16 തിയതി ഇ-മെയ്‌ലിലൂടെ കെഎസ്‌യുഎം അറിയിക്കും. 21 -ാം തിയതിയാണ് അന്തിമ തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ജനുവരി എട്ട് മുതല്‍ 12 വരെയായിരിക്കും ഇന്‍ക്യുബേഷന്‍ പ്രോഗ്രാം നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.

തുടര്‍ന്ന് മൂന്നുമാസം കൂടുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രകടനം വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ആശയം, ഉല്‍പ്പന്നം, വളര്‍ച്ച ത്വരിതപ്പെടുത്തല്‍ എന്നിവ നല്‍കും.

സ്റ്റാര്‍ട്ടപ്പുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ദീര്‍ഘകാല വികസനവും ചാക്രിക വില്‍പ്പനയുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ടു വര്‍ഷം വരെ പ്രോഗ്രാമില്‍ തുടരാന്‍ കഴിയുമെന്ന് കെഎസ് യുഎമ്മിന്റെ മാനേജരായ അശോക് പഞ്ഞിക്കാരന്‍ പറഞ്ഞു. ഇന്‍ക്യുബേഷന്‍ പ്രോഗ്രാം തിരുവനന്തപുരത്ത് വച്ച് നടത്തുന്നതിനായി ആഗോള ഇന്‍ക്യുബേറ്റേഴ്‌സുമായും ആക്‌സിലറേറ്റര്‍മാരുമായും കെഎസ്‌യുഎം ചര്‍ച്ച നടത്തുന്നുണ്ട്. ഈ പ്രോഗ്രാമിന്റെ തുടര്‍ച്ചയായി കൊച്ചിയിലും കോഴിക്കോട്ടും പ്രമുഖ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളുമായി സഹകരിച്ച് ഇതേ മാതൃകയിലുള്ള ഇന്‍ക്യുബേഷന്‍ പ്രോഗ്രാമുകള്‍ തുടങ്ങുമെന്ന് അടുത്തകേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

ഈ പ്രോഗ്രാമിലൂടെ ഇന്‍ക്യുബേറ്റഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ്‌യുഎമ്മിന്റെ കോ-വര്‍ക്കിംഗ് സ്‌പേസുകളില്‍നിന്ന് പ്രവര്‍ത്തിക്കാനാകും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ പ്ലഗ്- പ്ലേ ഡെസ്‌കുകളും ക്യാബിനുകളും ഇതില്‍ ഉള്‍പ്പെടും. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ അല്ലെങ്കില്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: More