പഞ്ചാബില്‍ സൈക്കിള്‍ നിര്‍മിക്കാന്‍ ജാപ്പനീസ് കമ്പനികള്‍

പഞ്ചാബില്‍ സൈക്കിള്‍ നിര്‍മിക്കാന്‍ ജാപ്പനീസ് കമ്പനികള്‍

15 മില്ല്യണ്‍ സൈക്കിളുകള്‍ രാജ്യത്ത് പ്രതിവര്‍ഷം നിര്‍മിക്കുന്നു. ഇതില്‍ പത്ത് മില്ല്യണും ലുധിയാനയുടെ സംഭാവന

അമൃത്സര്‍: ജാപ്പനീസ് സൈക്കിള്‍ കമ്പനികളെ സ്വാഗതം ചെയ്യാന്‍ തയാറായി പഞ്ചാബ്. ഇന്ത്യന്‍ വിപണിയില്‍ ലൈറ്റ്‌വെയ്റ്റ് സൈക്കിളുകള്‍ അവതരിപ്പിക്കുകയാണ് പുതിയ നീക്കത്തിലൂടെ സംസ്ഥാനം ലക്ഷ്യമിടുന്നത്. ജപ്പാനില്‍ അടുത്തിടെ നടത്തിയ സന്ദര്‍ശനത്തില്‍ വിഷയം ചര്‍ച്ച ചെയ്‌തെന്ന് സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്റ്റര്‍ ഡി പി എസ് ഖര്‍ബന്ധ പറഞ്ഞു. ജാപ്പനീസ് സൈക്കിള്‍ നിര്‍മാണ സാങ്കേതികവിദ്യകളെ കുറിച്ച് പഠിക്കുന്ന, പഞ്ചാബ് സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തെ നയിക്കുന്നത് ഖര്‍ബന്ധയാണ്.

ജാപ്പനീസ് സൈക്കിള്‍ നിര്‍മാതാക്കളെ സംസ്ഥാനത്തേക്ക് ക്ഷണിക്കുന്നതില്‍ പഞ്ചാബ് ഉത്സുകരായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുക മാത്രമല്ല സര്‍ക്കാര്‍ ഇളവുകളില്‍ നിന്നും നേട്ടം കൊയ്യാനും ജപ്പാനില്‍ നിന്നുള്ള കമ്പനികള്‍ക്ക് ഇതിലൂടെ സാധിക്കും-ഖര്‍ബന്ധ പറഞ്ഞു.
വ്യവസായികള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ നല്‍കുന്ന സൗകര്യങ്ങള്‍ വിലയെ മല്‍സരക്ഷമവും വിപണിയെ ആകര്‍ഷകവുമാക്കുമെന്ന് ചൈനീസ് സൈക്കിള്‍ നിര്‍മാതാക്കളില്‍ നിന്നുള്ള കിടമല്‍സരത്തെ കുറിച്ച് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിന്റെ പുതിയ വ്യവസായ നയത്തില്‍ ജപ്പാന്‍ വളരെയേറെ ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. ടാക്‌സ് ഹോളിഡേ ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കപ്പെടുന്നു.

ഇന്ത്യയില്‍ 3500 സൈക്കിള്‍ നിര്‍മാണ യൂണിറ്റുകളാണുള്ളത്. ഇതില്‍ 3400ഉം സ്ഥിതി ചെയ്യുന്നത് ലുധിയാനയിലാണ്. 15 മില്ല്യണ്‍ സൈക്കിളുകള്‍ രാജ്യത്ത് പ്രതിവര്‍ഷം നിര്‍മിക്കുന്നു. ഇതില്‍ പത്ത് മില്ല്യണും ലുധിയാനയുടെ സംഭാവനയാണെന്നും ഖര്‍ബന്ധ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy