ഇന്‍ഫോസിസ്: പരേഖിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികള്‍

ഇന്‍ഫോസിസ്: പരേഖിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികള്‍

ഇന്‍ഫോസിസിനെ നയിക്കാനായി മാനേജ്‌മെന്റ് തെരഞ്ഞെടുത്തിരിക്കുന്നത് സലില്‍ എസ് പരേഖിനെയാണ്. മാറി വരുന്ന സാങ്കേതികലോകത്ത് കടുത്ത വെല്ലുവിളികളെയാണ് അദ്ദേഹത്തിന് അതിജീവിക്കേണ്ടിവരിക

ഇന്ത്യന്‍ ഐടിയുടെ ഫഌഗ്ഷിപ്പ് ബ്രാന്‍ഡായിരുന്ന ഇന്‍ഫോസിസ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പല കാരണങ്ങള്‍ കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. വിശാല്‍ സിക്കയുടെ പുറത്തുപോക്കും നാരായണ മൂര്‍ത്തിയുടെ ഇടപെടലും ഒടുവില്‍ അദ്ദേഹത്തിനായി കമ്പനിയിലേക്ക് വീണ്ടും നന്ദന്‍ നിലേക്കനി എന്ന രാജ്യത്തെ മികച്ച ടെക്‌നോക്രാറ്റ് തിരിച്ചെത്തിയതും എല്ലാം നാം കണ്ടു. ഇപ്പോള്‍ സിക്കയ്ക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ഇന്‍ഫോസിസ് മാനേജ്‌മെന്റ്. പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കാപ് ജെമിനിയിലൂടെ പ്രശസ്തനായ സലില്‍ എസ് പരേഖിനാണ് ഇന്‍ഫോസിസിനെ നയിക്കാനുള്ള പുതു നിയോഗം.

വിശാല്‍ സിക്ക ഇന്‍ഫോസിസ് സഹസ്ഥാപകരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കമ്പനിക്ക് പുറത്തുപോയത്. അതുകൊണ്ടുതന്നെ പുതിയ സിഇഒ സഹസ്ഥാപകരായ മൂര്‍ത്തിയും കൂട്ടരുമായി ഇണങ്ങി പോകുന്ന ആളാണെന്നു വേണം കരുതാന്‍. കമ്പനിയിലെ അസ്വസ്ഥതകള്‍ക്ക് ഒരു പരിധി വരെ ശമനമേകാനും പുതു ദിശ കാണിക്കാനും നിലേക്കനിയുടെ തിരിച്ചുവരവ് സഹായകമായിട്ടുണ്ട്. എങ്കിലും പുതിയ സിഇഒയ്ക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളികള്‍ തന്നെയാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ ഐടി രംഗം അതിന്റെ ഏറ്റവും മോശം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സമയത്ത്.

ഇന്‍ഫോസിസിന്റെ തുടക്കം മുതല്‍ വരുമാനത്തിന്റെ പ്രധാനഭാഗം ഔട്ട്‌സോഴ്‌സിംഗ് ബിസിനസ് ആയിരുന്നു. എന്നാല്‍ ഇന്നത് പ്രതിസന്ധിയിലാണ്. സാങ്കേതികവിദ്യയില്‍ അതിവേഗമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ ഇന്നൊവേറ്റീവ് ആയി കമ്പനി കണ്ടെത്തേണ്ടതുണ്ട്. ഐടി മേഖലയിലെ തൊഴില്‍ സാഹചര്യം തന്നെ പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍ പുതിയ രീതികള്‍ ചിന്തിച്ചു തുടങ്ങേണ്ടത് പരേഖിനെ അലട്ടും. മാത്രമല്ല അമേരിക്ക എച്ച്1ബി വിസയില്‍ കൊണ്ടുവരാനിരിക്കുന്ന മാറ്റം പുതിയ സിഇഒക്ക് കടുത്ത തലവേദന തന്നെയാകും. ഇന്ത്യന്‍ ഐടി കമ്പനികളുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. അവിടെ സാഹചര്യങ്ങള്‍ സുഗമമായില്ലെങ്കില്‍ പുതുതന്ത്രങ്ങള്‍ തന്നെ പയറ്റേണ്ടി വരും.

ലോകം കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ തീവ്രമായി തേടിക്കൊണ്ടിരിക്കുകയാണ്. സൗദി പോലുള്ള രാജ്യങ്ങള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളില്‍. ഇത് മുന്‍കൂട്ടി കണ്ട് വിശാല്‍ സിക്ക ഓട്ടോമേഷനിലും കൃത്രിമ ബുദ്ധിയിലുമെല്ലാം പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. സിക്ക ഇല്ലെങ്കിലും ഇത് മുന്നോട്ടുകൊണ്ടുപോകേണ്ടത് ഇന്‍ഫോസിസിന്റെ ഭാവിയെ സംബന്ധിച്ച് അനിവാര്യമാണ്. ബിഗ് ഡാറ്റ, ക്ലൗഡ്, അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ സലില്‍ പരേഖ് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനങ്ങള്‍ തന്നെ എടുക്കണം.

കമ്പനിയില്‍ നിന്നും കഴിവുള്ളവരുടെ കൊഴിഞ്ഞുപോക്ക് കൂടിയിരുന്നു അടുത്തിടെ. ഇതിനും മാറ്റമുണ്ടാക്കാന്‍ സാധിക്കണം. ടെക്‌നോളജിയില്‍ വൈദഗ്ധ്യമുള്ള, ഇന്നൊവേഷന് പ്രാപ്തരായവരെ കമ്പനിയില്‍ നിയമിക്കാനുള്ള ശ്രമങ്ങള്‍ സലില്‍ പരേഖ് സിഇഒ എന്ന നിലയില്‍ ഉടന്‍ കൈക്കൊള്ളണം. പ്രത്യേകിച്ചും സിക്കയുടെ പുറത്തുപോകല്‍ സീനിയര്‍ മാനേജ്‌മെന്റ് തലത്തില്‍ തന്നെ വലിയ അസ്വസ്തകള്‍ സൃഷ്ടിച്ചിരുന്നു. പുതിയ നേതൃമാറ്റം എല്ലാവരെയും ഉള്‍ക്കൊണ്ടുള്ളതാകണം എന്ന തോന്നല്‍ കമ്പനിയിലുണ്ടാകേണ്ടതും ആവശ്യമാണ്. സിക്കയും മൂര്‍ത്തിയും ചേര്‍ന്നു പോകാഞ്ഞതാണ് മുമ്പ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. സംരംഭകനും സിഇഒയും ഒരേ ആശയങ്ങള്‍ പങ്കുവെക്കുന്നതായാല്‍ സംരംഭത്തിന്റെ മുന്നോട്ടുപോക്ക് എളുപ്പത്തിലാകും. അതുകൊണ്ടു തന്നെ മാനേജ്‌മെന്റ് ആലോചിച്ച് എടുത്ത തീരുമാനമാകും ഇപ്പോഴത്തേത് എന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Editorial, Slider