ഇന്ത്യയുടെ പരസ്യചെലവിടല്‍ 8.4% വര്‍ധിക്കും

ഇന്ത്യയുടെ പരസ്യചെലവിടല്‍ 8.4% വര്‍ധിക്കും

ഇന്റര്‍നെറ്റ് പരസ്യങ്ങളില്‍ അടുത്ത വര്‍ഷം 20.4 ശതമാനം വളര്‍ച്ചയുണ്ടാകും

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യയുടെ പരസ്യ ചെലവിടല്‍ 8.4 വര്‍ധിക്കുമെന്ന് മീഡിയ ഏജന്‍സിയായ സെനിത്. ടെലിവിഷന്‍ പരസ്യങ്ങൡുള്ള ചെലവിടലിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടാകുകയെന്നും സെനിത് നിരീക്ഷിക്കുന്നു. 2018ല്‍ ഇന്ത്യയുടെ പരസ്യ ചെലവിടല്‍ 58,422 കോടി രൂപയായി വര്‍ധിക്കുമെന്നാണ് എജന്‍സിയുടെ നിഗമനം. അഡ്വടൈസിംഗ് എക്‌സ്‌പെന്‍ഡീച്ചര്‍ ഫോര്‍കാസ്റ്റ് റിപ്പോര്‍ട്ടിലാണ് സെനിത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

54,344 കോടി രൂപയാണ് ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള പരസ്യചെലവിടല്‍ കണക്കാക്കിയിട്ടുള്ളത്. നടപ്പു വര്‍ഷം പരസ്യങ്ങള്‍ക്കു വേണ്ടിയുള്ള ചെലവിടലില്‍ 11.2 ശതമാനത്തിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തെ മൊത്തം ചെലവിടലില്‍ 11.6 ശതമാനം സംഭാവന ചെയ്യുന്നത് ഇന്റര്‍നെറ്റ് പരസ്യങ്ങളായിരിക്കുമെന്നും സെനിത് പറയുന്നു.

പരമ്പരാഗത മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം കാലത്തിനനുസരിച്ചുള്ള വളര്‍ച്ച പ്രകടമാക്കുന്ന വലിയ വിപണികളിലൊന്നാണ് ഇന്ത്യ. മുന്‍നിരയിലുള്ള ഡിജിറ്റല്‍ വിപണിയെന്നാണ് റിപ്പോര്‍ട്ടില്‍ ഇന്ത്യയെ വിശേഷിപ്പിച്ചിരിക്കുന്നത്. ടെലിവിഷന്‍ പരസ്യങ്ങളില്‍ 9 ശതമാനത്തിന്റെയും റേഡിയോ പരസ്യങ്ങളില്‍ 10 ശതമാനത്തിന്റെയും അച്ചടി, സിനിമ, ഔട്ട്‌ഡോര്‍ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യങ്ങളില്‍ അഞ്ച് ശതമാനത്തിന്റെയും വര്‍ധനയാണ് അടുത്ത വര്‍ഷം എജന്‍സി പ്രതീക്ഷിക്കുന്നത്. ഇന്റര്‍നെറ്റ് പരസ്യങ്ങളില്‍ അടുത്ത വര്‍ഷം 20.4 ശതമാനം വളര്‍ച്ചയുണ്ടാകും. 2020ഓടെ രാജ്യത്തെ മൊത്തം പരസ്യ ചെലവിടലില്‍ 15.4 ശതമാനം സംഭാവന ചെയ്യുന്നത് ഇന്റര്‍നെറ്റ് പരസ്യങ്ങളായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

2018ല്‍ മൊബീല്‍ ഹാന്‍ഡ്‌സെറ്റ്, എഫ്എംസിജി, ഓട്ടോമൊബീല്‍സ്, ബാങ്കിംഗ്, ഫീനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ), ട്രാവല്‍, ടൂറിസം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ നിന്നായിരിക്കും പരസ്യങ്ങള്‍ കൂടുതലെത്തുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് പ്രകാരം 2017-2020 കാലയളവില്‍ ആഗോള തലത്തില്‍ പരസ്യ ചെലവിടലില്‍ മുന്നിട്ടുനില്‍ക്കുന്ന പത്ത് രാജ്യങ്ങളില്‍ നാലാം സ്ഥാനം ഇന്ത്യക്കായിരിക്കും. യുഎസ്, ചൈന, ഇന്തോനേഷ്യ, ജപ്പാന്‍, യുകെ എന്നിവയാണ് പട്ടികയില്‍ ഇടം നേടുന്ന മറ്റ് രാജ്യങ്ങള്‍.

Comments

comments

Categories: More