ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ വിപണി 372 ബില്യണ്‍ ഡോളറാകും: അസോചം

ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ വിപണി 372 ബില്യണ്‍ ഡോളറാകും: അസോചം

ജിഎസ്ടി ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ അനുകൂല ചലനങ്ങളുണ്ടാക്കി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഹെല്‍ത്ത്‌കെയര്‍ വിപണി 2016ലെ 110 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ നിന്ന് 2022ഓടെ 372 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 22 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കാണാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ധിക്കുന്ന ജീവിതശൈലി രോഗങ്ങളും പ്രാപ്തമായ ഹെല്‍ത്ത്‌കെയര്‍ വിതരണ സംവിധാനങ്ങള്‍ക്കുള്ള ആവശ്യകത ഉയരുന്നതുമാണ് ഈ വളര്‍ച്ചയിലേക്ക് നയിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായ സംഘടനയായ അസോചവും റിസര്‍ച്ച് സ്ഥാപനമായ ആര്‍എന്‍സിഒഎസും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ടെലിമെഡിസിനുകളുടെ ആവിര്‍ഭാവം, ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വ്യാപനം, ലയന-ഏറ്റെടുക്കലുകള്‍, മേഖലയിലെ സര്‍ക്കാര്‍ നടപടികള്‍ മുതലായവയും ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ വിപണിയെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

ഇന്ത്യയുടെ മെഡിക്കല്‍ ഡിവൈസ് വിപണി 2022ഓടെ 11 ബില്യണ്‍ ഡോളറെന്ന നേട്ടത്തിലെത്തും. വളരുന്ന വാര്‍ധക്യ ജനസംഖ്യ, മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ച, മെഡിക്കല്‍ സേവനങ്ങളുടെ ചെലവിലെ കുറവ് എന്നിവ മെഡിക്കല്‍ ഡിവൈസ് വിപണിയുടെ വളര്‍ച്ചയ്ക്ക് കാരണമാകും. 2016ലെ കണക്ക്പ്രകാരം 4 ബില്യണ്‍ ഡോളര്‍ മൂല്യമാണ് മെഡിക്കല്‍ ഡിവൈസ് വിപണിയ്ക്കുള്ളത്. സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 15 ശതമാനം ഉയരും. എന്നിരുന്നാലും ഇന്ത്യന്‍ മെഡിക്കല്‍ ഡിവൈസ് വിപണിയുടെ 75 ശതമാനവും ഇറക്കുമതിയായിരിക്കുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

ചരക്ക് സേവന നികുതി രാജ്യത്തെ ഹെല്‍ത്ത്‌കെയര്‍ വിപണിക്ക് പ്രത്യേകിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ അനുകൂല സ്വാധീനമാണ് സൃഷ്ടിച്ചത്. ജിഎസ്ടി നികുതി ഘടനയ്ക്ക് സംഘടിതമായ രൂപം നല്‍കുകയും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്തു. നിര്‍മാണ ചെലവടക്കമുള്ള കാര്യങ്ങളില്‍ ഇതുമൂലം കുറവ് വന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Slider, Top Stories