ഇ-കൊമേഴ്‌സ് ചര്‍ച്ചകളില്‍ വിയോജിപ്പ്; ഡബ്ല്യുടിഒയില്‍ ഇന്ത്യ ഡോക്യുമെന്റ് സമര്‍പ്പിച്ചു

ഇ-കൊമേഴ്‌സ് ചര്‍ച്ചകളില്‍ വിയോജിപ്പ്; ഡബ്ല്യുടിഒയില്‍ ഇന്ത്യ ഡോക്യുമെന്റ് സമര്‍പ്പിച്ചു

ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട ചട്ടക്കൂട് നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇപ്പോഴും മിക്ക രാജ്യങ്ങള്‍ക്കും പൂര്‍ണമായ ധാരണയില്ലെന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) ഇ-കൊമേഴ്‌സ് ചട്ടങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നതിനെതിരെയുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യ ഔദ്യോഗിക രേഖ സമര്‍പ്പിച്ചു. ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കികൊണ്ട് ഇതാദ്യമായാണ് ഇന്ത്യ ഡബ്ല്യുടിഒയില്‍ ഔദ്യോഗിക രേഖ സമര്‍പ്പിക്കുന്നത്.

നിലവിലുള്ള മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും അനുസരിച്ച് തന്നെ ഇലക്ട്രോണിക് കൊമേഴ്‌സ് വര്‍ക്ക് പ്രോഗ്രാമിനു കീഴില്‍ പ്രവര്‍ത്തനം തുടരുമെന്ന് 1998ല്‍ ലോക വ്യാപാര സംഘടനയിലെ അംഗരാഷ്ട്രങ്ങള്‍ അംഗീകരിച്ച ഇ-കൊമേഴ്‌സ് വര്‍ക്ക് പ്രോഗ്രാമിനെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യ വ്യക്തമാക്കി. ഇ-കൊമേഴ്‌സ് വര്‍ക്ക് പ്രോഗ്രാമിനപ്പുറത്തേക്ക് യാതൊന്നും ചെയ്യുന്നതിനെ അനുകൂലിക്കുന്നില്ലെന്ന വ്യക്തമായ നിലപാടാണ് ഇന്ത്യ എടുത്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അടുത്തയാഴ്ച ലോക വ്യാപാര സംഘടനയിലെ അംഗരാഷ്ട്രങ്ങളുടെ സമ്മേളനം നടക്കാനിരിക്കെയാണ് ഇ-കൊമേഴ്‌സ് വിഷയത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ഡിജിറ്റല്‍ വ്യാപാരം സുഗമമാക്കുന്നതിന് നിലവിലുള്ള ഇ-കൊമേഴ്‌സ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനായുള്ള ചര്‍ച്ചകള്‍ക്ക് ലോക വ്യാപാര സംഘടനയില്‍ മറ്റ് അംഗരാഷ്ട്രങ്ങള്‍ സമ്മര്‍ദം ചെലുത്തിയേക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട ചട്ടക്കൂട് നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇപ്പോഴും മിക്ക രാജ്യങ്ങള്‍ക്കും പൂര്‍ണമായ ധാരണയില്ലെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് വിവേകപരമല്ലെന്നുമാണ് ഇന്ത്യയുടെ വാദം.

ഇ-കൊമേഴ്‌സ് വര്‍ക്ക് പ്രോഗ്രാമിന്റെ അവലോകന റിപ്പോര്‍ട്ട് അടുത്തയാഴ്ച നടക്കുന്ന സമ്മേളനത്തില്‍ വെക്കണമെന്നും ഇന്ത്യ ഡബ്ല്യുടിഒ ജനറല്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൗണ്‍സില്‍ ഫോര്‍ ട്രേഡ് ഇന്‍ സര്‍വീസസ്, കൗണ്‍സില്‍ ഫോര്‍ ട്രേഡ് ഇന്‍ ഗുഡ്‌സ്, കൗണ്‍സില്‍ ഫോര്‍ ട്രിപ്‌സ്, കമ്മിറ്റി ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപമെന്റ് തുടങ്ങി ലോക വ്യാപാര സംഘടനയ്ക്ക് കീഴിലുള്ള നാല് സമിതികള്‍ക്കാണ് ഇ-കൊമേഴ്‌സ് വര്‍ക്ക് പ്രോഗ്രാമിന്റെ നടത്തിപ്പ് ചുമതല. ഇവരില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അവലോകന റിപ്പോര്‍ട്ട് തയാറാക്കുക.

1998ലാണ് ഇ-കൊമേഴ്‌സ് ഡബ്ല്യുടിഒയില്‍ ഇടം പിടിക്കുന്നത്. ഇലക്ട്രോണിക് ചരക്ക് കൈമാറ്റത്തിന് കസ്റ്റംസ് തീരുവ ചുമത്തില്ലെന്നും മൊറട്ടോറിയം ആനുകാലികമായി ദീര്‍ഘിപ്പിക്കുമെന്നും അന്ന് അംഗരാഷ്ട്രങ്ങള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ക്രോസ് ബോര്‍ഡര്‍ ഡാറ്റ ഫ്‌ളോ, സര്‍വര്‍ ലോക്കലൈസേഷന്‍, ടെക്‌നോളജി ട്രാന്‍സ്ഫര്‍, സോഴ്‌സ് കോഡ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍, ബൗദ്ധിക സ്വത്തവകാശം, ഇ-കൊമേഴ്‌സ് സൗകര്യങ്ങള്‍ തുടങ്ങിയവയുടെ വിവിധ വശങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ട് നിരവധി രാജ്യങ്ങള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഡിജിറ്റല്‍ കസ്റ്റംസ് തീരുവ തടയണമെന്നും സൗജന്യ ഇന്റര്‍നെറ്റ് പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ചുകൊണ്ട് യുഎസും കഴിഞ്ഞ വര്‍ഷം നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, കൊറിയ, പാക്കിസ്ഥാന്‍, നൈജീരിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും ഇ-കൊമേഴ്‌സ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy