ദൈവനാമത്തില്‍

ദൈവനാമത്തില്‍

ഇന്ത്യന്‍ മിത്തോളജിയില്‍ പറയുന്ന പോലെ ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയിലായി അമേരിക്ക. കമ്യൂണിസത്തെ ഭയന്ന് തീവ്രവാദികളെ സൃഷ്ടിച്ച അമേരിക്കക്ക് ഇന്ന് കമ്യൂണലിസത്തെ ഒട്ടുംതന്നെ പ്രതിരോധിക്കാനാവുന്നില്ല

‘There are many causes I would die for. There is not a single cause I would kill for.’
Mahatma Gandhi

ആര്യാടന്‍ ഷൗക്കത്തിന്റെ ഇതേ സാംഗത്യത്തിലുള്ള ഒരു സിനിമയുടെ പേരാണ് ഈ ലേഖനത്തിന്റെയും തലക്കെട്ട്. അതിലധികം യോജിച്ച ഒരു തലക്കെട്ട് ഇല്ലാത്തതിനാല്‍, ആ പേര്, അദ്ദേഹം പ്രതിഷേധിക്കുകയില്ലെന്ന ഉത്തമ വിശ്വാസത്തില്‍, കടമെടുക്കുന്നു എന്ന് ആദ്യമേ പ്രസ്താവിക്കട്ടെ.

ആയിരത്തി തൊള്ളായിരത്തി എഴുപത്തെട്ട്! സോവിയറ്റ് യൂണിയന്‍ ചേരിയും അമേരിക്കന്‍ സഖ്യകക്ഷികളും തമ്മിലുള്ള ശീതയുദ്ധം മുറുകി നില്‍ക്കുന്ന കാലം. ഏപ്രില്‍ 27, 28 തീയതികളില്‍ നടന്ന സവര്‍ വിപ്ലവത്തിന്റെ ഫലമായി അഫ്ഗാനിസ്ഥാനില്‍ മുഹമ്മദ് ദാവൂദ് ഖാന്റെ കുടുംബ വാഴ്ച്ച അവസാനിപ്പിച്ച് അഫ്ഗാന്‍ ജനകീയ ജനാധിപത്യ പാര്‍ട്ടി എന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം അധികാരം കയ്യടക്കി. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താജികിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ ഭാഗങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന അഫ്ഗാന്റെ നിയന്ത്രണം കൈവരുതിയിലെത്തിക്കാന്‍ സോവിയറ്റ് രഹസ്യാന്വേഷണ വിഭാഗമായിരുന്ന കെ ജി ബിയുടെ വര്‍ഷങ്ങളായുള്ള ഇടപെടലാണ് വിപ്ലവത്തിലൂടെ ഫലം കണ്ടത്. അതോടെ അഫ്ഗാനില്‍ സോവിയറ്റ് പിന്തുണയുള്ള ഗവണ്‍മെന്റ് നിലവില്‍വന്നു. അത് സോവിയറ്റ് യൂണിയന്റെ സൈനികതാല്‍പര്യങ്ങള്‍ക്ക് അന്നത്തെ സാഹചര്യത്തില്‍ അനിവാര്യമായിരുന്നു.

ഇത് പടിഞ്ഞാറിന്റെ താല്‍പര്യങ്ങള്‍ക്ക് സ്വാഭാവികമായും കടകവിരുദ്ധമായിരുന്നു. അതിനാല്‍ തന്നെ അഫ്ഗാനിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സി ഐ എ അരയും തലയും മുറുക്കി രംഗത്തിറങ്ങി. പൊതുവില്‍ ധനസ്ഥിതിയില്ലാത്ത ഇസ്ലാമിക രാജ്യങ്ങളിലെ ചെറുപ്പക്കാരെ മതപരമായ മസ്തിഷ്‌കപ്രക്ഷാളനം നടത്തി മതമൗലികവാദം വളര്‍ത്തി അഫ്ഗാനിസ്ഥാനില്‍ മതത്തിന്റെ പേരില്‍ വിധ്വംസക പ്രവര്‍ത്തികള്‍ക്ക് നിയോഗിക്കുക എന്നതായിരുന്നു സി ഐ എ കണ്ടെത്തിയ മാര്‍ഗം. ഏകദേശം പത്ത് വര്‍ഷത്തോളമുള്ള പരിശ്രമത്തിന്റെ ഫലമായി ശക്തമായ മതാധിഷ്ഠിത തീവ്രവാദ സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍ മുളപൊട്ടിക്കുന്നതില്‍ സി ഐ എ മിക്കവാറും വിജയിച്ചു.

1989 ഡിസംബറില്‍ പാക്കിസ്ഥാനിലെ പെഷവാര്‍ വിമാനത്താവളത്തില്‍ ജോര്‍ദാനില്‍ നിന്നുമുള്ള ഒരു സംഘം ചെറുപ്പക്കാര്‍ വന്നിറങ്ങി. അതിലൊരാളായിരുന്നു തടിച്ച് കുറുകിയ അഹമ്മദ് ഫഹദില്‍ നസ്സാല്‍ അല്‍ ഖലൈലി. പ്രായം 23. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്ന് ഏകദേശം 26 കിലോമീറ്റര്‍ വടക്ക് മാറി സര്‍ഖാ എന്ന ഗ്രാമത്തിലെ ബെഡോവിന്‍ എന്ന അറബ് ഗോത്രവംശത്തില്‍ പെട്ട അതിദരിദ്രരായിരുന്ന ദമ്പതിമാര്‍ക്ക് പിറന്ന പത്ത് മക്കളില്‍ ഒരാള്‍. പഠിത്തത്തിലുള്ള താല്‍പര്യക്കുറവും കുറ്റവാസനയും മൂലം ഹൈസ്‌കൂള്‍ തലത്തില്‍ പഠനം അവസാനിപ്പിക്കേണ്ടിവന്ന ഒരാള്‍. ജോര്‍ദാന്‍ പൊലീസിന്റെ രേഖകള്‍ പ്രകാരം കളവ്, കൊലപാതകം, കൂട്ടിക്കൊടുപ്പ് എന്നിവയ്ക്ക് പിടിയിലായയാള്‍. കുട്ടിക്കാലത്തേ കൊടുംകുറ്റങ്ങള്‍ ചെയ്ത്, ഇരയുടെ വേദന കണ്ട് ആസ്വദിച്ചിരുന്നു അഹമ്മദ് ഫഹദില്‍ ഖലൈലി. ചെറുപ്രായത്തില്‍ ജീവികളെ പിടിച്ച് തീയിലിടുക, മണല്‍ പാമ്പുകളുടെ ദേഹത്ത് പെട്രോള്‍ വീഴ്ത്തിയ ശേഷം തീ കൊടുക്കുക, പരിച്ഛേദനം കഴിഞ്ഞ് കിടക്കുന്ന കുട്ടികളുടെ മുറിവില്‍ ആരും കാണാതെ മുളക് പൊടി വിതറുക ഇതെല്ലാമായിരുന്നു ഇഷ്ടവിനോദങ്ങള്‍.

ഇവരെല്ലാം പെഷവാറില്‍ എത്തിയത്, തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോകാനാണ്. അവിടെ അഫ്ഗാന്‍ ജനകീയ ജനാധിപത്യ പാര്‍ട്ടിയുടെ ഭരണം അട്ടിമറിച്ച് മതാധിപത്യം നടപ്പാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുജാഹിദീന്‍ എന്ന സംഘടനയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സംഘമാണത്. ഭീതിദമായ രീതിയില്‍ പരിവര്‍ത്തനം വന്ന തലയും കൈ നിറയെ പണവുമായി ഒരു പുതിയ തലമുറ രാജ്യാതിര്‍ത്തികള്‍ മുറിച്ച് കടന്നു. സംഘത്തെ സ്വീകരിക്കാന്‍ വന്ന മുജാഹിദീന്‍ പ്രവര്‍ത്തകനായ ഹ്യൂതൈഫാ അസം എന്ന ബാലന്റെ കയ്യില്‍ വന്നവരുടെ ചെലവിലേക്കായി അജ്ഞാതനായ ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ വന്ന് നല്‍കിയത് മുപ്പത് ലക്ഷം ഡോളര്‍ ആയിരുന്നു!

മുജാഹിദീന്‍ പോലെ അഫ്ഗാനില്‍ സോവിയറ്റ് പട്ടാളത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു സംഘടനയായിരുന്നു സി ഐ എ സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ടായിരുന്ന, ഒസാമ ബിന്‍ ലാദന്‍ രൂപം കൊടുത്ത അല്‍ ഖ്വായ്ദ. രണ്ടും രണ്ട് വിഭാഗങ്ങള്‍ നേതൃത്വം കൊടുത്തവയാണ്.

അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രദേശത്താണ് സംഘം എത്തിയത്. അപ്പോഴേക്കും സോവിയറ്റ് പട അഫ്ഗാന്‍ വിടാന്‍ തുടങ്ങിയിരുന്നു. അഫ്ഗാന്‍ ജനകീയ ജനാധിപത്യ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും ജനറല്‍ സെക്രട്ടറിയുമായ നജീബുള്ളയുടെ നേരിട്ടുള്ള ഭരണം. നജീബുള്ളയുടെ പട്ടാളവും മുജാഹിദീനും തമ്മിലുള്ള സംഘര്‍ഷം നടക്കുമ്പോഴും ഖലൈലിയുടെ ശ്രദ്ധ ജനങ്ങളെ കടുത്ത മതവാദികളായി മാറ്റുന്നതിലായിരുന്നു. അതിനായി ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍, തന്റെ അഹമ്മദ് ഫഹദില്‍ നസ്സാല്‍ അല്‍ ഖലൈലി എന്ന പേര് ഉപേക്ഷിച്ച് അബു മുസാബ് അല്‍ സര്‍ഖാവി (സര്‍ഖാ ഗ്രാമത്തില്‍ നിന്ന് വന്നയാള്‍ ‘സര്‍ഖാവി’) എന്ന പേര് സ്വയം സ്വീകരിച്ച്, നിരന്തരമായി എഴുതി. ഇവ ഒസാമ ബിന്‍ ലാദന്റെ ശ്രദ്ധയില്‍ വരികയും അവര്‍ തമ്മില്‍ കാണുകയും ചെയ്തു. എന്നാല്‍ കടുത്ത ഷിയാ വിരോധിയായ സര്‍ഖാവി, അല്‍ ഖ്വായ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചു. ഒരു ഷിയാ വിഭാഗക്കാരിയുടെ മകനായിരുന്ന ഒസാമ കടുത്ത സുന്നി പക്ഷക്കാരനായിരുന്നെങ്കിലും ഷിയാ വിരോധിയല്ലായിരുന്നു. സര്‍ഖാവിയുടെ ക്രിമിനല്‍ ഭൂതകാലവും കടുത്ത തക്ഫീര്‍ മനോഭാവവും (തക്ഫീര്‍ വിഭിന്ന വിഭാഗമായതിനാല്‍ സ്വമതത്തിലുള്ളവരെ കൊല്ലുന്നതിനെ ന്യായീകരിക്കുക) ഒസാമയില്‍ കുറച്ച് വിശ്വാസക്കുറവും ഉണ്ടാക്കി.

2029 ല്‍ സമാഗതമാവുന്ന അനിവാര്യമായ സാമ്പത്തികത്തകര്‍ച്ചയെ അഭിമുഖീകരിക്കാന്‍ ലോക കമ്പോളത്തിന് ശക്തിപകരേണ്ട സമയത്ത് ലോകത്തിലെ നാലിലൊന്ന് വരുന്ന ജനവിഭാഗത്തെ ഒരു കാരണവശാലും പാര്‍ശ്വവല്‍ക്കരിക്കരുത്. ആ മതവിഭാഗക്കാര്‍ മുഴുവനും തീവ്രവാദികള്‍ അല്ല. വളരെ വളരെ ചെറിയ ഒരു അംശം ആളുകള്‍ മാത്രമേ ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുള്ളൂ.

1996ല്‍ താലിബാന്‍ എന്ന അഫ്ഗാന്‍ പ്രസ്ഥാനം ഭരണം പിടിച്ചടക്കി. ലക്ഷ്യം നിറവേറിയതോടെ അമേരിക്ക ലാദനെയും സര്‍ഖാവിയെയും കറിവേപ്പില പോലെ കയ്യൊഴിഞ്ഞു. തുടര്‍ന്ന് ലാദന്‍ കടുത്ത അമേരിക്കന്‍ വിരോധിയായി. എന്നാല്‍ അതിന് മുന്‍പുതന്നെ, 1992ല്‍ സര്‍ഖാവി ജോര്‍ദാനിലേക്ക് മടങ്ങി ജുന്‍ദ് അല്‍ ശാം എന്ന തീവ്രവാദി സംഘടനയ്ക്ക് രൂപം കൊടുത്തു. 1992ല്‍ തന്നെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിച്ചതിന് ജോര്‍ദാന്‍ സര്‍ക്കാര്‍ സര്‍ഖാവിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജയിലില്‍ മറ്റ് തടവുപുള്ളികളുമായി ഉറ്റ ബന്ധം സ്ഥാപിച്ച സര്‍ഖാവി, അവരുടെ നേതാവായി. കൂടാതെ, കൂടുതല്‍ കടുത്ത തീവ്ര മതവിശ്വാസിയും. 1999ല്‍ ജോര്‍ദാനില്‍ അബ്ദുല്ല രണ്ടാമന്‍ രാജാവിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ചുള്ള പൊതുമാപ്പില്‍ സര്‍ഖാവി ജയില്‍ മോചിതനായി. ജുന്‍ദ് അല്‍ ശാം പുനരുജ്ജീവിപ്പിച്ചു. പക്ഷേ, വര്‍ഷാവസാനത്തോടെ, പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ അമ്മാനിലെ റാഡിസണ്‍ ഹോട്ടലില്‍ ഒത്തുചേരുന്നവരെ കൂട്ടക്കുരുതി ചെയ്യാന്‍ ജുന്‍ദ് അല്‍ ശാം ഇട്ട പദ്ധതി പൊലീസ് മണത്തറിയുകയും സര്‍ഖാവി പാക്കിസ്ഥാനിലേക്ക് പലായനം ചെയ്യുകയും ചെയ്തു. വിസയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം കാരണം സര്‍ഖാവിക്ക് പാക്കിസ്ഥാനില്‍ നിന്ന് പുറത്ത് പോകേണ്ടിവന്നു. അത് നേരെ വീണ്ടും അഫ്ഗാനിസ്ഥാനിലേക്കായിരുന്നു. അവിടെ വച്ച് ഒസാമ ബിന്‍ ലാദനെ കണ്ട്, അഫ്ഗാനിലെ ഹെറാത്ത് എന്ന സ്ഥലത്ത് തീവ്രവാദ ക്യാംപ് തുടങ്ങുവാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. ലാദന്‍ നല്‍കിയ 2,00,000 ഡോളറുമായി സര്‍ഖാവി ക്യാംപ് ആരംഭിക്കുകയും അത് വലിയ തോതില്‍ ജോര്‍ദാനികളെ ആകര്‍ഷിക്കുകയും ചെയ്തു. അവിടെ വച്ച് ജമാ:അത്ത് അല്‍ തവീദ് വല്‍ ജിഹാദ് എന്ന മറ്റൊരു ജിഹാദി ഗ്രൂപ്പിനും രൂപം നല്‍കി. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണശേഷം അമേരിക്ക അഫ്ഗാനിലെ തീവ്രവാദികളുമായി യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ ലാദന് സഹായവുമായി സര്‍ഖാവി സംഘങ്ങളുണ്ടായിരുന്നു. 2001 ഡിസംബറോടെ ഇയാള്‍ ഇറാനിലേക്ക് കടന്നു. അഫ്ഗാനില്‍ വച്ച് ഒരു ബോംബ് സ്‌ഫോടനത്തില്‍ വാരിയെല്ലിനേറ്റ പരിക്കിന് ചികില്‍സിക്കാന്‍ സര്‍ഖാവി 2002ല്‍ ഇറാഖിലെ ബാഗ്ദാദിലെത്തി. ഇറാഖില്‍ വച്ച് ഷിയാ വിഭാഗക്കാരെയും അമേരിക്കന്‍ സൈനികരെയും ഒരുപോലെ സര്‍ഖാവി സംഘം (അല്‍ ഖ്വായ്ദ ഇന്‍ ഇറാഖ്) ആക്രമിച്ചു. 2004 ആയപ്പോഴേക്കും പശ്ചിമേഷ്യയിലെ വിവിധ പ്രദേശങ്ങളില്‍ സര്‍ഖാവി ഭീകരത അഴിച്ചുവിട്ടു. 2005ല്‍ സര്‍ഖാവിയുടെ തലക്ക് അമേരിക്ക 25 മില്ല്യണ്‍ ഡോളര്‍ വിലയിട്ടു.

2006 ജൂണില്‍ അമേരിക്കന്‍ സൈനികരാല്‍ സര്‍ഖാവി കൊല്ലപ്പെട്ടു. അതിന് ശേഷം ഈജിപ്ഷ്യന്‍ വംശജനായ അബു അയ്യൂബ് അല്‍ മസ്രി നേതൃത്വം ഏറ്റെടുത്തു. മസ്രി, സംഘത്തിന്റെ പേര് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് (ഐ എസ് ഐ) എന്നാക്കി. പിന്നീട് 2010ല്‍ മസ്രി കൊല്ലപ്പെട്ടപ്പോള്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി എന്ന ഇറാഖ് വംശജന്‍ നേതൃത്വം കയ്യാളി. തത്സമയം സിറിയയില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. അതോടെ സംഘങ്ങളുടെ ശ്രദ്ധ സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ ആക്രമണം അഴിച്ചുവിടുന്നതിലായി. അങ്ങനെ 2013ല്‍ സംഘത്തിന്റെ പേര് വീണ്ടും മാറി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐ എസ് ഐ എസ്) എന്നായി. 2014ല്‍ സിറിയയില്‍ അസദിനെതിരേ യുദ്ധം ചെയ്യുന്ന അല്‍നുസ്ര മുന്നണിയെ സംഘത്തില്‍ ലയിപ്പിക്കാനുള്ള ബാഗ്ദാദിയുടെ നീക്കം പാളി. മാസങ്ങള്‍ നീണ്ട പരസ്പര പോരാട്ടങ്ങള്‍ക്കൊടുവില്‍ ഐ എസ് ഐ എസുമായുള്ള എല്ലാ ബന്ധവും അല്‍ ഖ്വായ്ദ വിച്ഛേദിച്ചു. അമേരിക്കന്‍ തടവുകാരായിരുന്ന പലരും ഐ എസ് ഐ എസ് നേതൃത്വത്തിലെത്തി. അവരാണ് കൂടുതല്‍ അംഗങ്ങളെ സംഘത്തിലേക്ക് ആകര്‍ഷിക്കുന്നത്. ലോകം മുഴുവന്‍ ഇവരുടെ നീരാളിക്കൈ നീണ്ടെത്തുന്നു. അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി പലപ്പോഴായി വാര്‍ത്തകള്‍ വന്നിരുന്നു. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ ഐ എസ് ഐ എസ് തന്നെ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചു എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ആ റിപ്പോര്‍ട്ടിന്റെ നിജസ്ഥിതിക്ക് പക്ഷേ ഇനിയും സ്ഥിരീകരണമായിട്ടില്ല.

അറബിയില്‍ സംഘത്തിന്റെ പേര് അല്‍ ദവ്‌ല അല്‍ ഇസ്ലാമിയ ഫി അല്‍ ഇറാഖ് വ അല്‍ ശാം എന്നാണ്. ഇത് ഇംഗ്ലീഷിലാക്കുമ്പോള്‍ ശാം എന്നതിന് തത്തുല്യമായ പദം levent എന്നാണ്. അതിനാല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവെന്റ് (ഐ എസ് ഐ എല്‍) എന്നും പറയുന്നു. ലെവെന്റ് എന്ന് വച്ചാല്‍ സിറിയ, ലെബനന്‍, പലസ്തീന്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവയെല്ലാമുള്‍പ്പെട്ട കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശം. ഈ ഭൂപ്രദേശത്തിന്റെ മുഴുവന്‍ ഭരണത്തിനാണ് ഐ എസ് ഐ എസ് (എല്‍) നിരപരാധികളെ കൊന്നൊടുക്കുന്നത്; അതിനാണവര്‍ നമ്മുടെ നഴ്‌സുമാരെ, ദൈവത്തിന്റെ മാലാഖക്കുട്ടികളെ, നമ്മുടെ ഇടയന്മാരെ തടവില്‍വയ്ക്കുന്നത്. ഒ എന്‍ വി എഴുതിയ പോലെ, ‘ദൈവം വെറുത്തതല്ലയോ മനുഷ്യര്‍ തങ്ങളില്‍ വരുത്തിവയ്ക്കുന്നു’… അതും ദൈവനാമത്തില്‍.

സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശമോ, അതിന് പകരമായി ലോക പൊലീസുകാരനായ അമേരിക്കയുടെ സി ഐ എ ഇടപെടലോ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഇന്ന് കാണുന്നത്രയും മതമൗലികവാദമോ തീവ്രവാദ പ്രവര്‍ത്തനമോ ലോകത്ത് ഉണ്ടാകുമായിരുന്നില്ല. അഫ്ഗാനിസ്ഥാനിലായാലും ചെച്‌നിയയിലായാലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലായാലും വടക്കന്‍ ആഫ്രിക്കയിലായാലും പശ്ചിമേഷ്യയിലായാലും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആദ്യ വിത്തെറിഞ്ഞത് അമേരിക്കയുടെ സി ഐ എ തന്നെയാണ്. പിന്നീട് ഇന്ത്യന്‍ മിത്തോളജിയില്‍ പറയുന്ന പോലെ ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയിലായി അമേരിക്ക. കമ്യൂണിസത്തെ ഭയന്ന് തീവ്രവാദികളെ സൃഷ്ടിച്ച അമേരിക്കക്ക് ഇന്ന് കമ്യൂണലിസത്തെ ഒട്ടുംതന്നെ പ്രതിരോധിക്കാനാവുന്നില്ല. 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം കാറ്റിലിളകുന്ന കരിയിലയെ പോലും അമേരിക്കക്ക് ഭയമാണ്. ഒരു മതത്തില്‍പ്പെട്ടവരെ പാടെ സംശയത്തിന്റെ നിഴലില്‍ മാത്രം കാണുന്നത്ര അമേരിക്കന്‍ രാഷ്ട്രീയസാമൂഹ്യസാംസ്‌കാരം തരംതാണു.

2029 ല്‍ സമാഗതമാവുന്ന അനിവാര്യമായ സാമ്പത്തികത്തകര്‍ച്ചയെ അഭിമുഖീകരിക്കാന്‍ ലോക കമ്പോളത്തിന് ശക്തിപകരേണ്ട സമയത്ത് ലോകത്തിലെ നാലിലൊന്ന് വരുന്ന ജനവിഭാഗത്തെ ഒരു കാരണവശാലും പാര്‍ശ്വവല്‍ക്കരിക്കരുത്. ആ മതവിഭാഗക്കാര്‍ മുഴുവനും തീവ്രവാദികള്‍ അല്ല. വളരെ വളരെ ചെറിയ ഒരു അംശം ആളുകള്‍ മാത്രമേ ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുള്ളൂ. മറ്റ് പല മതങ്ങളിലുമുള്ള തത്സമാനമായ അംശം ആളുകള്‍ തത്തുല്യമായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആയതിനാല്‍ തന്നെ, തീവ്രവാദം ഒരു മതത്തിന്റെ വ്യതിചലനമല്ലെന്നും അത് ഒരുകൂട്ടം വ്യക്തികളുടെ മാനസിക വിഭ്രാന്തിയാണെന്നും മനസിലാക്കി അതിനാണ് ചികിത്സ നല്‍കേണ്ടത്. അല്ലാതെ ലോകത്തിന് മുന്നോട്ട് പോകാനാവില്ല. പരസ്പരം കൊല്ലാന്‍ നമുക്ക് കാരണങ്ങളില്ല തന്നെ.

Comments

comments

Categories: FK Special, Slider