പ്രഭ മങ്ങുന്ന സര്‍ക്കസ് കാഴ്ചകള്‍

പ്രഭ മങ്ങുന്ന സര്‍ക്കസ് കാഴ്ചകള്‍

ഒരു കാലത്ത് ആബാലവൃദ്ധം ജനങ്ങളുടേയും കാത്തിരിപ്പായിരുന്നു മൈതാനങ്ങള്‍ കീഴടക്കിയിരുന്ന സര്‍ക്കസ്. എന്നാലിന്ന് കാഴ്ചക്കാരില്ലാതെ നിലനില്‍പ്പിനായി പോരാടുന്ന ഈ മേഖലയെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തി പ്രണയിച്ച കഥയാണ് ഗ്രാന്‍ഡ് സര്‍ക്കസ് ഉടമ ചന്ദ്രന് പറയാനുള്ളത്. ആധുനിക രസക്കൂട്ടില്‍ സര്‍ക്കസിനെ നാടകവും മാജിക്കുമായി യോജിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമത്തിലാണിപ്പോള്‍ അദ്ദേഹം

പത്രപ്രവര്‍ത്തനത്തില്‍ തുടങ്ങി ഇന്ന് ഗ്രാന്‍ഡ് സര്‍ക്കസിന്റെ എല്ലാമെല്ലാമായി മാറിയിരിക്കുകയാണ് തലശ്ശേരി സ്വദേശിയായ ചന്ദ്രന്‍. കഴിഞ്ഞ 19 വര്‍ഷക്കാലമായി സര്‍ക്കസ് രംഗത്തെ നിറസാന്നിധ്യമാണ് അദ്ദേഹം. ഇന്ന് ഈ മേഖലയോട് താല്‍പര്യം കുറഞ്ഞ് കാഴ്ചക്കാരില്ലാതെ വരുന്ന സാഹചര്യത്തില്‍ സര്‍ക്കസിനെ മറ്റ് പല കലകളോടൊപ്പം ചേര്‍ത്ത് ഏതുവിധേനയും നിലനിര്‍ത്തി കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഗ്രാന്‍ഡ് സര്‍ക്കസിന്റെ സ്വന്തം ചന്ദ്രേട്ടന്‍.

പത്രപ്രവര്‍ത്തന മേഖലയില്‍ നിന്നും സര്‍ക്കസിലേക്കുള്ള കടന്നുവരവിനെകുറിച്ച് ?

1974-75 കാലഘട്ടത്തില്‍ തലശ്ശേരി മാതൃഭൂമി പത്രത്തിലായിരുന്നു ജോലി. അക്കാലത്ത് ലേഖകനും പത്ര ഏജന്‍സിയുമൊക്കെ ഒരാള്‍തന്നെ ചെയ്തിരുന്നു. പത്രത്തിന്റെ കോപ്പി കൂട്ടാനായി ഞാനും പത്രഏജന്‍സി വര്‍ക്കിനു പോയി. അങ്ങനെ മെട്രോ സര്‍ക്കസ് ഉടമ കണാരന്‍ എന്നയാളിന്റെ വീട്ടില്‍ ഏജന്‍സിയെടുക്കാന്‍ പോയതോടെയാണ് സര്‍ക്കസിലേക്കുള്ള എന്റെ വഴിത്തിരിവ്. സര്‍ക്കസിനോടുള്ള താല്‍പര്യം എന്നിലുണ്ടാക്കിയെടുത്തത് മെട്രോ കണാരേട്ടനാണ്. വളരെ തുച്ഛമായ വരുമാനമേ അന്ന് പത്രപ്രവര്‍ത്തനത്തില്‍ ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ട് സര്‍ക്കസിലേക്ക് ചേക്കേറാന്‍ ഞാന്‍ തീരുമാനിച്ചു. മെട്രോ സര്‍ക്കസിന്റെ മാനേജരായാണ് തുടക്കം. 30 വര്‍ഷക്കാലം ജെമിനി, നാഷണല്‍, അമ്മ തുടങ്ങി പല സര്‍ക്കസുകളുടെയും മാനേജരായി ജോലി നോക്കി. 1999ല്‍ ഒറ്റപ്പാലം റോയല്‍ സര്‍ക്കസിന്റെ മാനേജ്‌മെന്റിന് അതു നിലനിര്‍ത്തി കൊണ്ടുപോകാനാവാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് അത് ഞാന്‍ ഏറ്റെടുത്തു. തുടക്കത്തില്‍ 30 ആളുകളുണ്ടായിരുന്ന റോയല്‍ സര്‍ക്കസില്‍ ഇന്ന് 25 ഓളം സ്ത്രീകളടക്കം 120 പേര്‍ ജോലി ചെയ്യുന്നുണ്ട്. സര്‍ക്കസിന് പേരും പ്രതാപവുമുള്ള കാലത്ത് ഇതില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നു.

സര്‍ക്കസും തലശ്ശേരിയും തമ്മിലുള്ള ബന്ധത്തെകുറിച്ച്?

ക്രിക്കറ്റ്, കേക്ക്, സര്‍ക്കസ് എന്നീ മൂന്നു ‘സി’ കളുടെ ജന്മസ്ഥലം എന്ന നിലയിലാണ് തലശ്ശേരി അറിയപ്പെടുന്നത്. എന്നാല്‍ കൃത്യമായി പറഞ്ഞാല്‍ സര്‍ക്കസിന്റെ ജന്മസ്ഥലം മഹാരാഷ്ട്രയാണ്. അവര്‍ക്കത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. തലശ്ശേരിയില്‍ തുടങ്ങിയ സര്‍ക്കസ് ആവട്ടെ വിജയിക്കുകയും നിലനിന്നുപോരുകയും ചെയ്തു. അങ്ങനെ സര്‍ക്കസ് തലശ്ശേരിയുടെ പെരുമയില്‍ അറിയപ്പെടാന്‍ തുടങ്ങി. അന്നും ഇന്നും തലശ്ശേരിയിലെയും കണ്ണൂരിലെയും ആളുകള്‍ സര്‍ക്കസിന് എല്ലാ രീതിയിലും പ്രോല്‍സാഹനം നല്‍കിയിട്ടുണ്ട്. നിരവധി സര്‍ക്കസ് കലാകാരന്‍മാരും ഈ രണ്ടു സ്ഥലങ്ങളില്‍ നിന്നുണ്ടായിരുന്നു.

വളര്‍ച്ച മുരടിക്കുന്ന ഒരു കലയ്ക്കു വേണ്ട യാതൊരുവിധ പരിഗണനയും പ്രോല്‍സാഹനവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. ആകെയുള്ളത് അവശകലാകാരന്‍മാര്‍ക്കുള്ള പ്രതിമാസ പെന്‍ഷനായ 1200 രൂപയാണ്. അതും സര്‍ക്കസില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ പുരുഷന്‍മാര്‍ക്കും 15 വര്‍ഷം പൂര്‍ത്തിയാക്കിയ സ്ത്രീകള്‍ക്കും മാത്രം ചന്ദ്രന്‍ ഉടമ ഗ്രാന്‍ഡ് സര്‍ക്കസ്

ഇന്നത്തെ കാലത്ത് സര്‍ക്കസിന്റെ സാധ്യതകള്‍ എത്രത്തോളമുണ്ട്?

ചുരുക്കം ചിലര്‍ക്കെങ്കിലും സര്‍ക്കസിനോടു താല്‍പര്യമുള്ളതുകൊണ്ടാണ് ഇതു നിലനിന്നുപോരുന്നത്. കുറച്ചു കാലം മുമ്പുവരെ സര്‍ക്കസിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. എന്നാല്‍ മൃഗങ്ങളെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന നിയമം കര്‍ശനമാക്കിയത് സര്‍ക്കസിന് വന്‍ തിരിച്ചടിയായി. മൃഗങ്ങളെ ഒഴിവാക്കിയതോടെ സര്‍ക്കസിന്റെ വളര്‍ച്ച നിന്നുവെന്നു പറയാം. മാത്രമല്ല സര്‍ക്കസിന്റെ പ്രധാന കാഴ്ചക്കാരായ കുട്ടികള്‍ക്ക് ഇതിനോടുള്ള താല്‍പര്യവുമില്ലാതായി. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പൂര്‍ണ പിന്തുണ ലഭിക്കുകയാണെങ്കില്‍ മാത്രമേ ഇനി സര്‍ക്കസിന് മുന്നോട്ടു പോകാന്‍ കഴിയൂ.

സര്‍ക്കസ് നേരിടുന്ന പ്രധാന വെല്ലുവിളികള്‍?

ഇന്ന് ശോഷിച്ചു കൊണ്ടിരിക്കുന്ന ഒരു കലയാണ് സര്‍ക്കസ്. നിരവധി പ്രതിസന്ധികളുണ്ടിവിടെ. മൃഗങ്ങളെ സര്‍ക്കസില്‍ നിന്നും ഒഴിവാക്കിയതാണ് പ്രധാന വെല്ലുവിളി. മൃഗങ്ങളാണല്ലോ സര്‍ക്കസിലെ മുഖ്യ ആകര്‍ഷണം. മറ്റൊന്ന് പതിനേഴ് വയസ് പൂര്‍ത്തിയാകാത്ത കുട്ടികളെ സര്‍ക്കസ് പരിശീലിപ്പിക്കാന്‍ പാടില്ല എന്നതാണ്. സര്‍ക്കസിനെ ഒരിക്കലും ഒരു ബാലവേല എന്ന രീതിയില്‍ കാണാനാകില്ല. പ്രായം കൂടിയാല്‍ സ്റ്റാമിന കുറയും. അഭ്യാസങ്ങള്‍ പഠിക്കാന്‍ കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ മെയ്‌വഴക്കം. പതിമൂന്ന് വയസുള്ള കുട്ടികള്‍ വരെ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന കാലത്താണ് ഈ നിരോധനം കൊണ്ടുവന്നിരിക്കുന്നത്. ഇതില്‍ നിന്നു തന്നെ സര്‍ക്കസിനോടുള്ള പൂര്‍ണ അവഗണന മനസിലാക്കാനാകും. സര്‍ക്കസ് ജിംനാസിക് ആണ്, പക്ഷെ ഇന്ത്യയില്‍ അതും പാടില്ല. ഇന്ന് ആഫ്രിക്കന്‍ കലാകാരന്‍മാരെയും മണിപ്പൂരി കലാകാരന്‍മാരെയും എത്യോപ്യക്കാരെയും മുന്‍നിര്‍ത്തിയാണ് സര്‍ക്കസ് മുന്നോട്ടു പോകുന്നത്. സര്‍ക്കസിനായി സ്ഥലം കിട്ടാത്തതും വലിയ ബുദ്ധിമുട്ടാണ്. മുമ്പ് കേരളത്തില്‍ 20 ഓളം സര്‍ക്കസ് ടീമുകള്‍ ഉണ്ടായിരുന്നു. നിലവില്‍ 6 എണ്ണം മാത്രമേയുള്ളൂ.

ജനങ്ങളില്‍ നിന്നും സര്‍ക്കസിനു മതിയായ പ്രോല്‍സാഹനം ലഭിക്കുന്നുണ്ടോ ?

കുറച്ചുകാലം മുമ്പുവരെ നല്ലരീതിയില്‍ പ്രോല്‍സാഹനം ലഭിച്ചിരുന്നു. ഇന്ന് സ്ഥിതിയാകെ മാറി. കേരളത്തില്‍ പുതുതായി ആരും സര്‍ക്കസിലേക്ക് കടന്നു വരുന്നില്ല. അസം, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്് കൂടുതലായി എത്തുന്നത്. പത്തോളം രാജ്യത്തുനിന്നുള്ളവര്‍ ഇന്ന് ഗ്രാന്‍ഡ് സര്‍ക്കസിലുണ്ട്.

ശോഷിച്ചു കൊണ്ടിരിക്കുന്ന ഒരു കലയാണ് സര്‍ക്കസ്. മൃഗങ്ങളെ സര്‍ക്കസില്‍ നിന്നും ഒഴിവാക്കിയതാണ് പ്രധാന വെല്ലുവിളി. മറ്റൊന്ന് പതിനേഴ് വയസ് പൂര്‍ത്തിയാകാത്ത കുട്ടികളെ സര്‍ക്കസ് പരിശീലിപ്പിക്കാന്‍ പാടില്ല എന്നതാണ്. സര്‍ക്കസിനെ ഒരിക്കലും ഒരു ബാലവേല എന്ന രീതിയില്‍ കാണാനാകില്ല

സര്‍ക്കസിനോടുള്ള സര്‍ക്കാരിന്റെ മനോഭാവത്തെകുറിച്ച് ?

സര്‍ക്കാര്‍ സമീപനം തീര്‍ത്തും മോശമാണ്. വളര്‍ച്ച മുരടിക്കുന്ന ഒരു കലയ്ക്കു വേണ്ട യാതൊരുവിധ പരിഗണനയും പ്രോല്‍സാഹനവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. ആകെയുള്ളത് അവശകലാകാരന്‍മാര്‍ക്കുള്ള പ്രതിമാസ പെന്‍ഷനായ 1200 രൂപയാണ്. അതും സര്‍ക്കസില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ പുരുഷന്‍മാര്‍ക്കും 15 വര്‍ഷം പൂര്‍ത്തിയാക്കിയ സ്ത്രീകള്‍ക്കും മാത്രം. സര്‍ക്കാര്‍ തലശ്ശേരിയില്‍ ഒരു സര്‍ക്കസ് അക്കാദമി തുടങ്ങിയെങ്കിലും ചില തല്‍പ്പര കക്ഷികളുടെ ഇടപെടലിലൂടെ അധികകാലം മുന്നോട്ടുപോയില്ല.

സര്‍ക്കസിന്റെ നിലനില്‍പ്പിനായി ഗ്രാന്‍ഡ് സര്‍ക്കസ് നടപ്പിലാക്കുന്ന പദ്ധതികള്‍ ?

ഗ്രാന്‍ഡ് സര്‍ക്കസ് 19ാം വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ സര്‍ക്കസിന്റെ വളര്‍ച്ചയ്ക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട്. സര്‍ക്കസ്-നാടകം, സര്‍ക്കസ്- മാജിക് എന്നിവ ഒന്നിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വൈകാതെ അതു നടപ്പിലാകും. സര്‍ക്കസിലേക്ക് കടന്നുവരുന്ന കലാകാരന്‍മാര്‍ക്ക് ആവശ്യമായ എല്ലാവിധ പ്രോല്‍സാഹനവും എന്റെയും ഗ്രാന്‍ഡ് സര്‍ക്കസിന്റെയും ഭാഗത്തു നിന്നുണ്ടാകാറുണ്ട്. ബി ടെക് പഠനം കഴിഞ്ഞ് എന്റെ രണ്ട് ആണ്‍മക്കളും സര്‍ക്കസിനോടുള്ള താല്‍പര്യം കൊണ്ടും അത് നിലനിന്നു പോകാനുള്ള ആഗ്രഹത്താലും ഗ്ലോബല്‍ സര്‍ക്കസ് എന്നൊരു സംരംഭം തുടങ്ങിയിട്ടുണ്ട്.

Comments

comments

Categories: FK Special, Slider