ആഴക്കടലിലെ വിളക്കുകള്‍

ആഴക്കടലിലെ വിളക്കുകള്‍

കടലിലെ ഇരകളും വേട്ടക്കാരും സൃഷ്ടിക്കുന്ന മായികലോകം

സമുദ്രം അറിയപ്പെടാത്ത ഒരുപാട് സംഗതികള്‍ ഗര്‍ഭത്തില്‍ വഹിക്കുന്ന പ്രതിഭാസമാണ്. ഭൂമിയുടെ 71 ശതമാനവും കടലാണ്. ചന്ദ്രികാചര്‍ച്ചിതമായ സമുദ്രവിശാലത പ്രണയാതുരമായ മനസുകളില്‍ വേലിയേറ്റമുണ്ടാക്കുന്നു. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. ആഴക്കടലില്‍ നിന്ന് ഉയരുന്ന വിചിത്രജീവികളും അലയടിക്കുന്ന തിരമാലകളും വലിയ നിഗൂഢതയാണ് അനാവരണം ചെയ്യുന്നത്. കടലില്‍ വിരിയുന്ന ചില പ്രതിഭാസങ്ങള്‍ക്ക് ഇരുള്‍ വീണ ശേഷമേ ലോകം സാക്ഷ്യം വഹിക്കുകയുള്ളൂ.

പ്രകാശം പരത്തുന്ന സസ്യജാലം

അവിശ്വസനീയ സൗന്ദര്യം ചൊരിയുന്ന ആകര്‍ഷക പ്രദേശമാണ് രാത്രിയിലെ സമുദ്രം. ചിലപ്പോള്‍ നീലത്തിരയിളക്കം തിളങ്ങുന്നതായി കാണാം. കടലിലെ സസ്യസമൂഹം ഉല്‍പ്പാദിപ്പിക്കുകയും ഉല്‍സര്‍ജ്ജിക്കുകയും ചെയ്യുന്ന പ്രകാശമാണ് ഈ മാന്ത്രികമനോഹാരിതയ്ക്കു കാരണം. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ തേടുന്ന ചിത്രമാണ് ഈ പ്രതിഭാസം. പല സഞ്ചാരികളും തങ്ങളുടെ ബ്ലോഗുകളില്‍ ഇത് ശരിക്കൊന്ന് കാണാനാകാത്തതിനെപ്പറ്റി വിലപിക്കാറുണ്ട്.

പ്രചരിക്കപ്പെടുന്നതു പോലെ അത്യാശ്ചര്യകരമായ ഒരു ദൃശ്യമായി കാണാനായില്ലെങ്കില്‍പ്പോലും ഇതൊരു സ്വാഭാവിക പ്രതിഭാസം തന്നെയാണ്. പ്ലവകങ്ങളാണ് ഇതിനു പിന്നില്‍. ഒഴുകി നടക്കുന്ന സസ്യജാലങ്ങളുടെ അഴുകിയ അവശിഷ്ടങ്ങളാണിത്. ഇതില്‍ കാണപ്പെടുന്ന സൂക്ഷ്മജീവി സമൂഹത്തെ മല്‍സ്യങ്ങള്‍ ഭക്ഷണമാക്കാറുണ്ട്. ജലയാനങ്ങള്‍ തിരമുറിച്ചു പോകുമ്പോള്‍ ഇവ അനക്കപ്പെടുന്നു. ഈ അവസരത്തിലാണ് ഇവ വെളിച്ചം പൊഴിക്കുന്നത്. സമുദ്രോപരിതലത്തിലെ പ്രകാശത്തിന്റെ ഉറവിടം ഈ പ്ലവകങ്ങളാണ്.

ആഴക്കടലില്‍ ജീവിക്കുന്ന നിരവധി മല്‍സ്യങ്ങള്‍ പ്രകാശം പൊഴിക്കാന്‍ കഴിവുള്ളവയാണ്. ഫഌഷ്‌ലൈറ്റ് മീന്‍ വിഭാഗത്തില്‍പ്പെട്ടവയുടെ കണ്‍പോളകളിലുള്ള ഗ്രന്ഥികളിലാണ് പ്രകാശവികിരണത്തിനുള്ള ബാക്റ്റീരിയകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. രാത്രിയില്‍ സ്വയം പുറപ്പെടുവിക്കുന്ന പ്രകാശത്തില്‍ ഇവ ഇര തേടുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നു

പ്യൂര്‍ട്ടൊറിക്കോ, ജമൈക്ക തുടങ്ങിയ തീരസമുദ്രങ്ങളില്‍ നല്ല നിലയില്‍ ഇവയുടെ സാന്നിധ്യം കാണാം. അല്‍പ്പായുസ്സുകളായ ഇവയുടെ സാന്ദ്രസാന്നിധ്യം സമുദ്രത്തിലെമ്പാടുമുണ്ട്. നീല നിറത്തില്‍ മാത്രമല്ല ഇവ കാണപ്പെടുക. വളരെ വേഗം പൂവിടുന്ന ഇവ ചുവപ്പു- തവിട്ടു നിറത്തിലും കാണപ്പെടുന്നു. ചുവന്ന തിരയിളക്കമെന്നും ഇവ അറിയപ്പെടാറുണ്ട്. ഇതില്‍ ഒരു പറ്റം വിഷാംശമുള്ളവയുമായി കാണപ്പെടുന്നു. അപൂര്‍വ്വമായി ചില പ്ലവകങ്ങള്‍ തുടര്‍ച്ചയായി വെള്ളിത്തിളക്കവും പൊഴിക്കുന്നു. നഗ്നനേത്രം കൊണ്ട് തന്നെ ഏറെ ദൂരത്തോളം ഈ തിരമാലകള്‍ കാണാനാകും. ഇത്തരം പ്രതിഭാസത്തെ ക്ഷീരസമുദ്രമെന്ന് വിളിക്കാറുണ്ട്.

നൂറ്റാണ്ടുകളായി നാവികര്‍ ഈ പ്രതിഭാസം രാത്രികാലത്തു കാണപ്പെടുന്ന മഞ്ഞുമഴയെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ കാഴ്ചപ്പാടിനെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നില്ല. 2005-ല്‍ ക്ഷീരസമുദ്രത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ ഗവേഷകര്‍ എടുത്തിരുന്നു. ശൂന്യാകാശത്തു നിന്നു കാണപ്പെടുന്നത്ര വലിയ പ്രതിഭാസമാണെന്നതിന് ഇതൊരു തെളിവായി. അസാധാരണമായി മൂന്നു രാത്രികളില്‍ ഈ പ്രതിഭാസം അന്നു കാണപ്പെടുകയുണ്ടായി. സമുദ്രത്തില്‍ വലിയൊരളവ് ഇത് കാണപ്പെട്ടുവെന്നാണ് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

ഇരുട്ടില്‍ പ്രകാശിക്കുന്ന ജീവികള്‍

സ്വയരക്ഷയ്ക്കും ഇണയെ ആകര്‍ഷിക്കാനും ഇരതേടലിനുമൊക്കെയായി പ്രകാശം പൊഴിക്കുന്ന ജീവികളുടെ വലിയ സമൂഹം സമുദ്രത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്നു. സ്വാഭാവിക രാസപ്രക്രിയയാണ് പ്രകാശത്തിനു പിന്നില്‍. ചിലതരം മീനുകള്‍, കണവ, കല്ലുമ്മേക്കായ തുടങ്ങിയവയ്ക്ക് സ്വയം പ്രകാശിക്കാനുള്ള കഴിവുണ്ട്. ജീവിസമൂഹം തന്നെയാണ് ആഴക്കടലിലെ പ്രകാശത്തിന്റെ പ്രധാന ഉറവിടങ്ങള്‍.

ആഴക്കടലില്‍ ജീവിക്കുന്ന നിരവധി മല്‍സ്യങ്ങള്‍ പ്രകാശം പൊഴിക്കാന്‍ കഴിവുള്ളവയാണ്. ഫഌഷ്‌ലൈറ്റ് മീന്‍ വിഭാഗത്തില്‍പ്പെട്ടവയുടെ കണ്‍പോളകളിലുള്ള ഗ്രന്ഥികളിലാണ് പ്രകാശവികിരണത്തിനുള്ള ബാക്റ്റീരിയകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. രാത്രിയില്‍ സ്വയം പുറപ്പെടുവിക്കുന്ന പ്രകാശത്തില്‍ ഇവ ഇര തേടുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നു. മുള്ളന്‍ മീന്‍ പ്രകാശം പൊഴിക്കുന്നത് അതിന്റെ സുതാര്യമായ പേശീവാതായനങ്ങളിലൂടെയാണ്.

പ്രതിരോധത്തിനും ഇരതേടാനും മാത്രമല്ല, ശത്രുവിനെ കബളിപ്പിച്ചു രക്ഷപെടാനും സ്വയം പ്രകാശിക്കാനുള്ള കഴിവ് ഇവ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ബോബ്‌ടെയ്ല്‍ കണവകള്‍ക്ക് പ്രകാശം പരത്താന്‍ സവിശേഷ മാര്‍ഗങ്ങളുണ്ട്. നിശാചരന്മാരായ ഇവയ്ക്ക് ശരീരാന്തര്‍ഭാഗത്ത് പ്രകാശോല്‍സര്‍ജ്ജനത്തിനു സഹായിക്കുന്ന മിത്ര ബാക്റ്റീരിയാസമൂഹമുണ്ട്. രാത്രിയില്‍ ചാന്ദ്രവെളിച്ചത്തിന് അനുസരിച്ച് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പ്രകാശം നിയന്ത്രിക്കാന്‍ അവയ്ക്കാകും. ഇത് അവയെ ശത്രുക്കള്‍ക്ക് എളുപ്പം പിടികൊടുക്കാതെ മറഞ്ഞു നില്‍ക്കാന്‍ സഹായിക്കുന്നു.

ചന്ദ്രോല്‍സവം

ചന്ദ്രികയൊഴുകുന്ന രാവിനേക്കാള്‍ മനോഹരമായ പ്രണയനിമിഷങ്ങളില്ല. ചാന്ദ്രവെളിച്ചത്തില്‍ തിളങ്ങുന്ന പവിഴപ്പുറ്റുകളുടെ തിളക്കത്തില്‍ സമുദ്രം കൂടുതല്‍ മനോഹരിയാകുന്നു. വസന്തകാലരാത്രിയില്‍ ഭൂമിയിലെ ഏറ്റവും വലിയ ആഘോഷത്തിന് ചന്ദ്രന്റെ പ്രകാശം വേദിയൊരുക്കുന്നു. 30- 60 മിനുറ്റുകള്‍ക്കുള്ളിലാണ് 130-ഓളം പവിഴപ്പുറ്റ് ജീവിസഞ്ചയം മുട്ടകളും ബീജവും നിക്ഷേപിക്കുന്നത്. ഇത് സ്വാഭാവിക ലോകത്തിലെ ഏറ്റവും അസാധാരണമായ സമകാലിക സ്വഭാവമാണ്.

സമുദ്രത്തില്‍ നിക്ഷേപിക്കപ്പെടുന്ന പവവിഴപ്പുറ്റുകളുടെ ബീജസങ്കലനം വെള്ളത്തില്‍ തങ്ങി നില്‍ക്കുകയും മരവിച്ച് ഉറച്ചു പോകുകയും ചെയ്യുന്നു. ഇതൊരു മനം മയക്കുന്ന പ്രതിഭാസമാണെന്ന് ഇസ്രയേലിലെ ബാര്‍ ഇലാന്‍ സര്‍വകലാശാലയിലെ അധ്യാപകന്‍ ഡോ, ഓറെന്‍ ലെവി പറയുന്നു. നവംബറിലെ പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതിനോട് അടുത്ത ദിവസങ്ങളിലാണ് ഇതുണ്ടാകാറ്. ഇത് എല്ലാ വര്‍ഷവും ഒരേ മാസത്തില്‍ത്തന്നെ കൃത്യമായി രാത്രിയുടെ ഒരേ യാമങ്ങളില്‍ ഉണ്ടാകുന്നുവെന്നത് പ്രകൃതിയുടെ അല്‍ഭുതകരമായ പ്രതിഭാസമാണ്.

പവിഴപ്പുറ്റുകള്‍ ഇത്ര കൃത്യമായി യോജിച്ച രീതിയില്‍ രൂപപ്പെടുന്നതു കാണുന്നതു തന്നെ വളരെ ആവേശകരമാണെന്ന് ഓറെന്‍ ലെവി പറയുന്നു. പ്രകൃതിയുടെ ശക്തി മനസിലാക്കിത്തരുന്ന ഒരു ആത്മീയവേളയാണിതെന്നും അദ്ദേഹം പറയുന്നു. പവിഴപ്പുറ്റ് രൂപാന്തരപ്പെടുന്നതിലെ കൂട്ടിയിണക്കല്‍ ശക്തിയായി ചന്ദ്രിക വര്‍ത്തിക്കുന്നു. സൂര്യാസ്തമയങ്ങള്‍, വെള്ളത്തിന്റെ താപനില, വേലിയേറ്റവും വേലിയിറക്കവും തുടങ്ങിയ കാര്യങ്ങള്‍ ബീജസങ്കലന സമയത്ത് നിര്‍ണായകമാകുന്നു. പ്രജനന സമയത്തെ ചന്ദ്രന്റെ ഘട്ടങ്ങള്‍ പരിശോധിക്കുന്ന പ്രകാശ സ്വീകര്‍ത്താക്കളായി പവിഴപ്പുറ്റുകള്‍ മാറുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചന്ദ്രികാചര്‍ച്ചിതമായ ആകാശം ചില നീര്‍നായകള്‍ക്ക് അപായകരമായി തോന്നുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശിശിരകാലത്ത് ദക്ഷിണാഫ്രിക്കയിലെ ഫാള്‍സ് കടലിടുക്കില്‍ 60,000 നീര്‍നായകള്‍ സ്രാവുകള്‍ക്ക് ആഹാരമായി മാറുന്നതായാണ് റിപ്പോര്‍ട്ട്. 2016-ല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വെളുത്തവാവിലാണ് നീര്‍നായകള്‍, സ്രാവുകളാല്‍ കൂടുതല്‍ വേട്ടയാടപ്പെടുന്നതെന്ന് കണ്ടെത്തിയിരുന്നു

സ്വര്‍ഗീയവെളിച്ചത്തെ ആശ്രയിക്കുന്ന സ്രാവുകളും നീര്‍നായകളും

ചന്ദ്രികാചര്‍ച്ചിതമായ ആകാശം ചില നീര്‍നായകള്‍ക്ക് അപായകരമായി തോന്നുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശിശിരകാലത്ത് ദക്ഷിണാഫ്രിക്കയിലെ ഫാള്‍സ് കടലിടുക്കില്‍ 60,000 നീര്‍നായകള്‍ സ്രാവുകള്‍ക്ക് ആഹാരമായി മാറുന്നതായാണ് റിപ്പോര്‍ട്ട്. 2016-ല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വെളുത്തവാവിലാണ് നീര്‍നായകള്‍, സ്രാവുകളാല്‍ കൂടുതല്‍ വേട്ടയാടപ്പെടുന്നതെന്ന് കണ്ടെത്തിയിരുന്നു. ജലോപരിതലത്തില്‍ ഇവയെ സ്രാവുകള്‍ക്ക് വ്യക്തമായി കാണാനാകുമെന്നതിനാലാണിത്. എന്നിരുന്നാലും പ്രഭാതത്തിലാണ് ഏറ്റവും കൂടുതലായി സ്രാവുകളുടെ നീര്‍നായ് വേട്ട നടക്കുന്നത്. എന്നാല്‍ വെളുത്തവാവില്‍ പകല്‍ സമയത്തേക്കാള്‍ രാത്രിയിലാണ് നീര്‍നായ്കള്‍ വേട്ടയാടപ്പെടുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി.

ചാന്ദ്രവെളിച്ചവുമായി ഉദയസൂര്യന്റെ പ്രകാശവും കൂടിച്ചേരുന്ന അവസ്ഥയില്‍ സ്രാവുകളെ നീര്‍നായകള്‍ക്ക് കൂടുതല്‍ വ്യക്തമായി കാണാനാകുന്നതാണ് അവ രക്ഷപെടാന്‍ കാരണമെന്ന് ഗവേഷകര്‍ ചിന്തിക്കുന്നു. ഭീമാകാരന്മാരായ സ്രാവുകള്‍ക്ക് സൂര്യ വെളിച്ചത്തില്‍ വെളിപ്പെടേണ്ടി വരുമ്പോള്‍ നീര്‍നായകള്‍ക്കിത് അനുഗ്രഹമാകുന്നു. പകല്‍ സ്രാവുകളെ കാണുന്ന മാത്രയില്‍ അവയ്ക്ക് അതിവേഗം നീന്തി മറയാനാകുന്നു. മാത്രമല്ല നക്ഷത്രങ്ങളെ നോക്കി ദിശ നിര്‍ണയിക്കാനും നീര്‍നായകള്‍ക്കാകുന്നു. കാപ്റ്റീവ് ഹാര്‍ബര്‍ സീല്‍ വിഭാഗത്തില്‍പ്പെട്ട നീര്‍നായകള്‍ക്ക് ധ്രുവനക്ഷത്രത്തിന്റെ സ്ഥാനം കണ്ടെത്താനും തങ്ങളുടെ സഞ്ചാരദിശ നിര്‍ണയിക്കാനുമാകുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

നിശബ്ദമായ രാത്രിയില്‍ നക്ഷത്രവെളിച്ചത്തില്‍ നീര്‍നായകള്‍ക്ക് ചുറ്റിത്തിരിയാനാകും. സമുദ്രത്തിന്റെ വന്യതയില്‍ നൂറുകണക്കിനു കിലോമീറ്ററുകള്‍ നീര്‍നായകള്‍ക്കു ഭക്ഷണം തേടി അലയേണ്ടി വരുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും നല്ല കാഴ്ച ശക്തിയുള്ള നീര്‍നായകള്‍ക്ക് നക്ഷത്രത്തിന്റെ സ്ഥാനം മനസിലാക്കി ഇരതേടാനുള്ള വിദ്യയും സ്വായത്താമാക്കാനാകുമെന്ന് ഗവേഷകനായ ഡോ ബിജോണ്‍ മൗക്ക് പറയുന്നു.

ജലോപരിതത്തിലെ നിത്യ സന്ദര്‍ശകര്‍

ഇരുളിന്റെ മറവിലാണ് അപൂര്‍വ ആഴക്കടല്‍ ജീവികള്‍ ജലോപരിതലത്തിലേക്കു പൊങ്ങിവരുന്നത്. ഭീമന്‍ കണവ അഥവാ നീരാളി ഇവരിലൊരാളാണ്. കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ കൂടുതലായി കണ്ടു വരുന്ന ഇവ പകല്‍ മുഴുവന്‍ അടിത്തട്ടില്‍ കഴിയുന്നു. രാത്രി അത്താഴത്തിനായി അവ ജലോപരിതലത്തിലെത്തുന്നു. ഇത് ലംബമായ അഥവാ കുത്തനെയുള്ള സഞ്ചാരമാണ്. സന്ധ്യയായാല്‍ കടലില്‍ പൊങ്ങുകയും അടുത്ത പ്രഭാതത്തില്‍ മുങ്ങുകയും ചെയ്യുന്ന ഇത്തരം നിരവധി ജലജീവികളുണ്ട്. ഇഷ്ടഭോജനമായ ചെറുമീനുകള്‍ക്കു വേണ്ടിയാണ് അവയുടെ വരവെന്ന് ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേ ഗവേഷകനായിരുന്ന പ്രൊഫ. പോള്‍ റോഡൗസ് വിശദീകരിക്കുന്നു.

ഭീമന്‍ കണവയുടെ ആഹാരമായ ലാന്റേണ്‍ മല്‍സ്യങ്ങളും കുത്തനെയുള്ള സഞ്ചാരം നടത്തുന്നു. ഒരു തരം പ്ലവകങ്ങളുടെ പിന്നാലെയാണ് അവയുടെ സഞ്ചാരം. ലാന്റേണ്‍ മല്‍സ്യങ്ങള്‍ മാത്രമല്ല, നിരവധി ജലജീവികള്‍ ഈ പ്ലവകങ്ങളെ ആശ്രയിക്കുന്നു. സമുദ്രത്തിലെ ഒരു ഭക്ഷ്യശൃംഖലയുടെ അടിസ്ഥാന ഘടകമായി ഇതിനെ വിലയിരുത്താം. കടല്‍ കണവകള്‍ ആഹാരം തേടി ആയിരക്കണക്കിന് മീറ്ററുകള്‍ പ്രതിദിനം സഞ്ചരിക്കുന്നു. മിക്കവാറും ഉള്‍ക്കടല്‍ ജീവികള്‍ ഇത്തരത്തില്‍ ഏറെ ദൂരം സഞ്ചരിക്കുന്നവയാണ്.

ഭീമന്‍ കണവകള്‍ രാത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട നിത്യസന്ദര്‍ശകരാണ്. നിറം മാറാനും ഇര തേടുമ്പോള്‍ പുറപ്പെടുവിക്കുന്ന ചുവന്ന പ്രകാശവും അവയ്ക്ക് ചുവന്ന ചെകുത്താന്‍മാര്‍ എന്ന പേരും നല്‍കിയിട്ടുണ്ട്. 1.5 മീറ്റര്‍ വരെ നീളം വരുന്ന ഇവ ആക്രമണകാരികളാണ്. മൂര്‍ച്ചയും കരുത്തുമുള്ള കൊക്കും നീളന്‍ കൈകളും കൊണ്ട് ഇവ ഇരകള്‍ക്കു വല വിരിക്കും. മനുഷ്യരെപ്പോലും ഇവ വെറുതെ വിടാറില്ല. എന്നാല്‍ വന്‍ സ്രാവുകള്‍, സ്വേഡ് മീന്‍, ബില്‍ മല്‍സ്യം എന്നിവ ഇവയെ പിടിച്ചു തിന്നാറുണ്ട്. ആഴക്കടലിലെ വേട്ടക്കാരില്‍ നിന്ന് രക്ഷ തേടിക്കൊണ്ടു കൂടിയാണ് നീരാളികള്‍ രാത്രി ജലോപരിതലത്തിലേക്കു വരുന്നതെന്ന് റാഡൗസ് നിരീക്ഷിക്കുന്നു. അങ്ങനെ സ്വയം ഇരായാകുന്നതില്‍ നിന്ന് ഒഴിഞ്ഞ് സ്വയം ഇരതേടാനാണ് രാത്രി ഇവ ജലോപരിതലത്തില്‍ എത്തുന്നത്.

Comments

comments

Categories: FK Special, Slider