പതിനഞ്ചാം വയസില്‍ കമ്പനി സിഇഒ

പതിനഞ്ചാം വയസില്‍ കമ്പനി സിഇഒ

ഒപ്പം പഠിക്കുന്നവര്‍ സ്‌കൂള്‍ പഠനത്തിന്റെ മാത്രം ശ്രദ്ധ ചെലുത്തുമ്പോള്‍ പതിനഞ്ചുകാരിയായ റെയ്ഹാന്‍ കാമലോവ ബിസിനസ് തിരക്കുകളിലാണ്. തിരക്കുകള്‍ ചെറുതല്ല. ഒരു കമ്പനിയുടെ സിഇഒ പദവിയിലാണ് ഈ പെണ്‍കുട്ടി. മഴവെള്ളം വൈദ്യുതിയാക്കി മാറ്റുന്ന റെയ്‌നെര്‍ജി എന്ന കമ്പനിയുടെ തലപ്പത്താണ് ഈ കൊച്ചുമിടുക്കി തിളങ്ങുന്നത്. ഹൈദരാബാദില്‍ നടന്ന ആഗോള സംരംഭക സമ്മേളനത്തിലെ തിളക്കമേറിയ താരവും റെയ്ഹാനായിരുന്നു. അസര്‍ബെയ്ജാനിലെ ഗബാല സ്വദേശിനിയായ റെയ്ഹാന്‍ മഴവെള്ളത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഉപകരണവുമായാണ് സമ്മേളനത്തിലെത്തിയിരിക്കുന്നത്.

ആഗോള സംരംഭക സമ്മേളനത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ സംരംഭകയും റെയ്ഹാന്‍ തന്നെ. സമ്മേളനം തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാവരുടെയും കണ്ണുകള്‍ ഈ കൊച്ചുമിടുക്കിയിലാണ്. സമ്മേളനത്തിലെ വിശിഷ്ട അതിഥിയായ ഇവാന്‍ക ട്രംപും ഈ കുഞ്ഞുസംരംഭകയുടെ അതി നൂതന സംരംഭക ആശയത്തെകുറിച്ചും നിര്‍ധനരായ ജനങ്ങളെ സഹായിക്കാനുള്ള താല്‍പര്യത്തെകുറിച്ചും തന്റെ പ്രസംഗത്തിനിടെ പരാമര്‍ശിക്കുകയുണ്ടായി.

പിതാവില്‍ നിന്നാണ് റെയ്ഹാന് ഇതു സംബന്ധിച്ച ആശയം കിട്ടിയത്. ആളുകള്‍ക്ക് സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാമെങ്കില്‍ എന്തുകൊണ്ടു മഴയില്‍ നിന്നും അതായിക്കൂട എന്നായിരുന്നു ആ കൊച്ചുമിടുക്കിയുടെ ചോദ്യം. ശരിയായ രീതിയില്‍ ഉപയോഗയോഗ്യമാക്കിയാല്‍ മഴവെള്ളത്തിന് സാധ്യതകളേറെയുണ്ടെന്നും, റെയ്ഹാന്‍ പറയുന്നു.

കമ്പനി സിഇഒ ആണെങ്കിലും റെയ്ഹാന്‍ സ്‌കൂളിലെ ക്ലാസുകള്‍ക്ക് ഒരു മുടക്കവും വരുത്താറില്ല, പ്രത്യേകിച്ചും കെമിസ്ട്രി, ഫിസിക്‌സ്, മാത്‌സ് വിഷയങ്ങളിലെ ക്ലാസുകള്‍ക്ക്. ഈ ഒമ്പതാം ക്ലാസുകാരി രൂപകല്‍പ്പന ചെയ്ത ഉപകരണത്തില്‍ പ്രധാനമായും മഴവെള്ള സംഭരണി, വാട്ടര്‍ ടാങ്ക്, ഇലക്ട്രിസിറ്റി ജനറേറ്റര്‍, ബാറ്ററി എന്നീ വിഭാഗങ്ങളാണുള്ളത്. മഴവെള്ള സംഭരണി വഴി നിറയുന്ന വാട്ടര്‍ ടാങ്കിലെ ജലം ഹൈ സ്പീഡ് ഇലക്ട്രിസിറ്റി ജനറേറ്ററിലൂടെ കടന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംവിധാനമാണ് റെയ്ഹാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബാറ്ററിയില്‍ ശേഖരിക്കപ്പെടുന്ന ഊര്‍ജ്ജം വീടുകള്‍ക്കാവശ്യമായ വൈദ്യുതി പ്രദാനം ചെയ്യും. നിര്‍ധനരായ നിരവധിയാളുകള്‍ക്ക് ഈ സംവിധാനം ഗുണം ചെയ്യും.

തന്റെ സംരംഭത്തിനാവശ്യമായ നിക്ഷേപം സമാഹരിക്കാനും ഇന്ത്യന്‍ വിപണിയിലേക്കു കടക്കാനും ഒരു പങ്കാളിയെ തേടിയാണ് റെയ്ഹാന്‍ ഹൈദരാബാദിലെത്തിയിരിക്കുന്നത്. ഇടത്തരം കുടുംബത്തില്‍ നിന്നും വരുന്ന ഈ പെണ്‍കുട്ടിക്ക് തന്റെ കമ്പനിയുടെ ഉപകരണം ആഗോള വിപണിയിലേക്കെത്തിക്കുന്നതിനായി ഒരു മാന്യുഫാക്ചറിംഗ് പ്ലാന്റ് സ്ഥാപിക്കാന്‍ ഏകദേശം 20,000 ഡോളര്‍ നിക്ഷേപം വേണം. റെയ്‌നെര്‍ജിയുടെ പ്രോട്ടോടൈപ്പ് ഉപകരണം നിലവില്‍ 22 എല്‍ഇഡി ലൈറ്റുകള്‍ പ്രകാശിപ്പിക്കാനുതകുന്ന 22വാട്‌സ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. നിലവിലുള്ള പീസോഇലക്ട്രിക് റെയ്ന്‍ ജനറേറ്റര്‍ 25 വാട്‌സ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ റെയ്ഹാന്റെ റെയ്‌നെര്‍ജിയുടെ പ്രോട്ടോടൈപ്പ് ഉപകരണത്തിന്റെ സാധ്യതകള്‍ വളരെ വലുതാണെന്നും റെയ്ഹാന്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: FK Special, Slider