ചെന്നൈക്ക് ദുരിതാശ്വാസ പദ്ധതി

ചെന്നൈക്ക് ദുരിതാശ്വാസ പദ്ധതി

ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ചിത്രങ്ങള്‍ സഹിതം മാധ്യമങ്ങള്‍ ചൊരിയുകയാണ്. തമിഴ്‌നാട്ടിലും കേരളത്തിലുമായി ഓഖി ചുഴലിക്കാറ്റ് ഡിസംബര്‍ ഒന്ന് വരെയുള്ള കണക്ക്പ്രകാരം 16 പേരുടെ ജീവനെടുത്തു. ഓഖി കേരളവും തമിഴ്‌നാടും ലക്ഷദ്വീപും പിന്നിട്ട് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തേയ്ക്ക് നീങ്ങുകയും ചെയ്തു. അങ്ങനെ ഓഖി ചുഴലിക്കാറ്റ് നീങ്ങിപ്പോയ വാര്‍ത്ത കേട്ടതോടെ അല്‍പം ആശ്വാസം കണ്ടെത്തിയവരുണ്ട്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ആന്‍ഡമാനു സമീപം മറ്റൊരു ഉഗ്രമായ ചുഴലിക്കാറ്റ് രൂപപ്പെടുന്നതായിട്ടാണ്. ഈ കാറ്റ് തിങ്കളാഴ്ചയോടെ ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് എത്തിച്ചേരുമെന്നും അനുമാനിക്കുന്നുണ്ട്.

തമിഴ്‌നാട് നിവാസികള്‍ക്ക് ആശങ്ക സമ്മാനിച്ചു കൊണ്ടാണു ഡിസംബര്‍ മാസം ആരംഭിക്കുന്നത്. 2015-ല്‍ ഇതുപോലൊരു ഡിസംബറിലാണു പേമാരിയും വെള്ളപ്പൊക്കവും ചെന്നൈ നഗരത്തെ ഗ്രസിച്ചത്. 2016 ഡിസംബറിലാകട്ടെ തമിഴ്‌നാടിനെ വിറപ്പിച്ചതു ചുഴലിക്കാറ്റാണ്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് (2005) നിലവില്‍ വന്നതിനു 12 വര്‍ഷങ്ങള്‍ക്കു ശേഷവും തുടര്‍ച്ചയായ രണ്ട് പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിച്ചതിനു ശേഷവും ചെന്നൈയ്ക്കു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍-2017 (സിഡിഎംപി) ഈ കഴിഞ്ഞ മാസം ലഭിക്കുകയുണ്ടായി. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനാണു (ജിസിസി) പ്ലാന്‍ തയാറാക്കിയത്. ദുരന്തങ്ങളെ അഭിമുഖീകരിക്കാനുള്ള സംവിധാനങ്ങളെ സജ്ജമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് പ്ലാനിലുള്ളത്.

മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സിഡിഎംപി എല്ലാ വര്‍ഷവും അവലോകനം ചെയ്യണമെന്നു നിര്‍ദേശിക്കുന്നുണ്ട്. ജീവിക്കാന്‍ സുരക്ഷിതമായ സ്ഥലമാണു ചെന്നൈയെന്ന് ഉറപ്പുവരുത്തുന്നതിനായി പൊതുജനങ്ങളുടെ നിര്‍ദേശങ്ങളും പ്രതികരണവും അധികാരികള്‍ക്കു സമര്‍പ്പിക്കാവുന്നതാണെന്നു പ്ലാനിന്റെ തുടക്കത്തില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്.

Comments

comments

Categories: FK Special