ബര്‍ഗര്‍ കിംഗിന്റെ വില്‍പ്പനയില്‍ 69 ശതമാനം വര്‍ധന

ബര്‍ഗര്‍ കിംഗിന്റെ വില്‍പ്പനയില്‍ 69 ശതമാനം വര്‍ധന

2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബര്‍ഗര്‍ കിംഗ് 237 കോടി രൂപയുടെ വില്‍പ്പന രേഖപ്പെടുത്തി

മുംബൈ: അമേരിക്കന്‍ ഫാസ്റ്റ്ഫുഡ് ശൃംഖലയായ ബര്‍ഗര്‍ കിംഗിന്റെ ഇന്ത്യയിലെ വില്‍പ്പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 69 ശതമാനം വര്‍ധന. വില്‍പ്പന സ്തംഭനത്തെ തുടര്‍ന്ന് മിക്ക ക്വിക് സര്‍വീസ് റെസ്റ്ററന്റുകളും (ക്യു ആര്‍ എസ്) സമ്മര്‍ദ്ദത്തെ അഭിമുഖീകരിച്ച സമയത്താണ് ബര്‍ഗര്‍ കിംഗിന്റെ നേട്ടമെന്നത് ശ്രദ്ധേയം.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബര്‍ഗര്‍ കിംഗ് രേഖപ്പെടുത്തിയത് 237 കോടി രൂപയുടെ വില്‍പ്പനയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് വരെ തുറക്കപ്പെട്ട 88 ഔട്ട്‌ലറ്റുകളില്‍ ഓരോന്നില്‍ നിന്നും ശരാശരി 2.7 കോടി രൂപയുടെ വില്‍പ്പന കമ്പനി സ്വന്തമാക്കി. ബര്‍ഗര്‍ കിംഗിന്റെ പ്രധാന എതിരാളി വെസ്റ്റ്‌ലൈഫ് ഡെവലപ്പ്‌മെന്റ് ഓരോ ഔട്ട്‌ലറ്റില്‍ നിന്നും ശരാശരി 3.6 കോടി രൂപയുടെ വില്‍പ്പനയാണ് ഇതേ കാലയളവില്‍ നേടിയെടുത്തത്. ഡോമിനോസ് പിസ, ഡണ്‍കിന്‍ ഡോനട്ട്‌സ് എന്നിവയുടെ ഫ്രാഞ്ചൈസിയായ ജൂബിലന്റ് ഫുഡ്‌വര്‍ക്‌സിനെ ഇക്കാര്യത്തില്‍ ബര്‍ഗര്‍ കിംഗ് പിന്തള്ളി. ഓരോ ഔട്ട്‌ലറ്റില്‍ നിന്നും 2.1 കോടി രൂപ വീതമേ ജൂബിലന്റിന് ലഭിച്ചുള്ളൂ.

മാര്‍ച്ച് വരെ തുറക്കപ്പെട്ട 88 ഔട്ട്‌ലറ്റുകളില്‍ ഓരോന്നില്‍ നിന്നും ശരാശരി 2.7 കോടി രൂപയുടെ വില്‍പ്പന കമ്പനി സ്വന്തമാക്കി

അതേസമയം, ഒരു വര്‍ഷം മുന്‍പുള്ള 38 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ബര്‍ഗര്‍ കിംഗിന്റെ നഷ്ടം കഴിഞ്ഞ ധനകാര്യ വര്‍ഷത്തില്‍ 62 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ 100 സ്റ്റോറുകള്‍ ബര്‍ഗര്‍ കിംഗിനുണ്ട്. സ്‌റ്റോര്‍, കമ്പനി ലെവലുകള്‍ ഇപ്പോള്‍ ലാഭകരമാണെന്ന് ബര്‍ഗര്‍ കിംഗ് അവകാശപ്പെടുന്നു.
പ്രധാനമായും മൂന്നു കാരണങ്ങള്‍ കൊണ്ടാണ് വില്‍പ്പന വര്‍ധിച്ചതെന്ന് ബര്‍ഗര്‍ കിംഗ് ഇന്ത്യയുടെ സിഇഒ രാജീവ് വര്‍മന്‍ പറഞ്ഞു. ആരോഗ്യകരമായ ഇന്ത്യന്‍ സ്‌റ്റൈലിലെ തന്തൂര്‍ മാതൃകയില്‍ തങ്ങളുടെ എല്ലാ ബര്‍ഗറുകളും ഗ്രില്‍ഡാണെന്നും കുറഞ്ഞ അടിസ്ഥാന വിലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മറ്റു ക്യു ആര്‍ എസുകളെ അപേക്ഷിച്ച് വിപുലമായ വെജിറ്റബിള്‍ മെനുവാണ് മുന്നില്‍വയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൂപ്പര്‍ ബര്‍ഗറുകള്‍ക്ക് പ്രസിദ്ധമായ ബര്‍ഗര്‍ കിംഗ് 2014 നവംബറിലാണ് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചത്. വില്‍പ്പനയിടിവ് കാരണം മിക്ക ക്യു ആര്‍ എസ് റെസ്റ്ററന്റുകളും വെല്ലുവിളി നേരിട്ട സമയമായിരുന്നു അത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നേരിയ തോതിലെ തിരിച്ചുവരവുണ്ടായെങ്കിലും വിപണിയില്‍ പ്രതിസന്ധികള്‍ ഇപ്പോഴും തുടരുന്നു. 2016 നവംബറില്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ പ്രതിസന്ധിക്ക് ആക്കം കൂട്ടി. 65 വര്‍ഷത്തെ പാരമ്പര്യമുള്ള ബര്‍ഗര്‍ കിംഗിന് ഇന്ത്യയില്‍ എവര്‍‌സ്റ്റോണ്‍ കാപ്പിറ്റലുമായി പങ്കാളിത്തമുണ്ട്. വെന്‍ഡീസ്, ജോണി റോക്കറ്റ്‌സ് തുടങ്ങിയ ആഗോള റെസ്റ്ററന്റ് ശൃംഖലകളും മേഖലയിലേക്ക് പ്രവേശിച്ചിരുന്നു.

Comments

comments

Categories: Business & Economy