കൗമാരക്കാരില്‍ ആസ്തമ പടരുന്നു

കൗമാരക്കാരില്‍ ആസ്തമ പടരുന്നു

കൊച്ചി : 18 വയസില്‍ താഴെയുള്ള 7.1 ദശലക്ഷം പേര്‍ ആസ്തമ രോഗബാധിതരാണെന്ന് അമേരിക്കന്‍ ലംഗ് അസോസിയേഷന്‍. ലോകത്തിലെ ഏറ്റവും സാധാരണവും പഴക്കം ചെന്നതുമായ രോഗമാണ് ആസ്തമ.
ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസിന്റെ പഠനം അനുസരിച്ച്, ആസ്തമ മൂലം നഷ്ടപ്പെടുന്ന ഡിസബിലിറ്റി അഡ്ജസ്റ്റഡ് ലൈഫ് ഇയേഴ്‌സ് (ഡിഎഎല്‍വൈ) 13.8 ദശലക്ഷം ആണ്. ശീതകാലത്ത് കടുത്ത ദുരിതം അനുഭവിക്കുന്ന ആസ്തമ രോഗികളുടെ എണ്ണം 300 ദശലക്ഷം വരും.

ശൈത്യകാലത്ത് ആസ്തമ രോഗികള്‍ക്കുണ്ടാകുന്ന ശാരീരിക വിഷമതകള്‍ നിയന്ത്രിക്കാന്‍ ഇന്‍ഹേലേഷന്‍ തെറാപ്പിയാണ് ഏറ്റവും കാര്യക്ഷമമെന്ന് ആരോഗ്യ വിദഗ്ധര്‍. വായിലൂടെ കഴിക്കുന്ന മരുന്നുകളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും കാര്യക്ഷമത ഏറിയതും ലളിതവുമായ ചികിത്സാ രീതിയെന്ന് ലോകം അംഗീകരിച്ചിട്ടുള്ളത് ഇന്‍ഹേലേഷന്‍ തെറാപ്പിയാണെന്ന് എറണാകുളം ലിസി ആശുപത്രിയിലെ പള്‍മനോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എ ആര്‍ പരമേഷ്, ആസ്റ്റര്‍ മെഡിസിറ്റി പള്‍മനോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജേക്കബ് ബേബി എന്നിവര്‍ വ്യക്തമാക്കി.

ശ്വാസനാളത്തിലേക്ക് കോര്‍ടികോസ്റ്റിറോയ്ഡ് കടത്തിവിടുന്ന ഇന്‍ഹേലര്‍ പമ്പാണ്, ഇന്‍ഹേലേഷന്‍ തെറാപ്പിയുടെ പ്രധാന ഘടകം. ഇന്‍ഹേലേഷന്‍ തെറാപ്പിയില്‍ വളരെ കുറഞ്ഞ അളവില്‍ അതായത് 25 മുതല്‍ 100 മൈക്രോഗ്രാം വരെ കോര്‍ടിസ്റ്റിറോയ്ഡ് മാത്രമാണ് ഉപയോഗിക്കുന്നത്. ഇന്‍ഹേലേഷന്‍ തെറാപ്പിയെ അപേക്ഷിച്ച് 200 ഇരട്ടി അളവ് മരുന്നാണ് ഗുളികകള്‍ ഖവിക്കുമ്പോള്‍ ശരീരത്തിലെത്തുന്നത്. ഇതില്‍ തന്നെ ഒരു ഭാഗം മാത്രമേ ശ്വാസകോശത്തില്‍ എത്തൂ. മരുന്നിന്റെ അളവ് കൂടുന്നതിന് ആനുപാതികമായി ഇതിന്റെ പാര്‍ശ്വഫലങ്ങളും കൂടുതലായിരിക്കും.

പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നതും അതിവേഗത്തില്‍ ആശ്വാസം നല്‍കുമെന്നതും ഇന്‍ഹലേഷന്‍ തെറാപ്പിയുടെ പ്രത്യേകതയാണെന്ന് തിരുവനന്തപുരം കിംസ് ആശുപത്രി പ്രൊഫസറും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.കേശവന്‍ നായര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അഡീഷണല്‍ പ്രൊഫസര്‍ ഡോ.ജയപ്രകാശ് എന്നിവര്‍ പറഞ്ഞു.

സ്റ്റിറോയ്ഡ് എന്ന വാക്കാണ് പലപ്പോഴും രോഗികളുടെ മനസില്‍ ആശങ്കയുണ്ടാക്കുകയും ഇന്‍ഹലേഷന്‍ തെറാപ്പിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത്. ശരീരത്തില്‍ പ്രകോപനങ്ങളുണ്ടാകുമ്പോള്‍ സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാണ് സ്റ്റിറോയ്ഡുകള്‍. അതിനാല്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വരെ ഇത് സുരക്ഷിതമായി ഉപയോഗിക്കാം. ഉത്തേജനമുണ്ടാക്കുന്ന ചില അവസ്ഥകളോടുള്ള ശ്വാസനാളത്തിന്റെ അമിത പ്രതികരണമാണ് ആസ്തമ. തണുത്ത കാലാവസ്ഥ ആസ്തമ രോഗികള്‍ക്ക് ഒട്ടും അനുയോജ്യമല്ല.
ശ്വാസനാളത്തിന്റെ ഉള്‍ഭാഗം വീര്‍ത്ത് തടിക്കുന്നതുമൂലം ശ്വാസനാളത്തിലൂടെയുള്ള വായുസഞ്ചാരത്തിന് വിഷമം നേരിടുന്നതും കഫം മൂലം മൂക്ക് അടയുകയും ചെയ്യുന്നത് മൂലമാണ് ആസ്തമ രോഗികള്‍ക്ക് കൂടുതല്‍ ശക്തിയെടുത്ത് ശ്വാസോഛ്വാസം നടത്തേണ്ടിവരുന്നത്.

ആസ്തമ രോഗത്തിന്റെ കാരണങ്ങളെയും ചികിത്സാ രീതികളെയും കുറിച്ച് പല രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തെറ്റിധാരണകളാണുള്ളത്. മത്സ്യം വിഴുങ്ങല്‍, യോഗ, ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ എന്നിവയെക്കൊണ്ട് ആസ്തമ ഭേദമാക്കാം എന്നത് തെറ്റായ ധാരണകളാണ്. ഈ സാഹചര്യത്തില്‍ ആസ്തമയെയും അതിനുള്ള ചികിത്സയെയും പാര്‍ശ്വഫലങ്ങള്‍ കുറവായ കോര്‍ടികോസ്റ്റിറോയ്ഡ് ഇന്‍ഹേലേഷന്‍ തെറാപ്പിയെയും കുറിച്ച് രോഗികളെയും രോഗികള്‍ക്ക് പരിചരണം നല്‍കുന്നവരെയും ബോധവല്‍ക്കരിക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. പരമേഷും ഡോ. ജേക്കബ്
ബേബിയും, ഡോ. ജയപ്രകാശും പറഞ്ഞു.

Comments

comments

Categories: More