എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എഐ സാറ്റ്‌സ് എന്നിവയും വില്‍പ്പനയുടെ ഭാഗമാകും

എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എഐ സാറ്റ്‌സ് എന്നിവയും വില്‍പ്പനയുടെ ഭാഗമാകും

ഇന്‍ഡിഗോ മാത്രമാണ് ഇതുവരെ ഔദ്യോഗികമായി എയര്‍ഇന്ത്യയില്‍ താല്‍പ്പര്യം അറിയിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ ഉപ കമ്പനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും ഐ സാറ്റ്‌സിനെയും ഉള്‍പ്പെടുത്തും. ഇവയ്‌ക്കൊപ്പം പ്രധാന വ്യോമയാന ആസ്തികളും വില്‍പ്പനയുടെ ഭാഗമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സിംഗപ്പൂര്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ സര്‍വീസസു(സാറ്റ്‌സ്)മായുള്ള ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സംയുക്ത സംരംഭമായാണ് എഐ സാറ്റ്‌സ് പ്രവര്‍ത്തിക്കുന്നത്. എയര്‍ ഇന്ത്യയുടെ മുംബൈയിലുള്ള കെട്ടിടവും മറ്റ് ഓഫീസുകളും ഉള്‍പ്പെടെയുള്ള നോണ്‍ കോര്‍ ആസ്തികള്‍ ഈ വില്‍പ്പനയുടെ ഭാഗമാകില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

എയര്‍ക്രാഫ്റ്റ്, എയര്‍പോര്‍ട്ട് സ്ലോട്ടുകള്‍, വിവിധ രാജ്യങ്ങളില്‍ സേവനം നടത്തുന്നതിനുള്ള അവകാശങ്ങള്‍ എന്നിവയാണ് കോര്‍ ഏവിയേഷന്‍ ആസ്തികളില്‍ ഉള്‍പ്പെടുന്നത്. എയര്‍ ഇന്ത്യയുടെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഉപ കമ്പനികളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസും, എഐ സാറ്റ്‌സും. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പൂര്‍ണ ഉടമസ്ഥാവകാശമാണ് കമ്പനിക്കുള്ളത്. എന്നാല്‍ എഐ സാറ്റ്‌സില്‍ എയര്‍ ഇന്ത്യയ്ക്ക് 50 ശതമാനവും സാറ്റ്‌സിന് 50 ശതമാനവും ഉടമസ്ഥാവകാശമാണുള്ളത്. എയര്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസും എയര്‍ ഇന്ത്യ എന്‍ജിനിയറിംഗ് സര്‍വീസസും പിന്നീട് പ്രത്യേകമായി വില്‍ക്കും. എയര്‍ ഇന്ത്യയുടെ തന്ത്രപരമായ വിറ്റഴിക്കലിന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ചിരിക്കുന്ന സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്.

നിലവില്‍ 52,000 കോടി രൂപയുടെ മൊത്തം കടമാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. 44 വിദേശ ഡെസ്റ്റിനേഷനുകളിലേക്കും 72 ആഭ്യന്തര ഡെസ്റ്റിനേഷനുകളിലേക്കും എയര്‍ ഇന്ത്യ സേവനം നടത്തുന്നുണ്ട്. ജൂണ്‍ മാസത്തിലാണ് എയര്‍ ഇന്ത്യയുടെ തന്ത്രപരമായ വില്‍പ്പനയ്ക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്. എയര്‍ ഇന്ത്യയെ വാങ്ങുന്നതിനുള്ള താല്‍പ്പര്യം ഔദ്യോഗികമായി അറിയിച്ച ഒരേയൊരു വിമാനക്കമ്പനി ഇന്‍ഡിഗോയാണ്. വിമാനക്കമ്പനികളായ വിസ്താരയിലും എയര്‍ ഏഷ്യയിലും ഓഹരി പങ്കാളിത്തമുള്ള ടാറ്റ ഗ്രൂപ്പും എയര്‍ ഇന്ത്യ വാങ്ങലില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബേഡ് ഗ്രൂപ്പ്, സെലെബി കമ്പനികളും എയര്‍ ഇന്ത്യ ബിസിനസിന്റെ ഭാഗാമാകാന്‍ താല്‍പ്പര്യമുള്ളവരാണ്.

Comments

comments

Categories: More