തേന്‍ കിനിയുന്ന താഴ്‌വാരം

തേന്‍ കിനിയുന്ന താഴ്‌വാരം

കശ്മീരിലെ തേനീച്ചക്കര്‍ഷകര്‍ക്ക് വേണ്ടത് വിദഗ്ധ പരിശീലനവും സാങ്കേതിക സഹായവും

ഒരു സര്‍ക്കാരുദ്യോഗസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തികച്ചും സ്വതന്ത്രയാണെന്നതിലാണ് കശ്മീരി സംരംഭക തൗസീഫ റിസ്‌വി അഭിമാനിക്കുന്നത്. തേന്‍ വിപണനം നടത്തുന്ന കശ്മീര്‍ വാലി അഗ്രോ ഇന്‍ഡസ്ട്രി (കെവിഎഐ) എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അവര്‍. ബന്ദിപ്പോര ജില്ലയിലെ ഷലര്‍ ഗ്രാമത്തിലാണ് അവരുടെ തേനീച്ചക്കൃഷി. ബിസിനസുകാരിയാകുകയെന്ന സ്വപ്‌നസാഫല്യം കൈവരിക്കാനിടയാക്കിയത് തേനീച്ചകളാണെന്ന് അവര്‍ പറയുന്നു. ഭര്‍ത്താവ് പര്‍വേസാണ് കമ്പനിയുടെ പ്രൊഡക്ഷന്‍ മാനേജര്‍. രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ തേന്‍ വിതരണം നടത്തുന്ന കമ്പനിയാണ് കെവിഎഐ. തേനീച്ചവളര്‍ത്തലിനെന്നല്ല, ഏതു കൃഷിക്കും അനുകൂലമായ വിഭവസമൃദ്ധമായ മണ്ണാണ് ഇന്ത്യയുടെ പൂന്തോട്ടമായ കശ്മീരിന്റേത്. പൂവില്‍ നിന്നു മധുപാനം ചെയ്യുന്ന തേനീച്ചകളുടെ വലിയ സമൂഹം സുലഭമായിരുന്ന താഴ്‌വരയാണിത്. തേനീച്ചവളര്‍ത്തലിന് കൃഷിവകുപ്പിന്റെ വലിയ പ്രോല്‍സാഹനവുമുണ്ട്. ഇതിന്റെ ഫലം കൊയ്യുന്നത് ഇവിടത്തെ കര്‍ഷകരാണ്. ഇരുകൂട്ടരുടെയും സഹകരണത്തോടെ തേന്‍ സംസ്‌കരണയൂണിറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു.

തേനീച്ചക്കോളനികള്‍ സുലഭമായ പ്രദേശമാണ് ഷലര്‍. എന്തുകൊണ്ട് തേന്‍സംസ്‌കരണം വലിയ അളവില്‍ നടത്തിക്കൂടായെന്ന ചിന്തയില്‍ നിന്നാണ് സ്ഥാപനം തുടങ്ങിയതെന്ന് തൗസീഫ പറയുന്നു. ഭര്‍ത്താവിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിനും സമ്മതം. അങ്ങനെ 10 വര്‍ഷം മുമ്പ് അവര്‍ ഒരു വായ്പ സമ്പാദിച്ച്, വലിയൊരു പ്ലാന്റ് നിര്‍മിച്ചു. പ്രതിദിനം മൂന്നു ടണ്‍ തേന്‍ സംസ്‌കരിച്ചെടുക്കാവുന്ന പ്ലാന്റാണിത്. ഇന്ന് അവര്‍ മാന്യമായ വരുമാനം ബിസിനസിലൂടെ നേടുന്നു. കുടുംബച്ചെലവുകളും മക്കളുടെ വിദ്യാഭ്യാസവുമെല്ലാം ഇതില്‍ നിന്നുള്ള വിറ്റുവരവ് കൊണ്ടാണ് അടച്ചു തീര്‍ക്കുന്നത്. തൗസീഫയുടെ വിജയം കണ്ട് മറ്റനേകം പേര്‍ തേന്‍സംസ്‌കരണ ബിസിനസിലേക്കു തിരിഞ്ഞിട്ടുണ്ട്. ഗുലാം മൊഹമ്മദ് ഭട്ട് അവരിലൊരാളാണ്. അഞ്ച് തേനീച്ചക്കോളനികള്‍ സബ്‌സിഡി നിരക്കില്‍ 2015-ല്‍ സര്‍ക്കാരില്‍ നിന്നു വാങ്ങിയ അദ്ദേഹത്തിന് ഇന്ന് 20 കോളനികളുണ്ട്. ഏപ്രിലില്‍ കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ചില കോളനികള്‍ നശിച്ചു പോയെങ്കിലും സാമ്പത്തിക നേട്ടം കൈവരിക്കാനായെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 20,000 രൂപയാണ് അദ്ദേഹത്തിന്റെ വാര്‍ഷികലാഭം.

കൂടുതല്‍ തേനീച്ചക്കോളനികള്‍ ഉണ്ടാക്കണമെന്നാണ് അതിയായി ആഗ്രഹിക്കുന്നതെന്ന് ഭട്ട് പറയുന്നു. കൂടുതല്‍ കോളനികള്‍ ഉണ്ടാക്കാനായാല്‍ തണുപ്പു കാലത്ത് താഴ്‌വരയില്‍ നിന്ന് പുറത്തു പോകാനാണ് താല്‍പ്പര്യപ്പെടുക. ലോറിക്കണക്കിനു കൂടുകള്‍ ഉഷ്ണപ്രദേശങ്ങളിലെത്തിക്കാന്‍ ശ്രമിക്കും. ഇത് കൂടുതല്‍ തേന്‍ ഉല്‍പ്പാദനം സാധ്യമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കശ്മീരിലെ മിക്കവാറും തേനീച്ചക്കര്‍ഷകര്‍ ശിശിരകാലത്ത് ജമ്മു, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് കൃഷി മാറ്റാറുണ്ട്. വടക്കന്‍ കുപ്‌വാരയിലെ ഗുല്‍ഗാം ഗ്രാമത്തില്‍ നിന്നുള്ള 12-ലധികം കര്‍ഷകര്‍ രാജസ്ഥാനിലേക്കും ഗുജറാത്തിലേക്കും മാറിയിട്ടുണ്ട്. ഇത്തരം മാറ്റം തങ്ങള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കിത്തരുന്നുണ്ടെന്ന് അവരിലൊരാളായ മൊഹമ്മദ് യാസന്‍ വ്യക്തമാക്കുന്നു. ഇത് അധികഉല്‍പ്പാദനം ഉണ്ടാക്കുകയും തേനീച്ചകളെ ആരോഗ്യമുള്ളവയാക്കി സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യുന്നു. 140 തേനീച്ചക്കൂടുകളാണ് യാസിനുള്ളത്.

തേനീച്ചക്കൃഷി ചിലരുടെ മുറിവില്‍ തേന്‍ പുരട്ടി സാന്ത്വനിപ്പിച്ചതിനും താഴ്‌വാരം സാക്ഷിയാണ്. ശ്രീനഗര്‍ ഡൗണ്‍ ടൗണ്‍ സ്വദേശിനി സംറൂദ ഖാന്‍ നേരിട്ട വെല്ലുവിളികള്‍ ഒരു സ്ത്രീക്ക് സംഭവിക്കാവുന്നതിന്റെ പരമാവധിയാണ്. അവിചാരിതമായി കടന്നു വന്ന സ്തനാര്‍ബുദവും തുടര്‍ന്നുണ്ടായ വിവാഹമോചനവും തളര്‍ത്തിയ ഈ സ്വകാര്യസ്‌കൂള്‍ അധ്യാപികയ്ക്ക് അത്താണിയായത് തേനീച്ചക്കൃഷിയാണ്. പുതിയ കര്‍മ്മരംഗത്ത് വ്യാപൃതയായതോടെ ജീവിതത്തിലെ അശുഭമുഹൂര്‍ത്തങ്ങള്‍ക്കൊന്നിനും അവരെ പിന്തിരിക്കാനായില്ല. തന്നെ ബാധിച്ച പ്രശ്‌നങ്ങളില്‍ നിന്ന് അവര്‍ മോചിതയാകുകയും ഇന്ന് സംരംഭകയായി മെച്ചപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്നു. അധ്യാപകജീവിതത്തില്‍ നിന്ന് ജീവിക്കാനാവശ്യമായ തുകപോലും കിട്ടാന്‍ പ്രയാസമാണെന്ന് അവര്‍ നേരത്തേ മനസിലാക്കിയിരുന്നു. അധികവരുമാനം നേടാതെ ജീവിതം മുമ്പോട്ടു കൊണ്ടു പോകാനാകില്ലെന്ന സത്യം അവരെ സംരംഭകയാകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

സംറൂദയുടെ പിതാവ് മികച്ചൊരു തേനീച്ചക്കര്‍ഷകനായിരുന്നു. അദ്ദേഹത്തില്‍ നിന്നു പഠിച്ചെടുത്ത കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുറച്ച താന്‍ പിന്നീട് സമയം പാഴാക്കാതെ തേനീച്ചവളര്‍ത്തലിലേക്കു തിരിഞ്ഞുവെന്ന് അവര്‍ പറയുന്നു. 2003-ല്‍ അവര്‍ ചെറിയ നിലയില്‍ സംരംഭം തുടങ്ങി. കൃഷിവകുപ്പ് തുടര്‍പരിശീലനം നല്‍കി ഒപ്പമുണ്ടായിരുന്നു. സംതൃപ്തി നല്‍കിയ ജോലിയുമായി പെട്ടെന്ന് ഇണങ്ങിച്ചേരുകയായിരുന്നു സംറൂദ. പ്രകൃതി നല്‍കിയ വരദാനങ്ങളായ ഈ തേനീച്ചകളുടെ കൂടെയുള്ള ജീവിതം അത്രയ്ക്ക് ഇഷ്ടപ്പെടുന്നുവെന്ന് അവര്‍ പറയുന്നു. രണ്ടു കുട്ടികളുടെ അമ്മയായ അവരെ സംബന്ധിച്ചിടത്തോളം ഇത് ചെറിയ കാര്യമല്ല, മക്കളെ പോറ്റാനും മരുന്നു വാങ്ങാനും പണം കണ്ടെത്താന്‍ വിഷമിച്ച ഇരുണ്ട കാലത്തില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള മോചനമാണ്. സീസണില്‍ 100 കിലോ വരെ തേന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട് അവര്‍. ഭാവിയില്‍ സംസ്‌കരണശാല സ്ഥാപിക്കുമെന്ന് അവര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഈ ജോലി തനിക്ക് സര്‍വ്വസ്വമാണെന്ന് സംറൂദ പറയുന്നു.

കര്‍ഷകര്‍ക്കു സദാ താങ്ങും തണലുമായി നില്‍ക്കുന്ന കൃഷിവകുപ്പ് മൂല്യവര്‍ധനയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കുമായി നിരവധി പുതുമാര്‍ഗങ്ങള്‍ അവലംബിക്കുന്നു. തേനീച്ചകളെ പരാഗണത്തിന്റെ ഏജന്റുകളായാണ് വകുപ്പ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് കശ്മീര്‍ കൃഷിവകുപ്പ് ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ഫാറൂഖ് അഹമ്മദ് ഷാ പറയുന്നു. ഇവ പ്രത്യുല്‍പ്പാദനം മാത്രമല്ല നടത്തുന്നത്, തേനുല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ന് ഈ വ്യവസായം വെല്ലുവിളി നേരിടുന്നു. രണ്ടര ദശകമായി തേനീച്ചകളെ തിന്നൊടുക്കുന്ന പുഴുവാക്രമണം താഴ്‌വരയില്‍ ഇപ്പോള്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു. ഇതു തേനീച്ചക്കൃഷിയെ മുച്ചൂടും നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. തേനീച്ചകളെ കിട്ടാതായതോടെ യൂറോപ്പില്‍ നിന്ന് അവയെ എത്തിച്ചാണ് കൃഷി ചെയ്യുന്നത്. ഏഷ്യയില്‍ കാണപ്പെടുന്ന എപിസ് സെറാന വിഭാഗം തേനീച്ചകളാണ് കശ്മീരില്‍ സുലഭമായി കണ്ടിരുന്നത്. രോഗം മൂലം ഇവ വംശനാശത്തിനോട് അടുത്തതോടെ എപിസ് മെല്ലിഫെറ എന്ന യൂറോപ്യന്‍ ഇനത്തെയാണ് ഇന്ന് വ്യാപകമായി കൃഷിക്കുപയോഗിക്കുന്നത്.

1982-ലാണ് കശ്മീരില്‍ തേനീച്ചക്കൃഷി ആദ്യമായി വലിയൊരു തിരിച്ചടി നേരിട്ടത്. 2005- 06 വര്‍ഷത്തില്‍ രോഗം വീണ്ടും താണ്ഡവമാടി. 80 ശതമാനം തേനീച്ചക്കൃഷിയും നശിച്ചു. എന്നാല്‍ അടുത്തിടെ വ്യവസായം തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്നിവിടെ 35,000 തേനീച്ചക്കോളനികളും 1,484 റജിസ്റ്റര്‍ ചെയ്ത കൃഷിക്കാരുമുണ്ട്. 120,000 പാടങ്ങള്‍ക്കു കൂടി താഴ്‌വരയില്‍ ഇനിയും ഇടമുണ്ടെന്നാണ് വിദഗ്ധമതം. 161,682 ഹെക്റ്റര്‍ പ്രദേശം കൃഷി വകുപ്പിനു കീഴില്‍ത്തന്നെയുണ്ട്

1982-ലാണ് ആദ്യമായി തേനീച്ചക്കൃഷി വലിയൊരു തിരിച്ചടി നേരിട്ടതെന്ന് ഫാറൂഖ് അഹമ്മദ് പറയുന്നു. അന്ന് എപിസ് സെറാന വിഭാഗം താഴ്‌വരയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടു. അന്ന് എപിസ് മെല്ലിഫെറയെ എത്തിച്ചാണ് ഇവിടെ വ്യവസായം പുനരുജ്ജീവിപ്പിച്ചത്. എന്നാല്‍ 2005- 06 വര്‍ഷത്തില്‍ രോഗം വീണ്ടും താണ്ഡവമാടി. 80 ശതമാനം തേനീച്ചക്കൃഷിയും നശിച്ചു. എന്നാല്‍ അടുത്തിടെ വ്യവസായം തിരിച്ചുവരവിന്റെ പാതയിലാണ്. സാങ്കേതികത വിദ്യയുടെയും കീടനാശിനികളുടെയും സഹായത്തോടെയാണ് ഇതു സാധ്യമായത്. കശ്മീരില്‍ ഇന്ന് 35,000 തേനീച്ചക്കോളനികളും 1,484 റജിസ്റ്റര്‍ ചെയ്ത കൃഷിക്കാരുമുണ്ട്. 120,000 പാടങ്ങള്‍ക്കു കൂടി താഴ്‌വരയില്‍ ഇനിയും ഇടമുണ്ടെന്നാണ് വിദഗ്ധമതം. 161,682 ഹെക്റ്റര്‍ പ്രദേശം കൃഷി വകുപ്പിനു കീഴില്‍ത്തന്നെയുണ്ട്. നെല്‍ക്കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍ ഫലവര്‍ഗകൃഷികളിലേക്കു തിരിഞ്ഞതോടെ കൃഷിയിടത്തിന്റെ ലഭ്യത വര്‍ഷം തോറും കൂടിക്കൊണ്ടിരിക്കുകയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഫാറൂഖിന്റെ അഭിപ്രായത്തില്‍ മികച്ച രീതിയിലുള്ള തേനുല്‍പ്പാദനത്തിന് ഒരു കര്‍ഷകന്‍ മൂന്നു തേനീച്ചക്കോളനികളെങ്കിലും സജ്ജീകരിക്കണമത്രെ. ആയിരക്കണക്കിന് ഹെക്റ്ററോളം പരന്നു കിടക്കുന്ന പാടങ്ങളില്‍ തേനീച്ചക്കൃഷികള്‍ക്കുള്ള സാധ്യത ചൂഷണം ചെയ്യാന്‍ ആളുകള്‍ സന്നദ്ധരായാല്‍ മാത്രം മതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തേനുല്‍പ്പാദനം കൂട്ടാന്‍ പക്ഷേ കൃഷിക്കാര്‍ മാത്രം മുമ്പോട്ടു വന്നാല്‍ പോരാ. സര്‍ക്കാരിനും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. കര്‍ഷകര്‍ക്ക് വിദഗ്ധ പരിശീലനം ലഭിക്കുന്നില്ലെന്നതാണ് ഈ മേഖല നേരിടുന്ന പ്രധാന പ്രശ്‌നം. രോഗ- കീട ബാധകള്‍ ശാസ്ത്രീയമായി നിയന്ത്രിക്കാനുള്ള സങ്കേതങ്ങളുടെ അപര്യാപ്തതയും ഇവരെ ബുദ്ധിമുട്ടിക്കുന്നു. സര്‍ക്കാര്‍ ഇതിനു പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങിയാല്‍ അതിജീവനത്തിനു ശ്രമിക്കുന്ന ഈ കര്‍ഷകര്‍ക്ക് അത് വലിയൊരു ആശ്വാസമാകും.

തേനീച്ചക്കോളനികള്‍

തേനീച്ചവളര്‍ത്തലില്‍ വളരെ പ്രാധാന്യമുള്ളവയാണ് തേനീച്ചക്കോളനികള്‍. സമൂഹമായി ജീവിക്കുന്ന പ്രാണികളാണ് തേനീച്ചകള്‍. സാമൂഹ്യജീവിതത്തിനു വേണ്ട ആശയവിനിമയം, പാര്‍പ്പിടമൊരുക്കല്‍- ഇവിടെയിത് സങ്കീര്‍ണമായ കൂടൊരുക്കലാണ്, പ്രതിരോധം, തൊഴില്‍ വിഭജനം എന്നിവയെല്ലാം ഇവയ്ക്കിടയിലുണ്ട്. ഒരിടത്ത് അധിനിവേശമുറപ്പിച്ച് സാമൂഹ്യജീവിതമാരംഭിക്കുന്നതിനാല്‍ കോളനീകരണമെന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. തേനീച്ചക്കൃഷിയില്‍ തേനുല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ അടിസ്ഥാന അംഗങ്ങളുള്ള കൂടുകളായി വേര്‍തിരിച്ചാണ് ഇവയെ സംരക്ഷിക്കുന്നത്. ഈ കൂടുകളെ കോളനികളെന്നു വിശേഷിപ്പിക്കുന്നു. സമൂഹത്തില്‍ നിന്നു വേര്‍പെട്ട് ഒറ്റയ്ക്കുള്ള ജീവിതം തേനീച്ചകള്‍ക്കു സാധ്യമല്ല.

ഒരു തേനീച്ചക്കോളനിയില്‍ അടിസ്ഥാനപരമായി മൂന്നിനം തേനീച്ചകളാണ് ഉണ്ടാകേണ്ടത്- റാണി, ആണ്‍തേനീച്ചകള്‍, വേലക്കാര്‍. ഒരു കോളനിയില്‍ ഒരു റാണി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. നൂറുകണക്കിന് ആണുങ്ങളും ആയിരക്കണക്കിന് വേലക്കാരും ഉണ്ടായിരിക്കും. ആണ്‍ തേനീച്ചകളെ ആകര്‍ഷിക്കലും പ്രത്യുല്‍പ്പാദനവുമാണ് റാണിയുടെ കടമ. വസന്തവും വേനലാരംഭവുമാണ് പ്രജനനകാലം. താരതമ്യേന റാണിയെക്കാളും വേലക്കാരെക്കാളും വലുപ്പമുള്ള ആണ്‍ തേനീച്ചകള്‍ക്ക് കൊമ്പും പൂമ്പൊടിസഞ്ചിയും കൊഴുപ്പ് ഗ്രന്ഥികളും ഉണ്ടായിരിക്കില്ല. ഭക്ഷണത്തിന് വേലക്കാരെ ആശ്രയിക്കുന്ന ഇവ മഞ്ഞുകാലത്ത് പട്ടിണിയാകുന്നു. അവരുടെ ഏകകര്‍ത്തവ്യം റാണിയെ ഗര്‍ഭിണിയാക്കുക മാത്രമാണ്. ഭോഗം കഴിഞ്ഞ് അധികം വൈകാതെ അവ ചാകുകയും ചെയ്യുന്നു. 40-60 ദിവസം വരെയേ ഇവ ജീവിച്ചിരിക്കുകയുള്ളൂ.

കൂടുതല്‍ തേനീച്ചേക്കോളനികള്‍ ഉണ്ടാക്കാനായാല്‍ തണുപ്പു കാലത്ത് താഴ്‌വരയില്‍ നിന്ന് പുറത്തു പോകാനാണ് കര്‍ഷകര്‍ താല്‍പ്പര്യപ്പെടുക. ലോറിക്കണക്കിനു കൂടുകള്‍ ഉഷ്ണപ്രദേശങ്ങളിലെത്തിക്കാന്‍ ശ്രമിക്കും. ഇത് കൂടുതല്‍ തേന്‍ ഉല്‍പ്പാദനം സാധ്യമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കശ്മീരിലെ മിക്കവാറും തേനീച്ചക്കര്‍ഷകര്‍ ശിശിരകാലത്ത് ജമ്മു, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് കൃഷി മാറ്റാറുണ്ട്

കോളനിയുടെ നിലനില്‍പ്പ് തന്നെ റാണിമാരെ ആശ്രയിച്ചാണ്. മൂന്നു വര്‍ഷം വരെയാണ് ഇവയുടെ ആയുസ്. പ്രജനനകാലത്ത് അവ പ്രതിദിനം 1,500 മുട്ടകളിടുന്നു. ബീജ സങ്കലനം നടന്ന മുട്ടകളില്‍ നിന്ന് പെണ്‍ ഈച്ചകളും അല്ലാത്തവയില്‍ നിന്ന് ആണ്‍ ഈച്ചകളും ഉണ്ടാകുന്നു. റാണിക്കു പ്രായമാകുന്നതോടെ പുതിയ റാണിയെ വളര്‍ത്താനുള്ള അറ കെട്ടി അതില്‍ മുട്ടയിടുന്നു. മുട്ട വിരിയുന്നതോടെ വേലക്കാരുടെ തലയിലെ പ്രത്യേക ഗ്രന്ഥിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന റോയല്‍ ജെല്ലി കൊടുത്ത് രാജകുമാരിയെ ഊട്ടുന്നു. ഇതോടെ റാണി ഏതാനും വേലക്കാരുമായി കൂടുവിടുന്നു.

റാണിയും വേലക്കാരും തമ്മിലുള്ള ആശയവിനിമയത്തിലൂടെ കോളനിയുടെ സാമൂഹ്യഘടന ശക്തമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വേലക്കാരാണ് കൂടുനിര്‍മാണത്തിലും ഭക്ഷണ ശേഖരണത്തിലും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും ഒത്തുപ്രവര്‍ത്തിക്കുന്നത്. അതിജീവനവും പ്രത്യുല്‍പ്പാദനവുമെല്ലാം കൂട്ടായിത്തന്നെ. ഇവയുടെ സഹായത്തോടെയാണ് തേനുല്‍പ്പാദനം സുഗമമാകുന്നത്. ഒരു കോളനിയിലെ പരമാവധി അംഗസംഖ്യ 60,000 വരെയാണ്. രാജകുമാരിക്കു വേണ്ട റോയല്‍ ജെല്ലി ഉല്‍പ്പാദനം, തേനീച്ചപ്പുഴുക്കളെ ഊട്ടല്‍, റാണിയുടെ പരിചരണം, മെഴുക് ഉല്‍പ്പാദനം, അടുക്കുനിര്‍മാണം, തേന്‍ ശേഖരണം, കൂട് വൃത്തിയാക്കല്‍ എന്നിവയാണ് വേലക്കാരുടെ കടമ. ഇവയ്ക്കും ആണ്‍ ഈച്ചകളുടെ അത്രയും ആയുസേ ഉള്ളൂ.

Comments

comments

Categories: FK Special, Slider