ഇ- പ്ലാറ്റ്‌ഫോമിലൂടെ സേവനങ്ങള്‍ നല്‍കാന്‍ തമിഴ്‌നാട്

ഇ- പ്ലാറ്റ്‌ഫോമിലൂടെ സേവനങ്ങള്‍ നല്‍കാന്‍ തമിഴ്‌നാട്

ചെന്നൈ : ഇ- ഡിസ്ട്രിക്റ്റ് പ്രോഗ്രാമിലൂടെ 300 ലധികം സേവനങ്ങള്‍ നല്‍കാന്‍ തമിഴ്‌നാട് തയ്യാറെടുക്കുന്നു. പൊതുസേവനങ്ങളുടെ വിതരണം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണിത്. ഇതിനുപുറമെ, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 165 ലധികം സേവനങ്ങള്‍ കമ്മീഷന്‍ സര്‍വീസ് സെന്ററുകളിലൂടെ ലഭ്യമാക്കുമെന്ന് തമിഴ്‌നാട് ഐടി മന്ത്രി എം മണികണ്ഠന്‍ പറഞ്ഞു.

പൊതുസേവനങ്ങളുടെ വിതരണം മികച്ചതാക്കുന്നതിനും ജനങ്ങള്‍ക്ക് അവ പ്രാപ്യമാകുന്ന പ്രക്രിയ ലളിതമാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് മണികണ്ഠന്‍ സൂചിപ്പിച്ചു. ഫിക്കി ഇ-കൊമേഴ്‌സ് സമ്മിറ്റ് 2017 ആന്‍ഡ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശയവിനിമയത്തിനുള്ള എളുപ്പമാര്‍ഗമായി മൊബീല്‍ഫോണ്‍ മാറിയിട്ടുണ്ട്. കുറഞ്ഞ ചെലവിലും ഇത് ലഭ്യമാണ്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സേവനങ്ങള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ സാധിക്കും. അരശു- ഇ- സേവൈ സെന്ററുകളിലൂടെ ഇലക്ട്രോണിക് മാതൃകയില്‍ സര്‍ക്കാര്‍ സേവനങ്ങല്‍ നല്‍കുവാന്‍ സംസ്ഥാനം നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം നിലവില്‍ 11,117 ത്തോളം ഇത്തരം സെന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

മൊബീല്‍ ഗവേണന്‍സ് ഒരു പ്ലാറ്റ്‌ഫോമായി അവതരിപ്പിക്കാനാണ് തമിഴ്‌നാടിന്റെ പദ്ധതി. വരുമാന വിഭാഗത്തില്‍ ഉടനീളം മൊബീല്‍ഫോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് ഇതിന് ഗുണകരവുമാണെന്ന് അടുത്തവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

സോഫ്റ്റ് വെയര്‍ ബിസിനസ് മെച്ചപ്പെടുത്തുന്നതിനും തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനുമായി ചെന്നൈ, കോയമ്പത്തൂര്‍, മധുര, ട്രിച്ചി, സേലം, തിരുനെല്‍വേലി, ഹൊസൂര്‍ എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ (സെസ്) സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ 1,322 ഏക്കര്‍ ഭൂമി അനുവദിച്ചിരുന്നു. ഇതില്‍ 946 ഏക്കറുകള്‍ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ സ്ഥാപിക്കുന്നതിനായി ഉപയോഗിച്ചു. സെസ് നിര്‍മിക്കുന്നതിനായി 495 കോടി രൂപയാണ് സര്‍ക്കാര്‍ നിക്ഷേപിച്ചത്. പ്രത്യക്ഷമായി 68,900 തൊഴിലുകളും പരോക്ഷമായി 1.37 ലക്ഷം തൊഴിലുകളും സൃഷ്ടിക്കാന്‍ ഇത് സഹായകരമായി. 2015-16 കാലയളവില്‍ 17,266 കോടി രൂപയായിരുന്നു സെസില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ കയറ്റുമതി. സംരംഭകത്വ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി ചെന്നൈയിലെ ടിഡെല്‍ പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പ് വെയര്‍ഹൗസ് സ്ഥാപിച്ചിട്ടുണ്ട്. മറ്റൊരു വെയര്‍ഹൗസ് കോയമ്പത്തൂരില്‍ ഉടന്‍ സാധ്യമാകുമെന്ന് മണികണ്ഠന്‍ അറിയിച്ചു.

Comments

comments

Categories: More