നോണ്‍-ബാങ്ക് മൊബീല്‍ വാലറ്റുകള്‍ യുപിഐയുമായി ചേര്‍ക്കാനൊരുങ്ങി എന്‍പിസിഐ

നോണ്‍-ബാങ്ക് മൊബീല്‍ വാലറ്റുകള്‍ യുപിഐയുമായി ചേര്‍ക്കാനൊരുങ്ങി എന്‍പിസിഐ

നവംബറില്‍ യുപിഐ വഴി 105 മില്യണ്‍ ഇടപാടുകളാണ് നടന്നിട്ടുള്ളത്

ന്യൂഡെല്‍ഹി: ബാങ്കുകളുടെ ഉടമസ്ഥതയിലുള്ളതല്ലാത്ത മൊബീല്‍ വാലറ്റുകളെ യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നതിന് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ശ്രമമാരംഭിച്ചു. നോണ്‍-ബാങ്ക് വാലറ്റുകളെ യുപിഐ പ്ലാറ്റ്‌ഫോമിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് ഒരു ചട്ടക്കൂടൊരുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എന്‍പിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ദിലിപ് അസ്‌ബെ പറഞ്ഞു.

രാജ്യത്ത് നടക്കുന്ന എല്ലാ റീട്ടെയ്ല്‍ പേമെന്റുകളുടെയും ഒരു അംബര്‍ല ഓര്‍ഗനൈസേഷന്‍ എന്ന നിലയ്ക്കാണ് എന്‍പിസിഐ പ്രവര്‍ത്തിക്കുന്നത്. നോണ്‍-ബാങ്ക് വാലറ്റുകളെ യുപിഐയിലേക്ക് ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ ആരംഭിച്ചതായും ധാരാളം കാര്യങ്ങള്‍ ഇനിയും ചെയ്ത് തീര്‍ക്കാനുണ്ടെന്നും അസ്‌ബെ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ മൊബീല്‍ വാലറ്റ് കമ്പനികളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിലുള്ള രീതി അനുസരിച്ച്് നോണ്‍-ബാങ്ക് വാലറ്റ് ഉപയോക്താക്കള്‍ക്ക് യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് പ്ലാറ്റ്‌ഫോം വഴി പേമെന്റ് നടത്താന്‍ കഴിയില്ല. ഇവര്‍ക്ക് തങ്ങളുടെ വാലറ്റുകളില്‍ നിന്നു മാത്രമെ ഇടപാട് സാധ്യമാകുകയുള്ളു. മൊബീല്‍ പ്ലാറ്റ്‌ഫോം വഴി രണ്ട് ബാങ്ക് എക്കൗണ്ടുകള്‍ തമ്മിലുള്ള ഇടപാടിന് സൗകര്യമൊരുക്കുന്ന സംവിധാനമാണ് യുപിഐ. 2016 ഓഗസ്റ്റിലാണ് എന്‍പിസിഐ യുപിഐ സംവിധാനം അവതരിപ്പിച്ചത്. ഭീം ആപ്പ് പോലുള്ള പേമെന്റ് ആപ്ലിക്കേഷനുകള്‍ യുപിഐ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഒക്‌റ്റോബര്‍ 11ന് ഇതുമായി ബന്ധപ്പെട്ട് കെവൈസി (നോ യുവര്‍ കസ്റ്റമര്‍) നടപടികള്‍ പൂര്‍ത്തിയാക്കാനും മൊബീല്‍ വാലറ്റുകള്‍ പോലുള്ള പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റുകള്‍ കൂടുതല്‍ ക്രമപ്പെടുത്താനും ആര്‍ബിഐ എല്ലാ ബാങ്കുകള്‍ക്കും കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാണ് കേന്ദ്ര ബാങ്കിന്റെ നിര്‍ദേശം. ഇത് പൂര്‍ത്തിയാക്കുന്നതിനൊപ്പം ഘട്ടംഘട്ടമായി വാലറ്റ് സംവിധാനവും ബാങ്ക് എക്കൗണ്ടും യുപിഐ വഴി പരസ്പരം പ്രവര്‍ത്തനക്ഷമമാക്കണമെന്നും കേന്ദ്ര ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് എളുപ്പത്തില്‍ പേമെന്റ് നടത്തുന്നത് നോണ്‍-ബാങ്ക് വാലറ്റ് ഉപയോക്താക്കളെ സഹായിക്കും. യുപിഐയുമായി യോജിപ്പിക്കാത്ത പക്ഷം ഇവര്‍ക്ക് ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള പേമെന്റ് നടത്താനും സാധിക്കില്ലെന്ന് ഇ-വാലറ്റ് കമ്പനിയായ ഓക്‌സിജന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ജോ. മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ കുല്‍ക്കര്‍ണി പറഞ്ഞു.

നവംബറില്‍ യുപിഐ വഴി 105 മില്യണ്‍ ഇടപാടുകളാണ് നടന്നിട്ടുള്ളത്. മുന്‍ മാസത്തെ 76.8 മില്യണില്‍ നിന്നും യുപിഐ ഇടപാടുകളുടെ എണ്ണം 37 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് എന്‍പിസിഐയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. യുപിഐ പുതിയ പതിപ്പായ യുപിഐ 2.0യും ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സിഗ്നേച്ചര്‍ വഴി ഇടപാട് മുന്‍കൂട്ടി അംഗീകൃതമാക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് മാന്‍ഡേറ്റ്‌സ് പോലുള്ള ഫീച്ചറുകളാണ് യുപിഐ 2.0 പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Comments

comments

Categories: More