സലില്‍ എസ് പരേഖിന്റെ നിയമനത്തില്‍ തൃപ്തി പ്രകടിപ്പിച്ച് നാരായണ മൂര്‍ത്തി

സലില്‍ എസ് പരേഖിന്റെ നിയമനത്തില്‍ തൃപ്തി പ്രകടിപ്പിച്ച് നാരായണ മൂര്‍ത്തി

2018 ജനുവരി 2ന് ഇന്‍ഫോസിസ് സിഇഒ ആയി ചുമതലയേല്‍ക്കും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രധാന ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസിന്റെ പുതിയ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായി സലില്‍ എസ് പരേഖിനെ നിയമിച്ചു. സലില്‍ എസ് പരേഖിന്റെ നിയമനം തൃപ്തികരമാണെന്ന് കമ്പനി സ്ഥാപക നേതൃത്വങ്ങളിലൊരാളായ നാരായണ മൂര്‍ത്തി പ്രതികരിച്ചു. പരേഖിന്റെ നിയമനത്തെ സ്വാഗതം ചെയ്ത മൂര്‍ത്തി, പുതിയ ദൗത്യത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു.

കോര്‍പ്പറേറ്റ് ഭരണത്തിലെ വീഴ്ചയും കമ്പനിയുടെ മുന്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് നല്‍കിയ വിരമിക്കല്‍ പാക്കേജിലെ വിയോജിപ്പും ചൂണ്ടിക്കാട്ടി ഇന്‍ഫോസിസിന്റെ മുന്‍ മാനേജ്‌മെന്റിനെ പരസ്യമായും അല്ലാതെയും ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചയാളാണ് നാരായണ മൂര്‍ത്തി. കമ്പനിയുടെ സ്ഥാപക നേതൃത്വങ്ങളില്‍ നിന്നും നിരന്തരമായി ഉയര്‍ന്നുവന്ന കുറ്റപ്പെടുത്തലുകളിലും വിമര്‍ശനങ്ങളിലും മനംമടുത്താണ് ഈ വര്‍ഷം ഓഗസ്റ്റില്‍ സിഇഒ സ്ഥാനത്തു നിന്നും വിശാല്‍ സിക്ക രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. 2014ല്‍ സാപ്പി(എസ്എപി)ല്‍ നിന്നാണ് സിക്ക ഇന്‍ഫോസിസിലേക്കെത്തിയത്. സിക്കയ്ക്ക് ശേഷം നാരായണ മൂര്‍ത്തി ഉള്‍പ്പടെയുള്ള മുന്‍കാല നേതൃത്വങ്ങളെ തൃപ്തിപ്പെടുത്തുന്ന പുതിയ സിഇഒയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇന്‍ഫോസിസ്. സലില്‍ പരേഖിനെ ഇന്‍ഫോസിസ് നിയമിച്ചതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള മൂര്‍ത്തിയുടെ പ്രസ്താവന മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം ശുഭ സൂചനയാണ്.

2018 ജനുവരി 2ന് പരേഖ് ചുമതലയേല്‍ക്കുമെന്നാണ് ഇന്‍ഫോസിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇന്‍ഫോസിസിനെ മുന്നോട്ടുനയിക്കുന്നത് പരേഖ് ആയിരിക്കും. സിക്കയുടെ അപ്രതീക്ഷിത രാജിക്ക് ശേഷം ഇടക്കാല സിഇഒ ആയി ചുമതലയേറ്റ യു ബി പ്രവീണ്‍ റാവു കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും മുഴുവന്‍ സമയ ഡയറക്റ്ററുമായി തുടരുമെന്നും ഇന്‍ഫോസിസ് വ്യക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് സംരംഭമായ കാപ്‌ജെമിനിയുടെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായിരുന്നു പരേഖ്. ഇത് രണ്ടാം തവണയാണ് പുറത്തുനിന്നും ഒരാള്‍ ഇന്‍ഫോസിസിന്റെ തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്‍ഫോസിസിന്റെ ആറാമത്തെ സിഇഒ ആണ് സലില്‍ എസ് പരേഖ്.

ഐടി വ്യവസായത്തില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം സലില്‍ പരേഖിനുണ്ടെന്നും വിജയകരമായ ഏറ്റെടുക്കലുകള്‍ നടത്തിയതിലും വ്യവസായ നേട്ടങ്ങള്‍ കൈവരിച്ചതിലും ഇദ്ദേഹത്തിന്റെ മികവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇന്‍ഫോസിസ് ബോര്‍ഡ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി പറഞ്ഞു. ഐടി വ്യവസായം പരിവര്‍ത്തന ഘട്ടത്തില്‍ നില്‍ക്കുന്ന ഈ വേളയില്‍ ഇന്‍ഫോസിസിനെ നയിക്കാന്‍ കഴിയുന്ന ശരിയായ നേതൃത്വം പരേഖ് ആണെന്നാണ് കമ്പനി ബോര്‍ഡ് വിശ്വസിക്കുന്നതെന്നും നിലേക്കനി വ്യക്തമാക്കി. ഇടക്കാല സിഇഒ ആയിരുന്ന യു ബി പ്രവീണ്‍ റാവുവിനെയും അദ്ദേഹം അഭിനന്ദിച്ചു.

Comments

comments

Categories: Business & Economy