ലെന്‍സ്‌കാര്‍ട്ട്: വില്‍പ്പനയില്‍ 80 ശതമാനം വളര്‍ച്ച

ലെന്‍സ്‌കാര്‍ട്ട്: വില്‍പ്പനയില്‍ 80 ശതമാനം വളര്‍ച്ച

ന്യൂഡെല്‍ഹി : ഐവെയര്‍ റീട്ടെയ്‌ലറായ ലെന്‍സ്‌കാര്‍ട്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 80 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയെന്ന് കമ്പനിയുടെ കണക്കുകളെ ആധാരമാക്കി ഗവേഷണ പ്ലാറ്റ്‌ഫോമായ ടോഫഌ വ്യക്തമാക്കുന്നു.ഫ്രാഞ്ചൈസി സ്റ്റോറുകളിലൂടെ ലെന്‍സ്‌കാര്‍ട്ട് ഓഫ്‌ലൈന്‍ സാന്നിധ്യം വിപുലീകരിച്ചതിനാല്‍ ഇതേ കാലയളവില്‍ കമ്പനിയുടെ വരുമാനം 179 കോടി രൂപയായി ഉയര്‍ന്നിരുന്നു. 2015-16ല്‍ ഇത് 100 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ 60 ശതമാനമാണ് സ്റ്റോറുകളിലൂടെ നടന്നതെന്ന് ലെന്‍സ്‌കാര്‍ട്ടിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ പെയൂഷ് ബന്‍സാല്‍ പറഞ്ഞു. അടുത്തവര്‍ഷം മാര്‍ച്ചോടെ പ്രതിമാസം 460 സ്റ്റോറുകളിലൂടെ 400,000 ഫ്രെയ്മുകള്‍ വില്‍ക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവില്‍ 365 സ്റ്റോറുകള്‍ ലെന്‍സ്‌കാര്‍ട്ടിനുണ്ടെന്ന് ബന്‍സാല്‍ സൂചിപ്പിച്ചു.

294 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ചെലവ്. മുന്‍വര്‍ഷത്തെക്കാള്‍ 38 ശതമാനം അധികമാണിത്. മൊബീല്‍ ആപ്ലിക്കേഷന്‍ അനുഭവം, വിപണനം, വിതരണ തലത്തിലെ മൂലധന ചെലവ് എന്നിവ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഇതില്‍ ഏറെയും ചെലവഴിച്ചതെന്ന് ബന്‍സാല്‍ ചൂണ്ടിക്കാട്ടി.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഫ്രാഞ്ചൈസി സാന്നിധ്യം ഇരട്ടിയാക്കാനുള്ള കമ്പനിയുടെ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് മൊത്തത്തിലുള്ള ബിസിനസ് വളര്‍ച്ച സാധ്യമായതെന്ന് അടുത്തകേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. വിപുലമായ ഫ്രാഞ്ചൈസി ശൃംഖലയിലൂടെ സാന്നിധ്യം വികസിപ്പിച്ചും മീഡിയ കാംപെയ്‌നുകളിലൂടെ ബ്രാന്‍ഡ് അവബോധം സൃഷ്ടിച്ചും ഭാവിയില്‍ വളര്‍ച്ച തുടരാനുള്ള ശ്രമത്തിലാണ് കമ്പനി.

ഓണ്‍ലൈനിലൂടെയും ഫ്രാഞ്ചൈസി സ്റ്റോറുകളിലൂടെയുമുള്ള ഫ്രെയിം വില്‍പ്പന തുടങ്ങിയ അനുബന്ധ ബിസിനസില്‍ നിന്നുള്ള വരുമാനവും 69 ശതമാനം വളര്‍ന്ന് 160 കോടി രൂപയിലെത്തിയിരുന്നു. ഗുരുഗ്രാമിലെ പുതിയ നിര്‍മാണ സൗകര്യത്തില്‍ ലെന്‍സ്‌കാര്‍ട്ട് 60 കോടി രൂപ നിക്ഷേപിച്ചിരുന്നു. സെപ്റ്റംബറില്‍ തുറന്ന ഈ പ്ലാന്റില്‍ ദിവസേന 20,000 ഫ്രെയിമുകള്‍ നിര്‍മിക്കാനാകും.

Comments

comments

Categories: Business & Economy