യൂറോപ്യന്‍ യൂണിയനിലുള്ള ഇന്ത്യയുടെ താല്‍പ്പര്യം വര്‍ധിച്ചു: ഇയു അംബാസിഡര്‍

യൂറോപ്യന്‍ യൂണിയനിലുള്ള ഇന്ത്യയുടെ താല്‍പ്പര്യം വര്‍ധിച്ചു: ഇയു അംബാസിഡര്‍

പൊതു താല്‍പ്പര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് 12 ഇന്ത്യന്‍ നഗരങ്ങളെയും 12 യൂറോപ്യന്‍ നഗരങ്ങളെയും സജ്ജമാക്കുന്നതിനുള്ള ശ്രമത്തിലാണ് ഇയു

ന്യൂഡെല്‍ഹി: യൂറോപ്യന്‍ യൂണിയനില്‍ (ഇയു) നിന്നും പുറത്തുപോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനു ശേഷം യൂറോപ്യന്‍ യൂണിയനുമായി ബന്ധം ശക്തമാക്കാനുള്ള ഇന്ത്യയുടെ താല്‍പ്പര്യം വര്‍ധിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ ഇയു അംബാസിഡര്‍ ടോമസ് കോസ്ലോവ്‌സ്‌കി. അനുയോജ്യനായ പങ്കാളി എന്ന നിലയ്ക്കാണ് യൂറോപ്യന്‍ യൂണിയനെ നിലവില്‍ ഇന്ത്യ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പൂനെയിലെ സാവിത്രിബായ് ഫുലെ സര്‍വകലാശാലയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസ് സംഘടിപ്പിച്ച ‘ഇയു ദിന’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടന്റെ പുറത്തുപോക്ക് യൂറോപ്യന്‍ യൂണിയനെ സാരമായി ബാധിക്കില്ല. എന്നാല്‍ ഇതിലൂടെ വ്യത്യസ്ത തരത്തിലുള്ള വെല്ലുവിളികളും പ്രയാസങ്ങളും മാത്രമേ അഭിമുഖീകരിക്കേണ്ടതായി വരുമെന്നും ടോമസ് വ്യക്തമാക്കി. യൂറോപ്യന്‍ ഏകീകരണമെന്നത് ഒരു രാഷ്ട്രീയ പദ്ധതിയാണ്. ഇത് ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ശക്തി അംഗരാഷ്ട്രങ്ങളിലാണെന്നും യൂറോപ്യന്‍ യൂണിയന്റെ ഭാവി സംബന്ധിച്ച് മികച്ച അന്തരീക്ഷമാണുള്ളതെന്നും ടോമസ് കോസ്ലോവ്‌സ്‌കി പറഞ്ഞു. വ്യാപാരം, നിക്ഷേപം, സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍, അക്കാഡമിക്‌സ്, സംസ്‌കാരം, സിനിമ, സാഹിത്യം എന്നിവയിലെ സഹകരണം തുടങ്ങിയ കാര്യങ്ങള്‍ക്കുമപ്പുറത്തേക്ക് ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ നോക്കുന്നത്.

ബ്രെക്‌സിറ്റിനു ശേഷവും ഇന്ത്യയുടെ മുന്‍നിരയിലുള്ള വ്യാപാര പങ്കാളി എന്ന നിലയ്ക്കും രാജ്യത്തിന്റെ ഏറ്റവും വലിയ എഫ്ഡിഐ സ്രോതസ്സ് എന്ന തലത്തിലും മാനുഫാക്ച്ചറിംഗ് രംഗത്തെ മുഖ്യ നിക്ഷേപകനായും യൂറോപ്യന്‍ യൂണിയന്‍ തുടരുമെന്നും ടോമസ് അഭിപ്രായപ്പെട്ടു. 6,000 യൂറോപ്യന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും 100 ബില്യണ്‍ യൂറോയുടെ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുക്കിയതായും അംബാസിഡര്‍ ചൂണ്ടിക്കാട്ടി. ബെംഗളൂരു, ലക്‌നൗ എന്നിവിടങ്ങളിലെ മെട്രോ റെയ്ല്‍ പദ്ധതി, ഇന്ത്യന്‍ സോളാര്‍ അലയന്‍സ്, സോളാര്‍ പാര്‍ക്കുകള്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ക്കു വേണ്ടി ഈ വര്‍ഷം 1.7 ബില്യണ്‍ യൂറോയാണ് യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഇന്ത്യയില്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്.

ഈ വര്‍ഷം ഒക്‌റ്റോബറില്‍ നടന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഇരു വിഭാഗങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയൊരു പടവു കൂടി ചേര്‍ത്തതായും ആഗോള തലത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും സുസ്ഥിരമായൊരു സഹകരണം യൂറോപ്യന്‍ യൂണിയന്‍ വാഗ്ദാനം ചെയ്യുന്നതായും ടോമസ് അറിയിച്ചു. സ്‌കോളര്‍ഷിപ്പുകളുടെയും വിവിധ പദ്ധതികളുടെയും സഹായത്തോടെ 5,000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യൂറോപ്യന്‍ യൂണിയനില്‍ പഠിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ പഠിക്കാന്‍ യോഗ്യരാക്കുന്ന ഇറാസ്മസ് പ്രോഗ്രാമിന്റെ ഭാഗമായി 5,300 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അവിടെയുള്ളത്. പൊതു താല്‍പ്പര്യങ്ങളില്‍ കേന്ദ്രീകരിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് 12 ഇന്ത്യന്‍ നഗരങ്ങളെയും 12 യൂറോപ്യന്‍ നഗരങ്ങളെയും സജ്ജമാക്കുന്നതിനുള്ള ശ്രമത്തിലാണ് യൂറോപ്യന്‍ യൂണിയനെന്നും ടോമസ് കോസ്ലോവ്‌സ്‌കി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy