നവംബറില്‍ എഫ്പിഐകള്‍ ഇന്ത്യയിലേക്കൊഴുക്കിയത് 19,728 കോടി രൂപ

നവംബറില്‍ എഫ്പിഐകള്‍ ഇന്ത്യയിലേക്കൊഴുക്കിയത് 19,728 കോടി രൂപ

കഴിഞ്ഞ മാസം ഡെറ്റ് വിപണിയില്‍ എഫ്പിഐകള്‍ 530 കോടി രൂപയുടെ നിക്ഷേപം നടത്തി

ന്യൂഡെല്‍ഹി: നവംബറില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിക്ഷേപിച്ചത് 19,728 കോടി രൂപ. എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. ഡെപ്പേസിറ്ററി ഡാറ്റ പ്രകാരം മാര്‍ച്ച് മുതലുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് കഴിഞ്ഞ മാസം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിക്ഷേപിച്ചിട്ടുള്ളത്. 30,906 കോടി രൂപയുടെ നിക്ഷേപമാണ് ഇവര്‍ മാര്‍ച്ചില്‍ നടത്തിയിരുന്നത്.

ഈ വര്‍ഷം ഇതുവരെ 53,800 കോടി രൂപയുടെ നിക്ഷപമാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിക്ഷേപിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം ഡെറ്റ് വിപണിയില്‍ എഫ്പിഐകള്‍ 530 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെ ഡെറ്റ് വിപണിയില്‍ ഈ വര്‍ഷം എഫ്പിഐകള്‍ നടത്തിയിട്ടുള്ള മൊത്തം നിക്ഷേപം 1.46 ലക്ഷം കോടി രൂപയായി.

പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി ഉയര്‍ത്തുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പാക്കേജും ലോക ബാങ്ക് തയാറാക്കിയ ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ നിലമെച്ചപ്പെടുത്തിയതുമാണ് എഫ്പിഐകളെ ഇന്ത്യന്‍ വിപണികളിലേക്ക് ആകര്‍ഷിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണികളെ സംബന്ധിച്ചിടത്തോളം മികച്ച ആവേശമാണ് വിദേശ നിക്ഷേപകര്‍ പ്രകടമാക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഓഹരികള്‍ വാങ്ങുന്നതില്‍ നിന്നും എഫ്പിഐകള്‍ വിട്ടുനിന്നെങ്കിലും നവംബറില്‍ ഭീമമായ നിക്ഷേപമാണ് ഇവര്‍ നടത്തിയിട്ടുള്ളതെന്നും ഡെപ്പോസിറ്ററി രേഖകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ എട്ട് പ്രധാന വ്യാവസായിക മേഖലകളിലെ വളര്‍ച്ചയും വിപണിയില്‍ ഇന്ത്യക്ക് അനുകൂലമായ തരംഗം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ജിഎസ്ടിയിലേക്കുള്ള മാറ്റവും നോട്ട് അസാധുവാക്കല്‍ നയവും സൃഷ്ടിച്ച ഹ്രസ്വകാല ആഘാതങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ക്കിടെ അടുത്തിടെയുണ്ടായ ഇത്തരം മുന്നേറ്റങ്ങള്‍ നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്നതാണ്.

Comments

comments

Categories: Slider, Top Stories