ആശങ്ക സൃഷ്ടിക്കുന്ന ചുഴലിക്കാറ്റും കാലാവസ്ഥ വ്യതിയാനവും

ആശങ്ക സൃഷ്ടിക്കുന്ന ചുഴലിക്കാറ്റും കാലാവസ്ഥ വ്യതിയാനവും

കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന ദുരിതം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ആഗോളതലത്തില്‍ ഇതിന്റെ ആഘാതം പ്രകടമായിട്ടുണ്ട്. വ്യാഴാഴ്ച കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരപ്രദേശത്ത് കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കാലാവസ്ഥ വ്യതിയാനം എത്ര ഭീകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നു കാണിച്ചു തന്നിരിക്കുന്നു.

ചുഴലിക്കാറ്റ് (hurricane) അല്ലെങ്കില്‍ മറ്റേതെങ്കിലും ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ( tropical cyclones) രൂപം കൊള്ളുന്നതിനു പിന്നിലെ അടിസ്ഥാന ശാസ്ത്രത്തെ കുറിച്ച് അന്വേഷിക്കുകയാണെങ്കില്‍, സമുദ്രങ്ങളുടെ ചൂട് മൂലമാണ് ഇവ രൂപമെടുക്കുന്നതെന്നു വ്യക്തമാകും. ചൂടുള്ള സമുദ്രോപരിതല താപനിലയില്‍ (sea-surface temperature) നിന്നുമാണു ചുഴലിക്കാറ്റിന് ഊര്‍ജ്ജം ലഭിക്കുന്നത്. സമുദ്രോപരിതല താപനില വര്‍ധിക്കുമ്പോള്‍, ബാഷ്പീകരണ തോതും (rate of evaporation) ഉയരും, അതു ചുഴലിക്കാറ്റിന് ഇന്ധനമാവുകയും ചെയ്യുന്നു.
സമുദ്രനിരപ്പ് ഉയരുന്നതാണു ചുഴലിക്കാറ്റിന്റെ ആഘാതം വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം. ആഗോളതലത്തില്‍ സമുദ്രനിരപ്പ് പ്രതിവര്‍ഷം ശരാശരി മൂന്ന് മില്ലിമീറ്ററോളം ഉയരുന്നുണ്ടെന്നു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. സമുദ്രനിരപ്പ് കുത്തനെ ഉയരുന്നതിനാല്‍, കാറ്റിനെ തുടര്‍ന്നു സമുദ്രത്തിലെ തിരമാലകള്‍ക്കു കരഭാഗത്തേയ്ക്കു കൂടുതല്‍ ആക്രമണ സ്വഭാവത്തോടെ പ്രവേശിക്കാന്‍ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2012-ല്‍ അറ്റ്‌ലാന്റിക് തീരത്തു വീശിയടിച്ച സാന്‍ഡി ചുഴലിക്കാറ്റ് ഇതിന് ഉദാഹരണമാണെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. സമുദ്രനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു സാന്‍ഡി ചുഴലിക്കാറ്റിന്റെ ആഘാതം 27 ചതുരശ്ര കിലോമീറ്റര്‍ വരെ എത്തിച്ചേരുകയുണ്ടായി.

കാലാവസ്ഥയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ധിക്കുമ്പോള്‍, ചുഴലിക്കാറ്റിന്റെ തീവ്രത പത്ത് മടങ്ങ് വര്‍ധനയാണ് ഉണ്ടാകുന്നതെന്നു 2013-ല്‍ നീല്‍സ് ബോര്‍ സ്ഥാപനം നടത്തിയ പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റും അവ വിതയ്ക്കുന്ന നാശവും കൂടുതലായും സംഭവിക്കുന്നത് വടക്കേ അമേരിക്കയിലും കിഴക്കന്‍ ഏഷ്യയിലും കരീബിയന്‍-സെന്‍ട്രല്‍ അമേരിക്കന്‍ മേഖലയിലുമാണ്. എങ്കിലും ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും കെടുതികള്‍ അനുഭവിക്കാന്‍ പോകുന്ന രാജ്യങ്ങളായിരിക്കുമെന്നു പഠനം വ്യക്തമാക്കുന്നു.

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റും അവ വിതയ്ക്കുന്ന നാശവും കൂടുതലായും സംഭവിക്കുന്നത് വടക്കേ അമേരിക്കയിലും കിഴക്കന്‍ ഏഷ്യയിലും കരീബിയന്‍-സെന്‍ട്രല്‍ അമേരിക്കന്‍ മേഖലയിലുമാണ്. എങ്കിലും ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും കെടുതികള്‍ അനുഭവിക്കാന്‍ പോകുന്ന രാജ്യങ്ങളായിരിക്കുമെന്നു പഠനം വ്യക്തമാക്കുന്നു.

ആഗോള താപനം ഉയരുന്നതിന് അനുസരിച്ച് ഇന്ത്യയില്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മഴയും വര്‍ധിക്കുമെന്നു 2014-ലെ ഐപിസിസി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഹരിതഗൃഹ പ്രഭാവം (greenhouse warming) മൂലമുണ്ടാകുന്ന താപനമാണു ചുഴലിക്കാറ്റ് രൂപപ്പെടാന്‍ കാരണമാകുന്നത്. 2100 ആകുമ്പോഴേക്കും ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ തീവ്രത രണ്ട് മുതല്‍ പത്ത് ശതമാനം വരെ ശക്തിപ്രാപിക്കുമെന്നു ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ ചുഴലിക്കാറ്റിന്റെ ആഗോള തരംഗദൈര്‍ഘ്യം( global frequency) ആറ് മുതല്‍ 34 ശതമാനം വരെ കുറയുമെന്നും കണക്കാക്കപ്പെടുന്നുണ്ട്. അതു കൊണ്ടു തന്നെ ഭാവിയില്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ എണ്ണം കുറവായിരിക്കുമെങ്കിലും പ്രഹരശേഷി വലുതായിരിക്കുമെന്നും കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.

എന്താണ് ചുഴലിക്കാറ്റ് ?

ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ചുകൊണ്ട് ഒരു ന്യൂനമര്‍ദ്ദ കേന്ദ്രത്തിനുചുറ്റും ചുഴറ്റിനില്‍ക്കുന്ന കൊടുങ്കാറ്റുകളുടെ ഒരു കൂട്ടമാണ് ചുഴലിക്കാറ്റ്.

ഓഖി എന്ന ചുഴലിക്കാറ്റ്

ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശിലാണ് ഓഖി എന്ന പേര് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. കണ്ണ് എന്നാണ് ഈ പേരിന്റെ അര്‍ഥം. വ്യാഴാഴ്ച കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരപ്രദേശങ്ങളില്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന് ആ പേര് നല്‍കിയതും ബംഗ്ലാദേശാണ്. തിരുവനന്തപുരത്തുനിന്നും 120 കിലോമീറ്റര്‍ തെക്ക് മാറി കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായിട്ടാണ് ഓഖി രൂപം കൊണ്ടത്.

സൈക്ലോണും(cyclone) ഹരിക്കെയ്‌നും (hurricane) തമ്മിലുള്ള വ്യത്യാസം

ഉഷ്ണമേഖല പ്രദേശത്തു (tropical area) സമുദ്രങ്ങള്‍ക്കു മുകളില്‍ രൂപപ്പെടുന്ന ശക്തമായ കൊടുങ്കാറ്റുകളാണ് ഉഷ്ണമേഖല കൊടുങ്കാറ്റുകള്‍. ഒരു ന്യൂനമര്‍ദ്ദത്തിനു ചുറ്റുമായി വളരെ ശക്തിയില്‍, ചുഴിയുടെ രൂപത്തില്‍ കറങ്ങുന്നതിനാല്‍ ഇവയെ ഉഷ്ണമേഖല ചുഴലിക്കാറ്റുകള്‍ ( tropical cyclone) എന്നും വിളിക്കുന്നു. ശക്തിയിലുള്ള കാറ്റും പേമാരിയോടും കൂടിയുള്ള വലിയ രൂപമാണ് ഇത്തരം കൊടുങ്കാറ്റുകകള്‍ക്ക് ഉണ്ടാവുക. ഓരോ പ്രദേശത്തും ഇത്തരം ചുഴലികാറ്റുകള്‍ക്കു വ്യത്യസ്തമായ പേരുകളുണ്ട്. വളരെ തീവ്രതയുള്ള ഉഷ്ണ മേഖല കൊടുങ്കാറ്റുകളെ വടക്കുപടിഞ്ഞാറു പസഫിക് സമുദ്രത്തില്‍ ടൈഫൂണ്‍ എന്നാണ് വിളിക്കുന്നത്. വടക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിലും, പസിഫിക് സമുദ്രത്തിന്റെ ചില ഭാഗങ്ങളിലും അവയെ ഹരിക്കെയ്ന്‍ എന്നും വിളിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലാണെങ്കില്‍ അവയെ ചുഴലി എന്ന അര്‍ഥം വരുന്ന സൈക്ലോണ്‍ എന്നു വിളിക്കും. ഇത്തരം കൊടുങ്കാറ്റുകള്‍ തീരപ്രദേശത്ത് വളരെ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കുക. സമുദ്രത്തില്‍ നിന്നും കരയിലേക്ക് പ്രവേശിക്കുന്നതോടെ ഇവയുടെ ശക്തി ക്രമേണ നശിച്ചു പോവുന്നു.

Comments

comments

Categories: FK Special, Slider