ജിഡിപിയിലെ വളര്‍ച്ച പ്രതീക്ഷ നല്‍കുന്നു

ജിഡിപിയിലെ വളര്‍ച്ച പ്രതീക്ഷ നല്‍കുന്നു

തുടര്‍ച്ചയായ മാന്ദ്യ സൂചനകള്‍ക്ക് ശേഷം ജിഡിപി നിരക്കിലുണ്ടായ വളര്‍ച്ച സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണ്. അത് വിപണിക്ക് ആത്മവിശ്വാസം പകരും. ജിഎസ്ടിയുടെയും നോട്ട് അസാധുവാക്കലിന്റെയും ആഘാതത്തില്‍ നിന്ന് രാജ്യം വിടുതല്‍ നേടിയെന്ന സന്ദേശമാണ് ഇത് നല്‍കുന്നത് എന്ന് വേണം കരുതാന്‍

നോട്ട് അസാധുവാക്കല്‍ തീര്‍ത്ത സാമ്പത്തിക പ്രത്യാഘാതത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ സൂചകങ്ങള്‍ അത്ര നല്ല പ്രകടനമല്ല കുറച്ച് കാലമായി കാണിച്ചിരുന്നത്. അത് തിരുത്തുന്നതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) കണക്കുകള്‍. തുടര്‍ച്ചയായി അഞ്ച് പാദങ്ങളില്‍ തളര്‍ച്ച പ്രകടിപ്പിച്ച ശേഷം ഈ പാദത്തില്‍ കുതിപ്പിന്റെ സൂചന പ്രകടമാക്കിയത് സാമ്പത്തിക രംഗത്ത് ആത്മവിശ്വാസം പകരും. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 5.7 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ചാ നിരക്ക്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു ഏപ്രില്‍- ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയത്.

നോട്ട് അസാധുവാക്കലിന് ശേഷം ജിഎസ്ടി(ചരക്കുസേവന നികുതി) കൂടി നടപ്പാക്കിയതോടെ സാമ്പത്തിക രംഗം അടിമുടി വിയര്‍ത്തു. ഘടനാപരമായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുമ്പോള്‍ സാമ്പത്തിക രംഗത്തുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിയ തോതിലാണെങ്കിലും ശരിക്കും പ്രകടമായി. ജിഡിപി കണക്കുകളെ ഉയര്‍ത്തിക്കാട്ടി തന്നെ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണെന്ന് വരെ ചിലര്‍ വാദിക്കാനും എത്തി. ഈ ആശങ്കകള്‍ക്കെല്ലാം പരിഹാരമാകുന്നതാണ് ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ 6.3 ശതമാനമെന്ന വളര്‍ച്ചാ നിരക്ക്.

ഘടനാപരമായ മാറ്റത്തിലെ പ്രശ്‌നങ്ങള്‍ സമ്പദ് വ്യവസ്ഥ അതിജീവിക്കുന്നതായാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ജിഡിപി വളര്‍ച്ചയെക്കുറിച്ച് പറഞ്ഞത്. ഉയര്‍ന്ന വളര്‍ച്ചയുടെ ട്രാക്കിലേക്ക് ഇന്ത്യ തിരിച്ചെത്തിയെന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ പാദത്തെ അപേക്ഷിച്ച് സെപ്റ്റംബര്‍ പാദത്തില്‍ മൊത്തം മൂല്യ വര്‍ധന(ജിവിഎ)യിലും കുതിപ്പുണ്ടായത് ശ്രദ്ധേയമാണ്. വ്യാവസായികോല്‍പ്പാദനത്തിലും കൃത്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രണ്ടാം പാദത്തിലെ മൊത്തം മൂല്യവര്‍ധന 6.1 ശതമാനമായാണ് ഉയര്‍ന്നത്. മുന്‍ പാദത്തില്‍ ഇത് 5.6 ശതമാനമായിരുന്നു.

സേവന മേഖലയും ഉല്‍പ്പാദനമേഖലയും മികച്ച പ്രകടനത്തിലേക്ക് തിരിച്ചെത്തുന്നുണ്ട്. ഏകദേശം 9 ശതമാനമെന്ന നിരക്കിലാണ് സേവന രംഗത്തിന്റെ വളര്‍ച്ച. ഉല്‍പ്പാദന രംഗമാകട്ടെ ഏഴ് ശതമാനം വളര്‍ച്ചയെന്ന തലത്തിലേക്കെത്തി. 1.2 ശതമാനത്തില്‍ നിന്നാണ് ഏഴ് ശതമാനത്തിലേക്ക് എത്തിയതെന്നതാണ് ശ്രദ്ധേയം. സാമ്പത്തിക രംഗത്തിന്റെ അടിത്തറ ശക്തിപ്പെടുന്നതായാണ് ഇത് നല്‍കുന്ന സൂചന.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച ഏഴ് ശതമാനത്തിനു മുകളില്‍ പോയേക്കുമെന്നാണ് നിലവിലെ കണക്കുകള്‍ നല്‍കുന്ന സൂചന. അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ സോവറിന്‍ ബോണ്ട് റേറ്റിംഗ് ഉയര്‍ത്തിയത് പുറമെയുള്ള ഈ കണക്കുകള്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ വിശ്വാസം ജനിപ്പിച്ചിട്ടുണ്ട്. എസ്ആന്‍ഡ്പിയും ഇന്ത്യയുടെ പരിഷ്‌കരണ നയങ്ങളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി), വേള്‍ഡ് ബാങ്ക് തുടങ്ങിയ ആഗോള ധനകാര്യ സ്ഥാപനങ്ങളും ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ഈ വര്‍ഷം മികച്ച രീതിയിലായിരിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ ഈ വര്‍ഷം 100ാം റാങ്ക് കൈവരിച്ചിരുന്നു. ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യമായി ഇന്ത്യ മാറുന്നുവെന്ന പ്രതീതിയാണ് ഇതെല്ലാം ആഗോളതലത്തിലുണ്ടാക്കിയിരിക്കുന്നത്. ഇവിടത്തെ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ഇത് ഒരുപോലെ ആത്മവിശ്വാസം നല്‍കാനും തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ രാജ്യം ഇനി മുന്നോട്ട് കുതിക്കാന്‍ തന്നെയാണ് സാധ്യത.

Comments

comments

Categories: Editorial, Slider