ചബഹര്‍ തുറമുഖത്തിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു

ചബഹര്‍ തുറമുഖത്തിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു

ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും തുറമുഖം സഹായിക്കും

ന്യൂഡെല്‍ഹി: ചബഹര്‍ തുറമുഖത്തിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു. ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ പുതിയൊരു തന്ത്രപ്രധാനമായ പാതയ്ക്ക് വഴിതുറക്കുന്ന തുറമുഖം ഇറാനിലെ സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. ചബഹര്‍ തുറമുഖത്തിന്റെ ആദ്യ ഘട്ടം ഷാഹിദ് ബെഹേഷ്ടി തുറമുഖം എന്നാണ് അറിയപ്പെടുന്നത്. തുറമുഖ വികസനത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുന്നതു വരെ ആദ്യ ഘട്ടത്തിന്റെ പ്രവര്‍ത്തന ചുമതല ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ഇറാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ചബഹര്‍ പോര്‍ട്ട് പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫും ഉദ്ഘാടനത്തിനു മുന്‍പ് ടെഹ്‌റാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഷാഹിദ് ബെഹേഷ്ടി തുറമുഖം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും പ്രാദേശിക ബന്ധവും ഊട്ടി ഉറപ്പിക്കുമെന്ന് ജാവേദ് സരീഫ് അഭിപ്രായപ്പെട്ടു. മധ്യേഷ്യന്‍ പ്രദേശങ്ങളെ ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പാതയുടെ വികസനത്തില്‍ ചബഹര്‍ തുറമുഖത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. പാക്കിസ്ഥാന്റെ സഹായമില്ലാതെ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും തുറമുഖം സഹായിക്കും.

ഇന്ത്യയും ഇറാനും തമ്മിലുള്ള സഹകരണത്തിന്റെ ഏറ്റവും മികച്ച പ്രതീകമായി ചബഹര്‍ തുറമുഖം നിലകൊള്ളുമെന്നാണ് തുറമുഖ വികസനത്തിനുള്ള കരാര്‍ ഒപ്പിട്ട ശേഷം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പറഞ്ഞത്. ചബഹര്‍ തുറമുഖ പദ്ധതിക്കു പുറമെ ഗതാഗത ഇടനാഴി വികസിപ്പിക്കുന്നതിനുള്ള ത്രികക്ഷി സഹകരണ ഉടമ്പടിയും ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായി 500 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories