ഹ്യുണ്ടായുമായി സാങ്കേതിക പങ്കാളിത്തം തേടുകയാണെന്ന് എഫ്‌സിഎ

ഹ്യുണ്ടായുമായി സാങ്കേതിക പങ്കാളിത്തം തേടുകയാണെന്ന് എഫ്‌സിഎ

ചര്‍ച്ചകളില്‍ ലയനം അജണ്ടയല്ലെന്ന് എഫ്‌സിഎ ചീഫ് എക്‌സിക്യൂട്ടീവ് സെര്‍ജിയൊ മാര്‍ക്കിയോണി

മിലാന്‍, ഇറ്റലി : സാങ്കേതിക പങ്കാളിത്തം സംബന്ധിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബീല്‍സ് ചീഫ് എക്‌സിക്യൂട്ടീവ് സെര്‍ജിയൊ മാര്‍ക്കിയോണി പറഞ്ഞു. എന്നാല്‍ ചര്‍ച്ചകളില്‍ ലയനം അജണ്ടയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എഫ്‌സിഎയുടെ ലയനം സംബന്ധിച്ച ഊഹാപോഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് സെര്‍ജിയൊ മാര്‍ക്കിയോണിയുടെ പുതിയ പ്രഖ്യാപനം. യുഎസ് എതിരാളിയായ ജനറല്‍ മോട്ടോഴ്‌സുമായി സഖ്യം സ്ഥാപിക്കാനുള്ള ശ്രമം 2015 ല്‍ പരാജയപ്പെട്ടിരുന്നു. ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബീല്‍സ് ഏറ്റെടുക്കുന്നതിന് ചൈനീസ് കമ്പനികളും ഹ്യുണ്ടായ് മോട്ടോറും താല്‍പ്പര്യം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ എഫ്‌സിഎയുടെ ഓഹരി വില റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു.

എഫ്‌സിഎ നിലവില്‍ ഹ്യുണ്ടായില്‍നിന്ന് വാഹനഘടകങ്ങള്‍ വാങ്ങുന്നുണ്ട്. ട്രാന്‍സ്മിഷനുകള്‍, ഹൈഡ്രജന്‍ തുടങ്ങിയ മറ്റ് മേഖലകളില്‍ സഹകരണം വിപുലീകരിക്കാന്‍ കഴിയുമോയെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയില്ലെന്ന് മാര്‍ക്കിയോണി വ്യക്തമാക്കി. സഹകരണം ഭാവിയില്‍ ലയനമായി പരിണമിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ അങ്ങനെ കരുതുന്നില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു.

എഫ്‌സിഎയുടെ ലയനം സംബന്ധിച്ച ഊഹാപോഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് സെര്‍ജിയൊ മാര്‍ക്കിയോണിയുടെ ഇപ്പോഴത്തെ പ്രഖ്യാപനം

65 കാരനായ സെര്‍ജിയൊ മാര്‍ക്കിയോണിയുടെ കാലാവധി 2019 ഏപ്രിലില്‍ അവസാനിക്കും. എന്നാല്‍ പുതിയ ബിസിനസ് പ്ലാന്‍ നടപ്പാക്കുന്നതിന് 2022 വരെ ചുമതല തുടരും. അടുത്ത വര്‍ഷം രണ്ടാം പാദത്തില്‍ പുതിയ ബിസിനസ് പ്ലാന്‍ കമ്പനി മുമ്പാകെ സമര്‍പ്പിക്കും.

പുതിയ ബിസിനസ് തന്ത്രത്തിന്റെ ഭാഗമായി കമ്പനിയുടെ മൂന്ന് വാഹനഘടക ബിസിനസ്സുകളില്‍ രണ്ടെണ്ണം വേര്‍തിരിക്കും. ലൈറ്റിംഗ്, എന്‍ജിനുകള്‍, ഇലക്ട്രോണിക്‌സ്, സസ്‌പെന്‍ഷന്‍, എക്‌സ്‌ഹോസ്റ്റുകള്‍ എന്നീ വാഹനഘടകങ്ങള്‍ നിര്‍മ്മിക്കുന്ന മാഗ്നെറ്റി മാരെല്ലി, റോബോട്ടിക്‌സ് നിര്‍മ്മാതാക്കളായ കമയു എന്നിവ സ്വതന്ത്രമായി പ്രവര്‍ത്തിക്കും. കൃത്രിമ ബുദ്ധി, റോബോട്ടിക്‌സ് മേഖലകളില്‍ കമയു മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവെയ്ക്കുന്നത്.

ഈ കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കാര്യവും ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ട്രാക്ടര്‍ കമ്പനിയായ സിഎന്‍എച്ച് ഇന്‍ഡസ്ട്രിയല്‍, ആഡംബര സ്‌പോര്‍ട്‌സ് കാര്‍ ഗ്രൂപ്പായ ഫെറാറി എന്നിവ മിലാന്‍, ന്യൂ യോര്‍ക് വിപണികളില്‍ നേരത്തെ ലിസ്റ്റ് ചെയ്തിരുന്നു.

Comments

comments

Categories: Auto