സൈബര്‍ യുഗത്തിലെ കുടുംബ ബന്ധങ്ങള്‍

സൈബര്‍ യുഗത്തിലെ കുടുംബ ബന്ധങ്ങള്‍

ഏതു സംസ്‌കാരത്തിന്റെയും മാഹാത്മ്യം അറിയാനുള്ള ഉരകല്ല് അത് ഏത് തരത്തിലുള്ള കുടുംബത്തെയാണ് വാര്‍ത്തെടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്

നിരീശ്വരവാദിയും ചിന്തകനും വാഗ്മിയുമായ ഇങ്കര്‍സോള്‍ സമാധാനപൂര്‍ണ്ണമായ കുടുംബജീവിതം ഇഹലോകസ്വര്‍ഗ്ഗമെന്ന് വിശ്വസിക്കുകയും അതില്‍ ആനന്ദം കൊള്ളുകയും ചെയ്തിരുന്നു. ഇങ്കര്‍സോള്‍ പറയുന്നു: ‘സ്വര്‍ഗ്ഗം ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് നിശ്ചയമില്ല. എന്നാല്‍ എന്റെ സ്വര്‍ഗ്ഗം ഇതാണ്. ജോലിത്തിരക്കെല്ലാം കഴിഞ്ഞ് സായാഹ്നത്തില്‍, വീട്ടിലെ ഉദ്യാനത്തില്‍ എന്റെ ഭാര്യയോടൊപ്പമിരുന്നു ഞങ്ങളുടെ കുട്ടികള്‍ പാടുന്നതു കേട്ടും കളിക്കുന്നതു കണ്ടും പരമാനന്ദം കൊള്ളുന്ന അവസ്ഥയാണ് എന്റെ സ്വര്‍ഗ്ഗം. അതിനേക്കാള്‍ വലിയൊരു സ്വര്‍ഗ്ഗമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അതെനിക്കാവശ്യമില്ല’. മനുഷ്യന്റെ ഭൂമിയിലെ സ്വര്‍ഗ്ഗം വീടാണ്; വീടായിരിക്കണം. ഏതു സംസ്‌കാരത്തിന്റെയും മാഹാത്മ്യം അറിയാനുള്ള ഉരകല്ല് അത് ഏത് തരത്തിലുള്ള കുടുംബത്തെയാണ് വാര്‍ത്തെടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

ചൈനയിലെ സുപ്രസിദ്ധ ചിന്തകനും പണ്ഡിതനുമായ ലിന്‍ യുടാങ് എഴുതി: ‘മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും സ്വാഭാവികവും പ്രകൃതിക്ക് അനുസൃതവുമായ ബന്ധം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. ആ ബന്ധം വിജയപ്രദമാക്കാന്‍ സാധിക്കാത്ത വ്യക്തിക്ക് ജീവിതത്തിലെ മറ്റു രംഗങ്ങളില്‍ ജയിക്കുക ഏറെ പ്രയാസകരമാണ്.’ മനസുകളുടെ മേളനവും ഹൃദയങ്ങളുടെ ഒന്നിക്കലും മനോഭാവങ്ങളുടെ സംയോജനവുമാണ് കുടുംബജീവിത വിജയരഹസ്യം. ‘ഭാര്യയില്‍ സന്തുഷ്ടനായ ഭര്‍ത്താവും ഭര്‍ത്താവില്‍ സന്തുഷ്ടയായ ഭാര്യയും ഉള്‍പ്പെട്ട കുടുംബത്തില്‍ സദാ മംഗളം നിലനില്‍ക്കും’ എന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്.

സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവര പ്രകാരം കേരളത്തില്‍ 18 വയസില്‍ താഴെയുള്ള 1022 കുട്ടികളെ 2015 മേയ് 25 വരെ കാണാതായിട്ടുണ്ട്. ഇതില്‍ 761 കുട്ടികളെ പൊലീസും ചൈല്‍ഡ് വെല്‍ഫെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്. ശേഷിച്ച കുട്ടികളെക്കുറിച്ച് വിവരമൊന്നുമില്ല. കുടുംബ ശൈഥില്യങ്ങളാണ് ഒളിച്ചോട്ടങ്ങള്‍ക്ക് പിന്നില്‍.

സൈബര്‍ യുഗത്തിലേക്ക് പ്രവേശിച്ചതോടെ കുടുംബബന്ധങ്ങള്‍ തകര്‍ച്ചയിലാണ്. ടെലിവിഷന്‍, റേഡിയോ, ഇന്റര്‍നെറ്റ്, മൊബീല്‍ഫോണ്‍, ഫേസ്ബുക്ക്, ഇ-മെയില്‍, ട്വിറ്റര്‍ തുടങ്ങി സൈബര്‍ ലോകം മുന്നോട്ടുവച്ച സുഖസൗകര്യങ്ങള്‍ അനുഗ്രഹത്തോടൊപ്പം അപകടങ്ങള്‍ക്കും വഴിവച്ചു. ആശയവിനിമയത്തിന്റെയും ഊഷ്മളമായ ബന്ധത്തിന്റെയും സാമ്രാജ്യത്തില്‍ വിഹരിച്ചവര്‍ വഴിമാറി ചിന്തിക്കാന്‍ ഇടവന്നു. കുടുംബങ്ങളില്‍ ശൈഥില്യം കടന്നുവന്നു. 100 കോടിയിലേറെ പേരുടെ സാന്നിധ്യമുള്ള ഫേസ്ബുക്കില്‍ 8.3 കോടി എക്കൗണ്ടുകള്‍ വ്യാജമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് നവമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കേരളത്തിലാണ്. ഇന്ന് 73605 കേസുകള്‍ സൈബര്‍ നിയമ ലംഘനങ്ങളില്‍ നിലവിലുണ്ട്. അധികവും അശ്ലീല പ്രചാരണകേസുകളാണ്. അശ്ലീലം പ്രചരിപ്പിച്ചതിന് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ആകെ കേസുകളുടെ 27 ശതമാനവും കേരളത്തില്‍ നിന്നാണ്. അരാജകത്വത്തിന്റ വേദിയായിരിക്കുന്നു മലയാളിക്ക് ഇന്ന് സൈബര്‍ലോകം.

കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ തലത്തില്‍ ആത്മഹത്യാനിരക്ക് 11.2 ആണെങ്കില്‍ സാക്ഷര കേരളത്തില്‍ ഇത് 25.3 ആണ്. കേരളത്തില്‍ ഓരോ വര്‍ഷവും ശരാശരി 1456 കുടുംബിനികളും 1260 പുരുഷന്മാരും ആത്മഹത്യചെയ്യുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് കേരളത്തിലാണ്. ഇവിടെ ഒരു ലക്ഷത്തില്‍ 21 സ്ത്രീകള്‍ ആത്മഹത്യചെയ്യുന്നു. ആഗോളതലത്തില്‍ ഇത് 9 ആണ്. കേരളത്തിലെ ആത്മഹത്യാ നിരക്ക് ഒരുലക്ഷം പേര്‍ക്ക് 30 എന്ന തോതിലാണ്. ഏറ്റവും കൂടുതല്‍ ആത്മഹത്യ തിരുവനന്തപുരം ജില്ലയിലും കുറവ് കാസര്‍കോട് ജില്ലയിലുമാണ്.

ഒളിച്ചോട്ടവും വിവാഹമോചന കേസുകളും കേരളത്തില്‍ വര്‍ധിക്കുകയാണ്. 20 കുടുംബ കോടതികളിലായി പ്രതിദിനം 172 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. നൂറില്‍ 40 വിവാഹങ്ങളും വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണ്. വിവാഹമോചനത്തിലെത്താതെ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന മട്ടില്‍ മാനസികമായി അകന്നു കഴിയുന്നവരും നിയമപരമായി മാത്രം തുടരുന്ന ബന്ധങ്ങളും ധാരാളമുണ്ട്. നഗരങ്ങളില്‍ കാണപ്പെടുന്ന ലിവിംഗ് ടുഗദര്‍ പോലുള്ള ബന്ധങ്ങളും വീട്ടുകാര്‍ അറിയാതെയുള്ള വിവാഹങ്ങളും വിവാഹമോചനത്തില്‍ ചെന്നാണ് അവസാനിക്കുക. കഴിഞ്ഞ 10 വര്‍ഷംകൊണ്ട് 400 ശതമാനം എന്ന കണക്കിലാണ് കേരളത്തില്‍ വിവാഹമോചന കേസുകള്‍ വര്‍ധിക്കുന്നത്. മൊബീല്‍ഫോണ്‍, വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളുടെ ദുരുപയോഗംവഴി 2014 ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള 11 മാസത്തിനുള്ളില്‍ കേരളത്തില്‍ 2868 വീട്ടമ്മമാര്‍ ഒളിച്ചോടിപ്പോയി; അഥവാ അവരെ കാണാതായി. പൊലീസിന്റെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരമാണിത്. വിവരാവകാശ പ്രകാരമുള്ള മറുപടിയിലാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2605 പേരെ അന്വേഷണത്തില്‍ കണ്ടെത്തി. 263 പേരെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാണാതാവുന്ന വീട്ടമ്മമാരെ കുറിച്ച് യഥാര്‍ത്ഥ കണക്ക് ഇതിലും ഇരട്ടിയിലധികമാകുമെന്നാണ് പൊലീസ് പറയുന്നത്. കാരണം പല സംഭവങ്ങളിലും കുടുംബത്തിന്റെ പേരും മഹിമയും ഓര്‍ത്ത് പരാതി നല്‍കാനോ കേസെടുക്കാനോ വീട്ടുകാര്‍ തയാറാകുന്നല്ല. പ്രശ്‌നം ആരുമറിയാതെ ഒതുക്കുകയാണ് പതിവ്.

അന്വേഷണം നടത്തി കണ്ടെത്തിയ 90 ശതമാനം പേരും മിസ്ഡ് കോളിലും ചാറ്റിങ്ങിലുമൊക്കെയായി കാമുകര്‍ക്കൊപ്പം ഒളിച്ചോടിയവരാണ്. ഭര്‍ത്താവുമായി ഒത്തുപോകാനാവാതെ വഴക്കടിച്ചുപോയവരും കൂടെ ജോലിചെയ്യുന്നവരോടൊപ്പം മാറി താമസിക്കുന്നവരുമുണ്ട്. മക്കളെ വിവാഹം കഴിപ്പിച്ചയച്ചവര്‍ മുതല്‍ മക്കളില്ലാത്തവര്‍ വരെ ഒളിച്ചോടിപ്പോയിട്ടുണ്ട്. തിരിച്ചു കൊണ്ടുവന്ന് ഭര്‍ത്താവിനോടൊപ്പം ആക്കിയിട്ട് വീണ്ടും ഒളിച്ചോടിയവരുമുണ്ട്. എല്ലാം മറന്ന് ചുരുക്കം പേര്‍ ഭാര്യമാരെ സ്വീകരിച്ചിട്ടുണ്ട്. കാമുകനോടൊപ്പം താമസിച്ച് തനിനിറം മനസിലാക്കി പൊറുതി മുട്ടിയര്‍ നിരവധിയാണ്. അവരെ പലരേയും ഭര്‍ത്താക്കന്മാര്‍ സ്വീകരിക്കാത്തതിനാല്‍ ചിലര്‍ ആത്മഹത്യ ചെയ്തു. മികച്ച ജോലിയുണ്ടായിരുന്നവര്‍ കാമുകനോടൊപ്പം പോയ ശേഷം ഉപേക്ഷിക്കപ്പെട്ട് തിരിച്ചെത്തി കൂലിപ്പണിക്കുപോകുന്നുണ്ട്. ചിലര്‍ ജീവിക്കാന്‍ വേണ്ടി വേശ്യാവൃത്തിയിലേക്കു നീങ്ങി. ‘അറിയാത്തപിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയും’ എന്ന് പറഞ്ഞത് എത്രയോ ശരി എന്നാണവര്‍ ഇപ്പോള്‍ പറയുന്നത്. അക്കരെ പച്ച കണ്ട് ആരും ഒളിച്ചോടാതിരിക്കട്ടെ. ചെയ്തുപോയത്, ഒളിച്ചോടിയത്, മണ്ടത്തരമായി എന്നുപറഞ്ഞ് പശ്ചാത്തപിക്കുന്നവരാണ് ഭൂരിപക്ഷം പേരും. എന്നാല്‍ തിരിച്ചുകയറാനാകാത്ത അഗാധമായ ഗര്‍ത്തത്തില്‍ അകപ്പെട്ട അവസ്ഥയിലാണവര്‍. പൊലീസിന് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്തവര്‍ മറ്റു രാജ്യങ്ങളിലോ അജ്ഞാത കേന്ദ്രങ്ങളിലോ വേശ്യാലയങ്ങളിലോ ഉണ്ടാകാം. ചിലര്‍ ആത്മഹത്യ ചെയ്തിരിക്കാം.

സൈബര്‍ യുഗത്തിലേക്ക് പ്രവേശിച്ചതോടെ കുടുംബബന്ധങ്ങള്‍ തകര്‍ച്ചയിലാണ്. ടെലിവിഷന്‍, റേഡിയോ, ഇന്റര്‍നെറ്റ്, മൊബീല്‍ഫോണ്‍, ഫേസ്ബുക്ക്, ഇ-മെയില്‍, ട്വിറ്റര്‍ തുടങ്ങി സൈബര്‍ ലോകം മുന്നോട്ടുവച്ച സുഖസൗകര്യങ്ങള്‍ അനുഗ്രഹത്തോടൊപ്പം അപകടങ്ങള്‍ക്കും വഴിവച്ചു. ആശയവിനിമയത്തിന്റെയും ഊഷ്മളമായ ബന്ധത്തിന്റെയും സാമ്രാജ്യത്തില്‍ വിഹരിച്ചവര്‍ വഴിമാറി ചിന്തിക്കാന്‍ ഇടവന്നു

2014 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ 18 വയസിനു താഴെയുള്ള 664 പെണ്‍കുട്ടികളെയും കാണാതായിട്ടുണ്ട്. അതില്‍ 603 പേരെ കണ്ടെത്തി. ഭൂരിപക്ഷവും കാമുകനോടൊപ്പം പോയി തിരിച്ചുവന്നവരാണ്. പ്രായപൂര്‍ത്തിയാകാത്ത 61 പെണ്‍കുട്ടികളെ കുറിച്ച് യാതൊരു വിവരവുമില്ല. മേയ് 25 കാണാതായ കുട്ടികള്‍ക്കുള്ള ദിനമാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവര പ്രകാരം കേരളത്തില്‍ 18 വയസില്‍ താഴെയുള്ള 1022 കുട്ടികളെ 2015 മേയ് 25 വരെ കാണാതായിട്ടുണ്ട്. ഇതില്‍ 761 കുട്ടികളെ പൊലീസും ചൈല്‍ഡ് വെല്‍ഫെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്. ശേഷിച്ച കുട്ടികളെക്കുറിച്ച് വിവരമൊന്നുമില്ല. കുടുംബ ശൈഥില്യങ്ങളാണ് ഒളിച്ചോട്ടങ്ങള്‍ക്ക് പിന്നില്‍.

വര്‍ധിച്ചുവരുന്ന മദ്യപാനാസക്തി, മറ്റ് ദുശീലങ്ങള്‍, അണുകുടുംബ പശ്ചാത്തലം, പിടിവാശികള്‍ക്ക് വഴങ്ങിക്കൊടുക്കാത്ത മാതാപിതാക്കള്‍, കുടുംബ ജീവിതത്തെക്കുറിച്ച് സിനിമകളും സീരിയലുകളും മറ്റു മാധ്യമങ്ങളും നല്‍കുന്ന വികലമായ സന്ദേശങ്ങള്‍, പണത്തിനും പ്രശസ്തിക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള നെട്ടോട്ടം, നവമാധ്യമങ്ങളിലെ അശ്ലീല-ലൈംഗിക അതിപ്രസരത്തിന്റെയും അരാജകത്വത്തിന്റെയും അന്തരീക്ഷം, ആത്മീയതയോടുള്ള വിരക്തി, നല്ല മാതൃകകളുടെ അഭാവം, ഉപഭോഗ സംസ്‌കാരം, സുഖജീവിത തൃഷ്ണ എന്നിങ്ങനെ അനേകം വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ശീലിച്ചാലേ കേരളത്തിലെ കുടുംബബന്ധങ്ങളെ രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. പരസ്പരസ്‌നേഹം, ത്യാഗമനോഭാവം, മിതവ്യയശീലം, ലളിതജീവിതം, ക്ഷമ, സമര്‍പ്പണം, കടമകളുടെ നിര്‍വഹണം, പരസ്പരധാരണ, പരസ്പരം വിശ്വാസം വളര്‍ത്തല്‍, പരിലാളന, മൂല്യബോധം, പങ്കുവയ്ക്കല്‍, സാമ്പത്തിക അച്ചടക്കം, കൂട്ടായ്മ എന്നിവ വളര്‍ത്തിയെടുത്താല്‍ മാത്രമേ കുടുംബം സ്വര്‍ഗ്ഗമാവുകയുള്ളൂ.

മൊബീല്‍: 9847034600

Comments

comments

Categories: FK Special, Slider