തെക്ക്കിഴക്കന്‍ ഇറാനില്‍ ഭൂകമ്പം

തെക്ക്കിഴക്കന്‍ ഇറാനില്‍ ഭൂകമ്പം

വെള്ളിയാഴ്ച തെക്ക്കിഴക്കന്‍ ഇറാനില്‍ ശക്തമായ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു ശേഷം 5.1 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും രേഖപ്പെടുത്തിയെന്നു ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ഇറാനിലെ കെര്‍മാന്‍ നഗരത്തിന്റെ 36 മൈല്‍ വടക്ക് കിഴക്ക് മാറിയുള്ള സ്ഥലത്തായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ഇവിടെ ഒന്‍പത് ലക്ഷത്തോളമാണു ജനസംഖ്യ. ഭൂകമ്പത്തെ തുടര്‍ന്നു കെട്ടിടത്തിനുള്ളില്‍ കഴിഞ്ഞിരുന്ന പലരും പുറത്തേയ്ക്ക് ഇറങ്ങി ഓടി നിരത്തുകളില്‍ അഭയം പ്രാപിച്ചതായി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ മാസം അഞ്ഞൂറിലേറെപ്പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനു പിന്നാലെയാണു വെള്ളിയാഴ്ച ഇറാനെ വിറപ്പിച്ച് വീണ്ടും ഭൂചലനമുണ്ടായത്. ഭൂകമ്പത്തില്‍ നാല്‍പതിലേറെ പേര്‍ക്കു പരുക്കേറ്റു. മരണമൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

എന്നാല്‍ നിരവധി വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. മണ്‍ചുമരുകളാല്‍ തീര്‍ത്ത വീടുകള്‍ നിരവധിയുള്ള നഗരമാണു കെര്‍മാന്‍. ഇത് അപകട സാധ്യത വര്‍ധിപ്പിച്ചേക്കുമെന്നും അധികൃതര്‍ പറഞ്ഞു. അപകടം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകരുടെയും സൈന്യത്തിന്റെയും വന്‍ സംഘത്തെ അയച്ചിട്ടുണ്ട്. ഏറ്റവുമധികം ഭൂകമ്പസാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഇറാന്‍. 2003-ല്‍ കെര്‍മാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 31,000ത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 6.6 ആയിരുന്നു തീവ്രത.

Comments

comments

Categories: FK Special