11,250 കോടി രൂപ സ്വരൂപിക്കാനൊരുങ്ങി ഡിഎല്‍എഫ്

11,250 കോടി രൂപ സ്വരൂപിക്കാനൊരുങ്ങി ഡിഎല്‍എഫ്

ന്യൂഡെല്‍ഹി: പ്രൊമോട്ടര്‍മാരില്‍ നിന്നും 11,250 കോടി രൂപ ധനസമാഹരണം നടത്താന്‍ ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍റ്റി ഡെവലപ്പര്‍ ആയ ഡിഎല്‍എഫ് ലിമിറ്റഡ് ഒരുങ്ങുന്നു. സിസിഡി (കംപല്‍സര്‍ലി കണ്‍വെര്‍ട്ടിബ്ള്‍ അണ്‍സെക്വേര്‍ഡ് ഡിബഞ്ച്വേഴ്‌സ്)യും വാറന്റ് സെക്യൂരിറ്റിയും പുറത്തിറക്കികൊണ്ട് യഥാക്രമം 8,250 കോടി രൂപയും 3,000 കോടി രൂപയും സ്വരൂപിക്കാനാണ് ഡിഎല്‍എഫ് പദ്ധതി.

ഇത് പൂര്‍ത്തിയാക്കുന്നതോടെ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (ക്യുഐപി) വഴിയോ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെയോ 3,500 കോടി രൂപ സ്വരൂപിക്കാനും ഡിഎല്‍എഫിന് പദ്ധതിയുണ്ട്. ഓഹരി വില്‍പ്പനയിലൂടെയോ ഡിബഞ്ചറുകള്‍ ഓഹരികളാക്കി മാറ്റിക്കൊണ്ടോ മറ്റേതെങ്കിലും സെക്യൂരിറ്റികള്‍ ഉപയോഗിച്ചോ ലിസ്റ്റഡ് കമ്പനികള്‍ക്ക് മൂലധനം കണ്ടെത്താനുള്ള ഉപാധിയാണ് ക്യുഐപി. ഇതുവഴി കണ്ടെത്തുന്ന മുഴുവന്‍ തുകയും കടബാധ്യത കുറയ്ക്കുന്നതിനു വേണ്ടിയായിരിക്കും ഡിഎല്‍എഫ് വിനിയോഗിക്കുക.

സെപ്റ്റംബര്‍ 33 വരെയുള്ള കണക്ക് പ്രകാരം 26,799 കോടി രൂപയുടെ വായ്പാ ബാധ്യതയാണ് ഡിഎല്‍എഫ് നടത്തിയിട്ടുള്ളത്. ഓഗസ്റ്റില്‍ ഡിഎല്‍എഫ് പ്രൊമോട്ടര്‍മാര്‍ അനുബന്ധ സംരംഭമായ ഡിഎല്‍എഫ് സൈബര്‍ സിറ്റി ഡെവലപ്പേഴ്‌സ് ലിമിറ്റഡിലുള്ള തങ്ങളുടെ 40 ശതമാനം ഓഹരികള്‍ വില്‍പ്പന നടത്തിയിരുന്നു. 11,900 കോടി രൂപയാണ് ഇതുവഴി കണ്ടെത്തിയത്. പുതിയ നിക്ഷേപത്തോടെ പ്രൊമോട്ടര്‍മാര്‍ക്ക് ഡിഎല്‍എഫിലുള്ള ഓഹരി പങ്കാളിത്തം 75 ശതമാനത്തിലും അധികമാകും.

Comments

comments

Categories: Business & Economy