ഡാറ്റ്‌സണ്‍ റെഡി-ഗോ എഎംടി വരുന്നു

ഡാറ്റ്‌സണ്‍ റെഡി-ഗോ എഎംടി വരുന്നു

റെഡി-ഗോയുടെ 1.0 ലിറ്റര്‍ എന്‍ജിന്‍ വേര്‍ഷന്‍ ഈ വര്‍ഷം ജൂലൈയില്‍ വിപണിയിലെത്തിച്ചിരുന്നു

ന്യൂ ഡെല്‍ഹി : എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ റെഡി-ഗോയുടെ എഎംടി വേര്‍ഷന്‍ (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) അവതരിപ്പിക്കുമെന്ന് ഡാറ്റ്‌സണ്‍ ഇന്ത്യ പ്രഖ്യാപിച്ചു. അടുത്ത മാസം പകുതിയോടെ എഎംടി വേര്‍ഷന്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2016 ജൂണിലാണ് ഇന്ത്യയില്‍ ഡാറ്റ്‌സണ്‍ റെഡി-ഗോ പുറത്തിറക്കുന്നത്. കാറിന്റെ 1.0 ലിറ്റര്‍ വേര്‍ഷന്‍ പിന്നീട് ഈ വര്‍ഷം ജൂലൈയില്‍ വിപണിയിലെത്തിച്ചു. റെഡി-ഗോ എഎംടി വരുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ എന്ന് വരുമെന്ന് മാത്രമേ അറിയാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ.

ഡാറ്റ്‌സണ്‍ റെഡി-ഗോയുടെ 1.0 ലിറ്റര്‍ വേര്‍ഷനില്‍ മാത്രമായിരിക്കും എഎംടി നല്‍കുന്നത്. അതേസമയം 0.8 ലിറ്റര്‍ വേര്‍ഷന്‍ നിലവിലെ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് തുടര്‍ന്നും ഉപയോഗിക്കും. 999 സിസി ഐസാറ്റ് എന്‍ജിന്‍ 67 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് എഎംടി ആയിരിക്കും ഓട്ടോമാറ്റിക് റെഡി-ഗോ ഉപയോഗിക്കുന്നത്. റെഡി-ഗോയുടെ എഎംടി വേര്‍ഷനില്‍ ഗിയര്‍ ലിവര്‍ ആയിരിക്കുമോ അതോ റെനോ ക്വിഡ് എഎംടി പോലെ റോട്ടറി ഡയല്‍ സിസ്റ്റം നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്.

റെഡി-ഗോ 1.0 ലിറ്റര്‍ എന്‍ജിന്‍ വേര്‍ഷനില്‍ മാത്രമായിരിക്കും എഎംടി നല്‍കുന്നത്. ഗിയര്‍ ലിവര്‍ ആയിരിക്കുമോ അതോ റെനോ ക്വിഡ് എഎംടി പോലെ റോട്ടറി ഡയല്‍ സിസ്റ്റം നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്

ഫീച്ചറുകളുടെ കാര്യത്തില്‍ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഓള്‍ ബ്ലാക്ക് കാബിന്‍, സീറ്റുകളില്‍ സ്‌പോര്‍ടി റെഡ് ആക്‌സന്റുകള്‍, ഹോണ്‍ പാഡിലും എസി വെന്റുകളിലും സില്‍വര്‍ ഫിനിഷ് എന്നിവ നിലവിലേതുപോലെ കാണാന്‍ കഴിയും. ഡാറ്റ്‌സണ്‍ റെഡി-ഗോ 1.0 ലിറ്റര്‍ വേര്‍ഷന് സിഡി പ്ലെയര്‍, യുഎസ്ബി (ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല), ഓക്‌സ്-ഇന്‍ എന്നിവ നല്‍കിയിരുന്നു. ടോപ് വേരിയന്റില്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഓപ്ഷണലാണ്.

ടി(ഒ), എസ് എന്നീ വേരിയന്റുകളിലാണ് ഡാറ്റ്‌സണ്‍ റെഡി-ഗോ 1.0 ലിറ്റര്‍ വേര്‍ഷന്‍ ലഭിക്കുന്നത്. ഈ രണ്ട് വേരിയന്റുകളില്‍ മാത്രമായിരിക്കും എഎംടി നല്‍കുന്നതെന്ന് പ്രതീക്ഷിക്കാം. വില സംബന്ധിച്ച്, റെഡി-ഗോ 1.0 ലിറ്റര്‍ വേര്‍ഷനേക്കാള്‍ 25,000 മുതല്‍ 30,000 വരെ രൂപ അധികം നല്‍കേണ്ടിവരും.

Comments

comments

Categories: Auto