ഓട്ടോ മേഖലയിലെ വില്‍പ്പനയില്‍ രണ്ടക്ക വളര്‍ച്ച

ഓട്ടോ മേഖലയിലെ വില്‍പ്പനയില്‍ രണ്ടക്ക വളര്‍ച്ച

അഞ്ച് പാസഞ്ചര്‍ കാര്‍ നിര്‍മാണ കമ്പനികള്‍ മൊത്തം 2,34,226 യൂണിറ്റ് വാഹനങ്ങളാണ് നവംബറില്‍ വില്‍പ്പന നടത്തിയത്

ന്യൂഡെല്‍ഹി: നവംബര്‍ മാസത്തില്‍ രാജ്യത്തെ ഓട്ടോമൊബീല്‍ മേഖലയിലെ വില്‍പ്പന രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്, ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി മുന്‍നിരയിലുള്ള അഞ്ച് പാസഞ്ചര്‍ കാര്‍ നിര്‍മാണ കമ്പനികള്‍ മൊത്തം 2,34,226 യൂണിറ്റ് വാഹനങ്ങളാണ് നവംബറില്‍ വില്‍പ്പന നടത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 15.12 ശതമാനത്തിന്റെ വര്‍ധനയാണ് ഈ കമ്പനികളുടെ നില്‍പ്പനയില്‍ അനുഭവപ്പെട്ടിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ വിപണിയിലെ മുന്‍നിരക്കാരായ മാരുതി സുസുക്കി മൊത്തം 1,44,297 യൂണിറ്റാണ് കഴിഞ്ഞ മാസം വില്‍പ്പന നടത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന 14.3 ശതമാനം വര്‍ധിച്ചു. ഉത്സവസീസണോടനുബന്ധിച്ച് പുതിയ മോഡലുകള്‍ അവതരിപ്പിച്ചതിന്റെ പിന്‍ബലത്തില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ വിഭാഗത്തിലെ വില്‍പ്പന 34 ശതമാനം വര്‍ധിച്ചു. പ്രീമിയം ഹാച്ച്ബാക്ക് ബലേനോ നയിക്കുന്ന കോംപാക്റ്റ് കാര്‍ വിഭാഗത്തിലും 2016 നവംബറിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 32.4 ശതമാനം വര്‍ധനയുണ്ടായി. അതേസമയം, ഇടത്തരം സെഡാന്‍ വാഹനമായ സിയാസിന്റെ വില്‍പ്പന 26.2 ശതമാനം ഇടിഞ്ഞു. പഴയ മോഡലുകളായ ഓള്‍ട്ടോ വാഗണര്‍ തുടങ്ങിയ വണ്ടികളുടെ വില്‍പ്പനയിലും 1.8 ശതമാനം ഇടിവുണ്ടായി.

ഇതേമാസം ഹ്യൂണ്ടായ് 44,008 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. വില്‍പ്പന 10 ശതമാനം വര്‍ധിച്ചു. പുതിയ സെഡാന്‍ മോഡല്‍ വെര്‍നയാണ് ഈ വളര്‍ച്ചയെ പിന്തുണച്ചതെന്നും കമ്പനിയുടെ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. ഐ10, ഐ20 ഹാച്ച്ബാക്കുകളുടെയും കോംപാക്റ്റ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളായ ക്രീറ്റയുടെയും വില്‍പ്പന വളര്‍ച്ച കമ്പനിയെ പിന്തുണച്ചു. കോംപാക്റ്റ് എസ്‌യുവി നെക്‌സണ്‍ ഉള്‍പ്പടെയുള്ള പുതിയ മോഡലുകള്‍ക്ക് മികച്ച സ്വീകരണം ലഭിച്ചതിനെ തുടര്‍ന്ന് പാസഞ്ചര്‍ കാര്‍ സെഗ്‌മെന്റില്‍ ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പ്പന 35 ശതമാനം വര്‍ധിച്ചതായി പ്രസിഡന്റ് മയാങ്ക് പരീഖ് അറിയിച്ചു.

മഹീന്ദ്ര നവംബറില്‍ 16,030 യൂണിറ്റ് വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്. കമ്പനിയുടെ വില്‍പ്പനയില്‍ 21.45 ശതമാനം വര്‍ധനയുണ്ടായി. ഇതേ വളര്‍ച്ചാ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി മഹീന്ദ്ര ഓട്ടോമോട്ടീവ് ബിസിനസ് വിഭാഗം പ്രസിഡന്റ് രാജന്‍ വദേര അറിയിച്ചു. ഇന്ത്യയുടെ ഫാക്റ്ററി പ്രവര്‍ത്തനം നവംബറില്‍ 13 മാസത്തിനിടയിലെ ഉയര്‍ന്ന തലത്തില്‍ എത്തിയതായാണ് നിക്കെയ്/ഐഎച്ച്എസ് മാര്‍ക്കിറ്റ് മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക വ്യക്തമാക്കുന്നത്. ഒക്‌റ്റോബറില്‍ 50.3 എന്ന തലത്തിലായിരുന്ന സൂചിക നവംബറില്‍ 52.6ലേക്ക് ഉയര്‍ന്നിട്ടുണ്ട്.

Comments

comments

Categories: Business & Economy