ചിരിപ്പിച്ചവര്‍ അപ്രതീക്ഷിത വേര്‍പാടിലൂടെ കണ്ണീരിലാഴ്ത്തുമ്പോള്‍

ചിരിപ്പിച്ചവര്‍ അപ്രതീക്ഷിത വേര്‍പാടിലൂടെ കണ്ണീരിലാഴ്ത്തുമ്പോള്‍

കൊച്ചി: മലയാള ചലച്ചിത്ര, മിമിക്രി രംഗത്ത് ചിരിയുടെ മാലപ്പടക്കം തീര്‍ത്ത അഭിനേതാക്കള്‍ അപ്രതീക്ഷിത വേര്‍പാടിലൂടെ പ്രേക്ഷകനെ കണ്ണീരിലാഴ്ത്തുകയാണ്. സൈനുദ്ദീന്‍, കൊച്ചിന്‍ ഹനീഫ, എന്‍ എഫ് വര്‍ഗീസ്, മച്ചാന്‍ വര്‍ഗീസ്, കലാഭവന്‍ മണി, സാഗര്‍ ഷിയാസ്, കല്‍പന…ഈ നിരയിലേക്ക് ഇപ്പോള്‍ ഇതാ അബിയും. കലാരംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ഭൂരിഭാഗം കലാകാരന്മാരുടെയും വിയോഗമെന്നതാണു ദുഖത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നത്. അബി സിനിമയില്‍ സജീവമായിരുന്നില്ല. പക്ഷേ മിമിക്രി രംഗത്ത് തിളങ്ങുന്ന സാന്നിധ്യമായിരുന്നു. മിമിക്രിയില്‍ അബിയുടെ ശിഷ്യന്മാരായിരുന്നവരാണ് ഇന്നു മലയാള സിനിമയിലെ മുന്‍നിര ഹാസ്യതാരങ്ങള്‍.

മൂവാറ്റുപുഴ തടത്തിക്കുടിയില്‍ ബാവാ ഖാന്റെയും ഉമ്മാത്തുവിന്റെയും മകനായ അബിയുടെ യഥാര്‍ഥ പേര് ഹബീബ് അഹമ്മദ് എന്നാണ്. മിമിക്രിയും കലാപരിപാടികളുമായി നടന്നിരുന്ന കാലത്താണു ഹബീബ് അഹമ്മദ് എന്ന പേര് അബിയായി ചുരുങ്ങിയത്. അതിനുള്ള കാരണം പരിപാടിയുടെ കമ്മിറ്റിക്കാരായിരുന്നെന്ന് അബി തന്നെ ഒരിക്കല്‍ പറയുകയും ചെയ്തിട്ടുണ്ട്. ഹബീബ് അഹമ്മദ് എന്ന പേര് അനൗണ്‍സ് ചെയ്യാന്‍ ബുദ്ധിമുട്ടിയ അനൗണ്‍സറായിരുന്നു അബി എന്ന പേരിലേക്കു ഹബീബ് അഹമ്മദിനെ ചുരുക്കിയത്. ഇത് പിന്നീട് സ്ഥിരനാമമായി മാറുകയും ചെയ്തു.

പഠന കാലത്തു തന്നെ മിമിക്രിയില്‍ കഴിവ് തെളിയിച്ചിരുന്നു അബി. മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോല്‍സവത്തില്‍ മിമിക്രിക്ക് രണ്ട് പ്രാവിശ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പഠന ശേഷം കലാഭവന്‍, ഹരിശ്രീ, കൊച്ചിന്‍ സാഗര്‍ എന്നിവിടങ്ങളില്‍ അബി കലാകാരനായി പ്രവര്‍ത്തിച്ചു. ഈ കാലഘട്ടങ്ങളില്‍ അബിയോടൊപ്പം മിമിക്രി രംഗത്തുണ്ടായിരുന്നവര്‍ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു. ചിലര്‍ സംവിധായകരായി, മറ്റു ചിലര്‍ നായകനായും സഹനടനായും ഹാസ്യനടനായുമൊക്കെ കളം നിറഞ്ഞു. എന്നാല്‍ അബി മാത്രം സിനിമയില്‍ സജീവമായില്ല. പകരം മിമിക്രി വേദികളില്‍ തുടര്‍ന്നു. പക്ഷേ മിമിക്രി കാസെറ്റുകള്‍ക്ക് ജനഹൃദയങ്ങളില്‍ സ്വീകാര്യത നല്‍കാന്‍ അബിക്കു സാധിച്ചു. അന്നു വരെ ഉല്‍സവ പറമ്പുകളിലെ കലാപരിപാടികളില്‍ മാത്രമുണ്ടായിരുന്ന മിമിക്രിയെ വീടുകളിലേക്ക് എത്തിക്കുന്നതില്‍ കാസെറ്റുകളിലൂടെ അബിക്കു സാധിച്ചു. ഓണത്തിനും മറ്റ് ഉല്‍സവാഘോഷ വേളകളിലും അബി പുറത്തിറക്കിയ മിമിക്രി കാസെറ്റുകള്‍ക്കു വന്‍ ഡിമാന്‍ഡ് അനുഭവപ്പെട്ടിരുന്നു. സിനിമപാട്ടുകളുടെ കാസെറ്റുകള്‍ക്ക് ലഭിച്ചിരുന്ന സ്വീകാര്യത തന്നെയായിരുന്നു അബിയുടെ മിമിക്രി കാസെറ്റുകള്‍ക്കും ലഭിച്ചിരുന്നത്.

Comments

comments

Categories: FK Special