ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചത് ഗ്രാന്റല്ല, വായ്പയെന്ന് ടാറ്റ മോട്ടോഴ്‌സ്

ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചത് ഗ്രാന്റല്ല, വായ്പയെന്ന് ടാറ്റ മോട്ടോഴ്‌സ്

ടാറ്റ പ്ലാന്റിന് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായം നല്‍കിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു

മുംബൈ: സംസ്ഥാനത്ത് ഫാക്റ്ററി സ്ഥാപിക്കുന്നതിന് ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് 584.8 കോടി രൂപയുടെ വായ്പയാണ് സ്വീകരിച്ചതെന്നും ഗ്രാന്റല്ലെന്നും ഓട്ടോമൊബീല്‍ വമ്പന്‍ ടാറ്റ മോട്ടോഴ്‌സ്. ‘നിക്ഷേപക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ വളര്‍ച്ചാ സാധ്യതയും സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടും മുന്‍നിര്‍ത്തി പ്രത്യേക പ്രോത്സാഹനമെന്ന നിലയിലാണ് ഗുജറാത്ത് സര്‍ക്കാര്‍
തുക അനുവദിച്ചത്, ‘ പ്രസ്താവനയില്‍ ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി.

പദ്ധതിയുടെ വ്യാപ്തിയും സംസ്ഥാനത്ത് വളര്‍ച്ച കൈവരിക്കാനുള്ള കമ്പനിയുടെ ശേഷിയും കണക്കിലെടുത്ത് വായ്പയുടെ രൂപത്തില്‍ ഇന്‍സെന്റിവ് പാക്കേജ് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കുകയായിരുന്നു. വായ്പാ കരാര്‍ അനുസരിച്ച് ഈ തുക സര്‍ക്കാരിലേക്ക് തിരിച്ചടയ്‌ക്കേണ്ടതാണ്. ടാറ്റ മോട്ടോഴ്‌സ് നല്‍കിയ നികുതിയില്‍ നിന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വായ്പ നല്‍കിയത്. ഗുജറാത്തിലെ ടാറ്റ പ്ലാന്റിന് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായം നല്‍കിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏതാനും ദിവസം മുന്‍പ് ആരോപിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി ടാറ്റ മോട്ടോഴ്‌സ് രംഗത്ത് വന്നിരിക്കുന്നത്.

സനന്ദ് പ്ലാന്റിന്റെ ആരംഭം മുതല്‍ ഗുജറാത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനത്തിലും തൊഴില്‍ വളര്‍ച്ചയിലും തങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും നിര്‍ണായ പങ്ക് വഹിച്ചുവെന്നും ഗുജറാത്തിനെ രാജ്യത്തെ സുപ്രധാന വാഹന കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. സംസ്ഥാനത്തിലെ മൂലധന നിക്ഷേപത്തെ പദ്ധതി വര്‍ധിപ്പിച്ചുവെന്നും അതുമൂലം വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുവെന്നും കമ്പനി പറഞ്ഞു.

Comments

comments

Categories: Business & Economy

Related Articles