ചൈനീസ് ബന്ധമുള്ള ആപ്പുകളില്‍ സൂക്ഷ്മ നിരീക്ഷണം

ചൈനീസ് ബന്ധമുള്ള ആപ്പുകളില്‍ സൂക്ഷ്മ നിരീക്ഷണം

ഷെയര്‍ഇറ്റ്, ട്രൂകോളര്‍, യുസി ന്യൂസ് തുടങ്ങിയ ജനപ്രിയ ആപ്പുകളില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്ക

ന്യൂഡെല്‍ഹി: വിവിധ മൊബില്‍ ആപ്ലിക്കേഷനുകളിലൂടെ ചൈന ചാരവൃത്തി നടത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് വിചാറ്റ്, യുസി ന്യൂസ്, ന്യൂസ്-ഡോഗ്, ട്രൂകാളര്‍ തുടങ്ങിവയില്‍ സൂഷ്മ പരിശോധനയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ചൈന അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ സൈനികരോട് നാല്‍പ്പതോളം ആപ്പിക്കേഷനുകള്‍ മൊബീലില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

നവംബര്‍ 24ന് പുറപ്പെടുവിച്ച നിര്‍ദേപ്രകാരം ദേശീയ സുരക്ഷയുടെ ഭാഗമായി ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ സൈനികരും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യണമെന്നും സംശയത്തിന് കീഴിലുള്ള ആപ്പുകള്‍ ഡിലീറ്റ് ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് കമ്പനികള്‍ വികസിപ്പിച്ചെടുത്ത നിരവധി ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകള്‍ ഇവയിലുണ്ടെന്നും ചൈനാ ബന്ധമുള്ള ഇവ സൈന്യമുപയോഗിക്കുന്നത് രാജ്യസുരക്ഷയ്ക്ക് അപകടമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

മെസേജിംഗ് പ്ലാറ്റ്‌ഫോമായ വീചാറ്റ്. ചൈനീസ് ഇകൊമേഴ്‌സ് ഭീമന്‍ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ന്യൂസ്, മൈക്രോ ബ്ലോഗിംഗ് സൈറ്റായ വെയ്‌ബൊ, ഫയല്‍ കൈമാറ്റ ആപ്പായ ഷെയറിറ്റ്, ഓണ്‍ലൈന്‍ ന്യൂസ് ആപ്പായ ന്യൂസ്‌ഡോഗ് എന്നിവയാണ് ഡാറ്റാ സുരക്ഷിതത്വത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആശങ്ക പുലര്‍ത്തുന്ന പ്രധാന ആപ്പുകള്‍. ഹാക്കര്‍ ഇന്റര്‍സ്റ്റെല്ലര്‍ എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് ഡോഗ് ഒരു ന്യൂസ് അഗ്രഗേറ്റര്‍ ആപ്പാണ്. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ഉള്ളടക്കം ഇവര്‍ പങ്കുവെക്കുന്നു.

അതേസമയം ചൈനയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് മൊബീല്‍ കമ്മ്യൂണിക്കേഷന്‍ ആപ്പായ ട്രൂകോളര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് തങ്ങളെന്നും എന്നാല്‍ ചൈനാ ബന്ധം ആരോപിക്കപ്പെട്ട പട്ടികയില്‍ തങ്ങളുടെ ആപ്പ് എങ്ങനെയെത്തിയെന്ന് അറിയില്ലെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ട്രൂകോളര്‍ ഒരു മാല്‍വെയറല്ലെന്നും ഉപഭോക്താക്കളുടെ അനുമതി അടിസ്ഥാനമാക്കിയുള്ളതാണ് തങ്ങളുടെ എല്ലാ ഫീച്ചറുകളുമെന്നും കമ്പനി പറഞ്ഞു.

ഇന്ത്യയില്‍ വില്‍ക്കുന്ന മൊബീല്‍ ഫോണുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് രണ്ട് ഡസനോളം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളോട് അവര്‍ പിന്തുടരുന്ന നടപടികളും പ്രവര്‍ത്തനങ്ങളും അറിയിക്കണമെന്ന് ഏതാനും മാസം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇവയില്‍ ഏറെയും ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായിരുന്നു. ഡാറ്റ മോഷണവും ചോര്‍ച്ചയും വിവിധയിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാരിന്റെ നടപടി.

ഇന്ത്യയുടെ 10 ബില്യണ്‍ ഡോളര്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഷഓമി, ഓപ്പോ,വിവോ,ലെനൊവോ,ജിയോണി തുടങ്ങിയവയാണ് ആധിപത്യം പുലര്‍ത്തുന്നത്. ഈ കമ്പനികളുടെയെല്ലാം സെര്‍വറുകള്‍ ചൈനയിലാണുള്ളത്. സിംഗപ്പൂരിലും യുഎസിലും ഷഓമിയ്ക്ക് സെര്‍വറുകളുണ്ട്. ഈ കമ്പനികള്‍ നല്‍കുന്ന വിവരങ്ങള്‍ സമാഹരിക്കുന്ന പ്രക്രിയയിലാണ് സര്‍ക്കാരിപ്പോള്‍. മി വീഡിയോ കോള്‍, ബൈഡു മാപ്‌സ്, മി സ്റ്റോര്‍, വൈറസ് ക്ലീനറായ ഹൈ സെക്യൂരിറ്റി ലാബ് എന്നിവയും കേന്ദ്രസര്‍ക്കാരിന്റെ സംശയ പട്ടികയിലുള്ള ആപ്പുകളാണ്.

Comments

comments

Categories: Slider, Top Stories

Related Articles