20,000 യുവജനങ്ങള്‍ക്ക് വൈദഗ്ധ്യ പരിശീലനം

20,000 യുവജനങ്ങള്‍ക്ക് വൈദഗ്ധ്യ പരിശീലനം

ന്യൂഡെല്‍ഹി: പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) യ്ക്ക് കീഴില്‍ അര്‍വിന്ദ് ലിമിറ്റഡുമായി സഹകരിച്ച് 2020നുള്ളില്‍ 20,000 യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുമെന്ന് ദേശിയ നൈപുണ്യ വികസന കോര്‍പറേഷന്‍ (എന്‍എസ്ഡിസി). റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി, വിതരണം, നിര്‍മാണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അര്‍വിന്ദ് ലിമിറ്റഡ്. സഹകരണത്തിന് കീഴിലുള്ള പരിശീലന പദ്ധതിക്കായി തങ്ങളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍, പരിശിലന സൗകര്യങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ അര്‍വിന്ദ് ലിമിറ്റഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

18-35 വയസിടയില്‍ പ്രായമുള്ള തൊഴിലില്ലാത്ത യുവജനങ്ങള്‍ക്കാണ് പരിശീലനത്തില്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് ഒരു പ്രസ്താവനയില്‍ അര്‍വിന്ദ് ലിമിറ്റഡ് അറിയിച്ചു. വസ്ത്രം, അലങ്കാരങ്ങള്‍, ഗാര്‍ഹിക ഫര്‍ണിച്ചറുകള്‍ തുടങ്ങിയ മേഖലകളിലാണ് പരിശീലനം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആറോളം തൊളിലുകള്‍ക്ക് ഈ പരിശീലനം യുവജനങ്ങള്‍ക്ക് സഹായകമാകും. മൂന്ന് മുതല്‍ ആറ് മാസം വരെയാണ് നൈപുണ്യ പരിശീലനം നല്‍കുക.

‘നൈപുണ്യ പരിശീലനത്തില്‍ കോര്‍പ്പറേറ്റ് ഇന്ത്യയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്ന് കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു. വ്യവസായ മേഖലയിലുള്ളവര്‍ക്ക് ഡിമാന്‍ഡുകള്‍ക്കനുസൃതമായി ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസക്തമായ പരിശീലനം നല്‍കാനും സാധിക്കും. അത്തരം പരിശീലനങ്ങള്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

Comments

comments

Categories: More