അഭിഷേക് സിംഗ്‌വിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് റിലയന്‍സ്

അഭിഷേക് സിംഗ്‌വിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് റിലയന്‍സ്

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വിക്കെതിരെ 500 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. കമ്പനിക്കെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താന നടത്തിയെന്നാരോപിച്ചാണ് റിലയന്‍സ് ഗ്രൂപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നത്. വന്‍തോതില്‍ വായ്പാ വീഴ്ച വരുത്തിയവരുടെ ലോണ്‍ എഴുതി തള്ളിയിട്ടില്ലെന്ന പ്രസ്താവനയിലൂടെ കേന്ദ്രധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും മനപൂര്‍വം വായ്പാ വീഴ്ച വരുത്തിയ കമ്പനികളുടെ 1.88 ലക്ഷം കോടി രൂപയുടെ കടം സര്‍ക്കാര്‍ എഴുതി തള്ളിയെന്നും അഭിഷേക് സിംഗ്‌വി നേരത്തെ ആരോപിച്ചിരുന്നു.

രാജ്യത്തെ 50 പ്രമുഖ കോര്‍പറേറ്റുകള്‍ ബാങ്കുകള്‍ക്ക് 8.35 ലക്ഷം കോടി രൂപയോളം നല്‍കാനുണ്ടെന്നും ഇതില്‍ ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിലയന്‍സ്, അദാനി, എസ്സാര്‍ കമ്പനികള്‍ക്ക് 3ലക്ഷം കോടി രൂപയോളമാണ് കടബാധ്യതെന്നും സിംഗ്‌വി പറഞ്ഞിരുന്നു. 45,000 കോടി രൂപയുടെ കടബാധ്യത മൂലം ടെലികോം ബിസിനസുകള്‍ അടച്ചുപൂട്ടുകയാണെന്ന് ഇതില്‍ ഒരു കമ്പനി ഒക്‌റ്റോബറില്‍ പ്രഖ്യാപിച്ചിരുന്നു.ഇത് നിഷ്‌ക്രിയാസ്തിയായി പ്രഖ്യാപിക്കുന്നതിന് പകരം റാഫേല്‍ ഇടപാടില്‍ ചെയ്തതു പോലെ ഈ കമ്പനിക്ക് സഹായം നല്‍കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സിംഗ്‌വി ജയ്റ്റ്‌ലിയോട് ചോദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രസ്താവനയ്‌ക്കെതിരെ പരാതി നല്‍കാന്‍ റിയലന്‍സ് ഗ്രൂപ്പ് ഒരുങ്ങുന്നത്.

കടബാധ്യതയ്‌ക്കൊപ്പം സേവനം തുടരാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഡിസംബര്‍ 1 മുതല്‍ ടെലികോം, ഡിടിഎച്ച് സേവനങ്ങള്‍ നിര്‍ത്താന്‍ പോകുകയാണെന്ന് ഒക്‌റ്റോബറില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ പ്രസ്താവിച്ചിരുന്നു.

Comments

comments

Categories: More