ഇന്ത്യയ്‌ക്കെതിരെ നിസ്സാന്‍ നിയമനടപടി തുടങ്ങി

ഇന്ത്യയ്‌ക്കെതിരെ നിസ്സാന്‍ നിയമനടപടി തുടങ്ങി

വിവിധ ആനുകൂല്യങ്ങളായി ലഭിക്കേണ്ട 770 മില്യണ്‍ ഡോളര്‍ കുടിശ്ശിക അനുവദിക്കാത്തതിനെതിരെ ജാപ്പനീസ് കമ്പനി

ന്യൂ ഡെല്‍ഹി : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍ മോട്ടോര്‍, ഇന്ത്യയ്‌ക്കെതിരെ നിയമ നടപടി തുടങ്ങി. വിവിധ ആനുകൂല്യങ്ങളായി ലഭിക്കേണ്ട 770 മില്യണ്‍ ഡോളര്‍ കുടിശ്ശിക അനുവദിക്കാത്തതിനെതിരെയാണ് നിസ്സാന്‍ രംഗത്തെത്തിയിരിക്കുന്നത്. കുടിശ്ശിക ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം പ്രധാന മന്ത്രിയുടെ ഓഫീസിന് നോട്ടീസ് അയച്ചിരുന്നു. കാര്‍ നിര്‍മ്മാണ ശാല സ്ഥാപിച്ചതിന് തമിഴ്‌നാട് സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. നിസ്സാന്‍ 2008 ലാണ് സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പുവെച്ചത്.

തുക അനുവദിക്കണമെന്ന തുടര്‍ച്ചയായ അഭ്യര്‍ത്ഥന തമിഴ്‌നാട് സര്‍ക്കാര്‍ അവഗണിച്ചെന്ന് നോട്ടീസില്‍ പറയുന്നു. ഇതേതുടര്‍ന്ന് കുടിശ്ശിക കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിസ്സാന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഘോസന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. എന്നാല്‍ അതും ഫലം കണ്ടില്ല.

2016 ജൂലൈയില്‍ നിസ്സാന്റെ അഭിഭാഷകര്‍ നോട്ടീസ് അയച്ചതിനെതുടര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ അധികൃതരും നിസ്സാന്‍ ഉദ്യോഗസ്ഥരും ഒരു ഡസനിലധികം തവണ കൂടിക്കാഴ്ച്ച നടത്തി. കുടിശ്ശിക അനുവദിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്. നിയമ നടപടികളിലേക്ക് കടക്കാതെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി ഉന്നത ഉദ്യോഗസ്ഥനും വ്യക്തമാക്കി.

നികുതികള്‍ റീഫണ്ട് ചെയ്യുന്നതുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിസ്സാന്‍ മോട്ടോറിന് ഉറപ്പുനല്‍കിയിരുന്നത്

ജപ്പാനുമായി ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ചാണ് നിസ്സാന്‍ ഇന്ത്യയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ ഇരുപതിലധികം കേസുകളാണ് പലവിധ കാരണങ്ങളാല്‍ വിവിധ നിക്ഷേപകര്‍ നല്‍കിയിരിക്കുന്നത്. ഇത്രയും അന്തര്‍ദേശീയ വ്യവഹാരങ്ങള്‍ നേരിടുന്ന രാജ്യം വേറെയില്ല.

നിസ്സാന്‍ മോട്ടോറും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം കേന്ദ്ര സര്‍ക്കാരിന് തലവേദനയാണ്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മോദി സര്‍ക്കാര്‍ പരിശ്രമിക്കുന്നതിനിടെയാണ് ഇത്തരം പ്രാദേശിക തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരുന്നത്.

ഫോഡ്, ഹ്യുണ്ടായ് തുടങ്ങി നിരവധി വാഹന നിര്‍മ്മാതാക്കളാണ് തമിഴ്‌നാട്ടില്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ദക്ഷിണേഷ്യയിലെ ഡിട്രോയിറ്റ് എന്നാണ് ചെന്നൈ അറിയപ്പെടുന്നത്. നിസ്സാനും ഫ്രഞ്ച് പങ്കാളിയായ റെനോയും ചേര്‍ന്ന് 2008 ലാണ് ചെന്നൈയില്‍ കാര്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിന് നിക്ഷേപം നടത്തിയത്. നികുതികള്‍ റീഫണ്ട് ചെയ്യുമെന്നതുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നിസ്സാന്‍-റെനോ സഖ്യം 61,000 കോടി രൂപയുടെ (946 മില്യണ്‍ ഡോളര്‍) നിക്ഷേപമാണ് നടത്തിയത്. പ്രതിവര്‍ഷം 4.80 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന പ്ലാന്റാണ് സ്ഥാപിച്ചത്. 2015 ല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചുതുടങ്ങുമെന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ ഉറപ്പ്.

ഇന്ത്യയിലെ പാസഞ്ചര്‍ കാര്‍ വിപണിയില്‍ രണ്ട് ശതമാനത്തില്‍താഴെ മാത്രം പങ്കാളിത്തമുള്ള നിസ്സാന്‍ മൈക്ര ഹാച്ച്ബാക്ക്, സണ്ണി സെഡാന്‍, ടെറാനോ എസ്‌യുവി എന്നീ വാഹനങ്ങളാണ് നിര്‍മ്മിച്ചു വില്‍ക്കുന്നത്. ഡാറ്റ്‌സണ്‍ ബ്രാന്‍ഡില്‍ കുറഞ്ഞ വിലയുള്ള കാറുകളും വില്‍ക്കുന്നു. ഇന്ത്യയില്‍ പ്രത്യക്ഷമായും പരോക്ഷമായും 40,000 ലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതായി നിസ്സാന്‍ വക്താവ് അറിയിച്ചു.

Comments

comments

Categories: Auto