സിഡിബിയുടെ പരാതിക്ക് ഭൂരിപക്ഷം വായ്പാദാതാക്കളും എതിരാണെന്ന് ആര്‍കോം

സിഡിബിയുടെ പരാതിക്ക് ഭൂരിപക്ഷം വായ്പാദാതാക്കളും എതിരാണെന്ന് ആര്‍കോം

ആര്‍കോമിന്റെ പ്രാദേശിക വായ്പാദാതാക്കള്‍ ചൈന ഡെവലപ്‌മെന്റ് ബാങ്കുമായി ചര്‍ച്ചയ്ക്ക് നീക്കങ്ങള്‍ നടത്തുന്നുണ്ട്

മുംബൈ: ചൈന ഡെവലപ്‌മെന്റ് ബാങ്ക് (സിഡിബി)തങ്ങള്‍ക്കെതിരെ നല്‍കിയ പാപ്പരത്ത ഹര്‍ജിയോട് ഭൂരിപക്ഷം വായ്പാദാതാക്കള്‍ക്കും എതിര്‍പ്പാണെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം). 1.78 ബില്യണ്‍ ഡോളറിന്റെ വായ്പാ വീണ്ടെടുക്കലിനാണ് ആര്‍കോമിനെതിരെ ചൈന ഡെവലപ്‌മെന്റ് ബാങ്ക് പരാതി നല്‍കിയത്. എന്നാല്‍ ഈ നീക്കത്തിനോട് ആര്‍കോമിന്റെ മറ്റ് വായ്പാദാതാക്കള്‍ക്ക് എതിര്‍പ്പാണെന്നാണ് സൂചന. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ആര്‍കോമിന്റെ പ്രാദേശിക വായ്പാദാതാക്കള്‍ ചൈന ഡെവലപ്‌മെന്റ് ബാങ്കുമായി ചര്‍ച്ചയ്ക്ക് നീക്കങ്ങള്‍ നടത്തുന്നുണ്ട്.

ആര്‍കോമിന്റെ മൊത്തം കടബാധ്യതയില്‍ 37.11 ശതമാനമാണ് സിഡിബിയ്ക്ക് നല്‍കാനുള്ളത്. ഏകദേശം 11,460 കോടി രൂപ വരുമിത്. ഇതിനെതിരെ കഴിഞ്ഞ ആഴ്ചയാണ് നാഷണല്‍ ലോ കമ്പനി ട്രൈബ്യൂണലി(എന്‍സിഎല്‍ടി) നെ സിഡിബി സമീപിച്ചത്. ആര്‍കോമിനെതിരായ പാപ്പരത്ത നടപടികള്‍ കമ്പനിയുടെ ആസ്തി മൂല്യം കുറയ്ക്കുമെന്നും അതിനാല്‍ തന്ത്രപരമായ വാങ്ങലുകളൊന്നും തന്നെ നടക്കില്ലെന്നുമാണ് ആഭ്യന്തര വായ്പാദാതാക്കള്‍ വിലയിരുത്തുന്നത്. അതിനാല്‍ തന്നെ തങ്ങളുടെ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാകാന്‍ സിഡിബിയോട് മറ്റ് വായ്പാദാതാക്കള്‍ ആവശ്യപ്പെട്ടേക്കും.

നവംബര്‍ 29ന് ചേര്‍ന്ന യോഗത്തില്‍ ആര്‍കോമിന്റെ ഭൂരിപക്ഷം വായ്പാദാതാക്കളും സിഡിബിയുടെ പരാതിയെ എന്‍എസിഎല്‍ടിയുടെ മുമ്പാകെ എതിര്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ആര്‍കോം പ്രസ്താവനയില്‍ വ്യക്തമാക്കി. സിഡിബിക്കെതിരെ നിയമോപദേഷ്ടാക്കളായി ജെ സാഗര്‍ അസോസിയേറ്റ്‌സിനെ നിയമിക്കാനും ബാങ്കുകള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നിരുന്നാലും അന്തിമമായി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

സ്ട്രാറ്റജിക് ഡെറ്റ് റീസ്ട്രക്ചറിംഗ് (എസ്ഡിആര്‍) ചട്ടത്തിന് കീഴില്‍ ആര്‍കോമിന്റെ കടം പുനഃക്രമീകരിക്കാനുള്ള നീക്കത്തിന് സിഡിബിയുടെ പരാതി പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് ബാങ്കുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 45,000 കോടി രൂപയോളം കടബാധ്യതയുള്ള ആര്‍കോം എസ്ഡിആര്‍ പ്രക്രിയ ഇക്കഴിഞ്ഞ ജൂണില്‍ ആരംഭിച്ചിട്ടുണ്ട്. കടബാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ എയര്‍സെല്ലുമായി ആര്‍കോം ലയന നീക്കം നടത്തിയിരുന്നുവെങ്കിലും അത് പിന്നീട് ഉപേക്ഷിക്കപ്പെട്ടു.

കടബാധ്യതയില്‍ മുങ്ങിയ ആര്‍കോം തങ്ങളുടെ വയര്‍ലെസ് സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എയര്‍സെല്ലുമായുള്ള ലയനനീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കിട്ടാക്കടത്തിന് പകരം ബാങ്കുകള്‍ക്ക് ഓഹരികള്‍ കൈമാറുന്നതിനുള്ള നിര്‍ദേശം ആര്‍കോം മുന്നോട്ടുവെച്ചിരുന്നു. 7,000 കോടി രൂപയുടെ വായ്പ ഓഹരികളാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് വായ്പാദാതാക്കള്‍ക്ക് മുന്നില്‍ ആര്‍കോം അവതരിപ്പിച്ചത്. ടെലികോം,ടവര്‍ ആസ്തികളുടെയും റിയല്‍ എസ്‌റ്റേറ്റ് ആസ്തികളുടെയും വില്‍പ്പന വഴി കടബാധ്യത കുറയ്ക്കുന്ന കാര്യവും ആര്‍കോം പരിഗണിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy