കോഹ്ലി ഇഫക്റ്റ്: വേദാന്തിന്റെ  ലാഭം കുതിച്ചു

കോഹ്ലി ഇഫക്റ്റ്: വേദാന്തിന്റെ  ലാഭം കുതിച്ചു

2015-16 ധനകാര്യ വര്‍ഷവുമായി തട്ടിക്കുമ്പോള്‍ കമ്പനിയുടെ ലാഭം 23.4 ശതമാനം ഉയര്‍ന്ന് 111.30 കോടി രൂപയിലെത്തി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ക്രീസിലെത്തിയാല്‍ പിന്നെ റണ്‍സിന് പഞ്ഞമില്ല. ബൗളര്‍മാരെ കളത്തിന്റെ നാലുപാടും പായിക്കാന്‍ വിരുതന്‍. കളത്തിനു പുറത്തും വിരാട് രാശിയുള്ളയാള്‍ തന്നെ. അല്ലെന്ന് കുറഞ്ഞ പക്ഷം വേദാന്ത് ഫാഷന്‍സ് എങ്കിലും പറയില്ല. കോഹ്ലി പിന്തുണയ്ക്കുന്ന വസ്ത്ര ബ്രാന്‍ഡായ വേദാന്ത് ഫാഷന്‍സിന്റെ ലാഭത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. 2015-16 ധനകാര്യ വര്‍ഷവുമായി തട്ടിക്കുമ്പോള്‍ കമ്പനിയുടെ ലാഭം 23.4 ശതമാനം ഉയര്‍ന്ന് 111.30 കോടി രൂപയിലെത്തി. വരുമാനം 21 ശതമാനം അധികരിച്ച് 610.24 കോടി രൂപയായും മാറിയിട്ടുണ്ട്.

മോഹെ ഫാഷന്‍സ്, മാന്യവര്‍ ക്രിയേഷന്‍സ് എന്നിവ വേദാന്ത് ഫാഷന്‍സിന്റെ സ്വന്തം ഉടമസ്ഥതയിലെ അനുബന്ധ സ്ഥാപനങ്ങളാണ്. വേദാന്ത് ലാഭം നേടിയെങ്കിലും 2016ല്‍ പ്രവര്‍ത്തനം ആരംഭിച്ച മോഹെ ഫാഷന്‍സ് 95,366 രൂപയുടെ നഷ്ടത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1999ല്‍ നിലവില്‍വന്ന മാന്യവര്‍ ബ്രാന്‍ഡിന് ഇന്ത്യ, ബംഗ്ലാദേശ്, യുഎഇ, നേപ്പാള്‍, യുഎസ് എന്നിവിടങ്ങളിലായി 450 സ്റ്റോറുകള്‍ ഉണ്ട്. കൂടാതെ, 100 ഫഌഗ്ഷിപ് സ്റ്റോറുകളും 12 അന്താരാഷ്ട്ര സ്‌റ്റോറുകളും മാന്യവര്‍ പ്രവര്‍ത്തിപ്പിക്കുന്നു. പരമ്പരാഗത വസ്ത്രങ്ങളുടെയും പാര്‍ട്ടി വെയറുകളുടെയും റെഡിമെയ്ഡ് തുണിത്തരങ്ങളുടെയും നിര്‍മാണത്തിലും വ്യാപാരത്തിലുമാണ് വേദാന്ത് ഫാഷന്‍സ് പ്രധാനമായും ശ്രദ്ധയൂന്നിയിരിക്കുന്നത്.

വിദേശത്തെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് കമ്പനിയിപ്പോള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കയറ്റുമതിയിലൂടെ ബിസിനസ് വ്യാപിപ്പിക്കാനും അവര്‍ ഉന്നമിടുന്നു. ലയനത്തിലൂടെയും ഏറ്റെടുക്കലുകളിലൂടെയുമുള്ള വളര്‍ച്ചയ്ക്കും കമ്പനി ഒരുങ്ങുന്നുണ്ട്. മുന്‍നിര പാശ്ചാത്യ വസ്ത്ര ബ്രാന്‍ഡുകളായ സാറയും എച്ച്&എമ്മും രാജ്യത്ത് പ്രവേശിച്ചാലും പരമ്പരാഗത വസ്ത്രങ്ങള്‍ക്കുള്ള ആവശ്യം ശക്തമായി തന്നെ നിലനില്‍ക്കുമെന്ന് വിദഗ്ധര്‍ നിരീക്ഷിച്ചു.

ഗവേഷണ സ്ഥാപനമായ ഡിലോയിറ്റിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ പരമ്പരാഗത വസ്ത്ര വിപണിയുടെ മൂല്യം 70,000 കോടി രൂപ വരും. ഇതില്‍ 70 ശതമാനവും കവരുന്നത് അസംഘടിത കമ്പനികളാണ്. വിരാട് കോഹ്ലി, ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ എന്നിവരിലൂടെ ശക്തമായ പരസ്യ കാംപെയ്‌നുകളാണ് മാന്യവര്‍ നടത്തുന്നത്. ഇത് വില്‍പ്പന വലിയതോതില്‍ വര്‍ധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്-ഡിലോയിറ്റിന്റെ പങ്കാളി രജത് വാഹി ചൂണ്ടിക്കാട്ടി. കൂടാതെ, വിവാഹം, ഉല്‍സവ സീസണ്‍, തൊഴിലുള്ള സ്ത്രീകളില്‍ നിന്നുള്ള ആവശ്യം വര്‍ധിച്ചത് എന്നിവ കാരണം ബ്രാന്‍ഡിന്റെ പരമ്പരാഗത വസ്ത്രങ്ങളുടെ ആവശ്യകതയില്‍ മുന്നേറ്റമുണ്ടായിരുന്നു.

Comments

comments

Categories: Business & Economy