കേരളം ഡിജിറ്റല്‍ ഭാവിയിലേക്ക്

കേരളം ഡിജിറ്റല്‍ ഭാവിയിലേക്ക്

ആഗോള സംരംഭകരംഗത്ത് തനത് മുദ്ര പതിപ്പിക്കാന്‍ സഹായിക്കും കേരളം ആസൂത്രണം ചെയ്യുന്ന ഫ്യൂച്ചര്‍ ഉച്ചകോടി. ഒപ്പം പുതിയ യുഗത്തിലേക്കുള്ള കേരളത്തിന്റെ കാല്‍വെപ്പിന് കുതിപ്പേകുകയും ചെയ്യും

പല മാറ്റങ്ങള്‍ക്കും നാന്ദി കുറിക്കപ്പെട്ടത് കേരളത്തിലായിരുന്നെങ്കിലും അതിനെ പൂര്‍ണതലത്തില്‍ ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിച്ചില്ല എന്നതാണ് വാസ്തവം. ഏറ്റവും വലിയ ഉദാഹരണം ടെക്‌നോപാര്‍ക്ക് തന്നെയാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു ഐടി ടെക്‌നോപാര്‍ക്ക് വന്നത് നമ്മുടെ തിരുവനന്തപുരത്താണ്. എന്നാല്‍ ഐടി വികസനത്തില്‍ മറ്റ് പല സംസ്ഥാനങ്ങളും നമ്മളെക്കാള്‍ മുന്നേറി നേട്ടം കൊയ്തു. ഭാവിയെ മുന്‍നിര്‍ത്തി ചിന്തിക്കാത്തത്തും ഇച്ഛാശക്തിയില്ലാത്ത ഭരണ നേതൃത്വങ്ങളുമാണ് ഇത്തരമൊരു സവിശേഷ സാഹചര്യം ഇവിടെ സൃഷ്ടിച്ചത്.

ഡിജിറ്റല്‍ യുഗത്തില്‍ ഇനിയും കേരളം പിന്തള്ളപ്പെട്ടു പോകരുത് എന്ന ചിന്തയിലാകണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാവിയെ മുന്നില്‍ കണ്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അതില്‍ സുപ്രധാനവും പ്രസക്തവുമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ഫ്യൂച്ചര്‍ ഉച്ചകോടി. ആഗോള സംരംഭകത്വരംഗത്ത് കേരളത്തിന്റെ ഡിജിറ്റല്‍ കയ്യൊപ്പ് ചാര്‍ത്താനുള്ള ശ്രമമെന്ന നിലയിലും ഭാവിയിലേക്കുള്ള ചുവടുവെപ്പെന്ന നിലയിലുമാണ് ഫ്യൂച്ചര്‍ ശ്രദ്ധേയമാകുന്നത്. ഇത്തരമൊരു ആശയം നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ ഉദ്യമം തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്.

മാര്‍ച്ച് 22, 23 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിവരസാങ്കേതിക വ്യവസായ മേഖലയിലെ ആഗോള പ്രമുഖരുടെ സാന്നിധ്യവും ഡിസ്‌റപ്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമുണ്ടാകും. രണ്ട് വര്‍ഷത്തിലൊരിക്കല്‍ വലിയ തോതില്‍ ഈ ഫ്യൂച്ചര്‍ ഉച്ചകോടി സംഘടിപ്പിക്കാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം. വിജ്ഞാനവ്യവസായ മേഖലയിലെ നൂതനപ്രവണതകള്‍, അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍, ഡിജിറ്റല്‍ നൂതനാശയങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂലമായ ഹബ്ബ് ആയി കേരളത്തെ ഉയര്‍ത്തിക്കാട്ടാനുള്ള വഴികള്‍ എന്നിവയാണ് ഉച്ചകോടിയില്‍ ചര്‍ച്ചയാകുക.

ഡിജിറ്റല്‍ യുഗത്തിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനം ത്വരിതപ്പെടുത്താന്‍ സര്‍ക്കാരിന് ഉപദേശം നല്‍കുന്നതിനായി ഉന്നതാധികാര വിവരസാങ്കേതിക സമിതി(എച്ച്പിഐസി)ക്കു രൂപം നല്‍കിയതും ഉചിതമായ തീരുമാനം തന്നെ. ഇന്ത്യന്‍ ഐടി ചരിത്രത്തിന്റെ തന്നെ ഭാഗമായ ഇന്‍ഫോസിസ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചവരിലൊരാളായ എസ് ഡി ഷിബുലാലിനെ ഈ സമിതിയുടെ തലവനാക്കിയതും ഗുണം ചെയ്യും. ഡിജിറ്റല്‍ ലോകത്ത് നേട്ടങ്ങള്‍ സൃഷ്ടിച്ചവരുടെ ശൃംഖലയ്ക്കു രൂപംകൊടുക്കാനും നിലനിര്‍ത്താനും സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ താല്‍പര്യങ്ങളെ പിന്തുണയ്ക്കുന്ന പ്രചോദന കേന്ദ്രങ്ങളാകാന്‍ പ്രേരണ ചെലുത്താനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് പ്രഖ്യാപനം.

അതിവേഗത്തിലാണ് സാങ്കേതികയുഗം മാറിക്കൊണ്ടിരിക്കുന്നത്. കൃത്രിമ ബുദ്ധിയും (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) മെഷീന്‍ ലേണിംഗും എല്ലാം അടിസ്ഥാനപ്പെടുത്തി സര്‍വ മേഖലകളിലും അടിമുടി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിന് മുഖംതിരിഞ്ഞു നില്‍ക്കാന്‍ സാധിക്കില്ല. റോബോട്ടിന് പൗരത്വം നല്‍കുന്ന തലത്തിലേക്ക് സൗദിയെപ്പോലുള്ള രാജ്യങ്ങള്‍ മാറാന്‍ തുടങ്ങിയെന്നതും മറക്കരുത്. ഐടി, ഓട്ടൊമൊബീല്‍ തുടങ്ങിയ മേഖലകളില്‍ എല്ലാം തന്നെ ഓട്ടോമേഷന്റെ സാധ്യതകളാണ് ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്. വന്‍തോതില്‍ തൊഴില്‍ നഷ്ടം സംഭവിക്കുന്നതോടൊപ്പം തന്നെ നവീനമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പുതിയ കാലത്തെ തൊഴില്‍ ചെയ്യാന്‍ എങ്ങനെ നമുക്ക് സജ്ജരാകാം എന്നതാണ് പ്രധാനം. അതിനുവേണ്ടിയാകണം ഇത്തരത്തിലുള്ള ഉച്ചകോടികള്‍ ഉപയോഗപ്രദമാകേണ്ടത്.

സംസ്ഥാനത്ത് സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിവരസാങ്കേതിക ഉച്ചകോടിയെന്ന നിലയില്‍ ഫ്യൂച്ചര്‍ വന്‍വിജയം തന്നെയാകട്ടെയെന്ന് കേരളത്തിന്റെ ഭാവി മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന മാധ്യമമെന്ന നിലയില്‍ ഫ്യൂച്ചര്‍ കേരളയും ആശംസിക്കുന്നു. കേരളത്തിന്റെ ഡിജിറ്റല്‍ യുഗത്തിലേക്കുള്ള കുതിപ്പില്‍ പുതിയ വഴിത്തിരിവാകട്ടെ ഇത്.

Comments

comments

Categories: Editorial, Slider