ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 5 ട്രില്യണ്‍ ഡോളറിലേക്ക് വളരും:മുകേഷ് അംബാനി

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 5 ട്രില്യണ്‍ ഡോളറിലേക്ക് വളരും:മുകേഷ് അംബാനി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 2024ഓടെ 5 ട്രില്യണ്‍ ഡോളറിലേക്ക് വളരുമെന്നും 21-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ രാജ്യത്തിന്റെ ഉയര്‍ച്ച ചൈനയുടെതിനേക്കാള്‍ വലുതായിരിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ന്യൂഡെല്‍ഹിയില്‍ നടന്ന ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004ല്‍ 500 ബില്യണ്‍ ഡോളറായിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 20 വര്‍ഷത്തിനുള്ളില്‍ 5 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് താന്‍ നേരത്തേ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ 2024ന് മുന്‍പു തന്നെ ആ നേട്ടം തീര്‍ച്ചയായും ഇന്ത്യ കൈവരിക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജിഡിപി വലുപ്പം ഏകദേശം 2.5 ട്രില്യണ്‍ ഡോളറാണ്. ലോകത്തില്‍ ആറാം സ്ഥാനമാണ് ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കുള്ളത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 7 ട്രില്യണ്‍ ഡോളറായി ഉയര്‍ത്താനും ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനും നമുക്ക് സാധിക്കും. 2030തോടെ ജിഡിപി വളര്‍ച്ച 10 ട്രില്യണ്‍ ഡോളറിലെത്തിച്ച് ഇന്ത്യയ്ക്ക് ചൈനയുമായും യുഎസുമായമുള്ള അന്തരം ഏറക്കുറെ നികത്താനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നൂറ്റാണ്ടില്‍ അമേരിക്കയേക്കാളും ചൈനയേക്കാളും ഇന്ത്യ സമ്പന്നമാകുമെന്ന ശുഭാപ്തി വിശ്വാസവും മുകേഷ് അംബാനി പങ്കുവെച്ചു. അടുത്ത മൂന്ന് നൂറ്റാണ്ടുകള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. മികച്ചതും വ്യത്യസ്തവുമായ ഒരു വികസന മാതൃക ഇന്ത്യ സൃഷ്ടിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories