യതിയെ കുറിച്ചുള്ള സങ്കല്‍പ്പം വെറും കെട്ടുകഥ മാത്രമോ ?

യതിയെ കുറിച്ചുള്ള സങ്കല്‍പ്പം വെറും കെട്ടുകഥ മാത്രമോ ?

ഭീബത്സ രൂപിയായ മഞ്ഞുമനുഷ്യനാണു യതിയെന്നും അതല്ല, ഹിമക്കരടിയാണ് യതിയെന്നും വിശ്വാസങ്ങളുണ്ട്. നൂറ്റാണ്ടുകളായി നേപ്പാളിന്റെ ഐതിഹ്യങ്ങളില്‍ യതിക്കു വലിയ പ്രാധാന്യമാണുള്ളത്. എന്നാല്‍ ബുധനാഴ്ച പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ ഗവേഷണഫലം പറയുന്നത് യതി ജീവിച്ചിരുന്നില്ലെന്നാണ്.

വിനോദസഞ്ചാരത്തിനും പര്യവേക്ഷണത്തിനുമൊക്കെയായി ഹിമാലയന്‍ പ്രദേശങ്ങളില്‍ പോകുന്നവര്‍ ഇനി മുതല്‍ ഭീമാകാരമായ യതിയെ ഭയപ്പെടേണ്ടതില്ല. യതിയുടേതെന്നു പറയപ്പെടുന്ന ജീവികളുടെ ശേഷിപ്പുകളില്‍നിന്നും ശേഖരിച്ച ഒന്‍പത് സാംപിളുകളുടെ ഡിഎന്‍എ പരിശോധിച്ചപ്പോള്‍ അവയില്‍ എട്ട് സാംപിളുകളും യതിയുടേതല്ലെന്നും ഈ പ്രദേശത്തുള്ള പലതരം വിഭാഗത്തില്‍പ്പെട്ട കരടികളുടേതുമായി സാമ്യമുണ്ടെന്നും ഏറ്റവും പുതിയ പഠനം കണ്ടെത്തിയിരിക്കുന്നു. Proceedings of the Royal Society B യുടെ മാസികയില്‍ പഠന റിപ്പോര്‍ട്ട് ബുധനാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1950-ല്‍ പര്‍വതാരോഹകര്‍ ഹിമാലയത്തില്‍ വച്ചു യതിയെ കണ്ടപ്പോള്‍. ചിത്രകാരന്റെ ഭാവനയില്‍ വരച്ചതാണ് ഈ ചിത്രം.

ഹിമാലയത്തിലും ടിബറ്റന്‍ പീഠഭൂമിയിലും നിന്നും ശേഖരിച്ചതിനു ശേഷം വിവിധ മ്യൂസിയങ്ങളില്‍ യതിയുടേതെന്നു കരുതി സൂക്ഷിച്ചിരിക്കുന്ന എല്ലുകള്‍, പല്ലുകള്‍, ചര്‍മം, മുടി, വിസര്‍ജ്ജ്യ സാംപിളുകള്‍ എന്നിവയാണു പഠനങ്ങള്‍ക്കു വിധേയമാക്കിയത്. എന്നാല്‍ ഇവയൊന്നും യതിയുടേതല്ലെന്നും പ്രദേശത്തു വസിക്കുന്ന വിവിധ വിഭാഗത്തില്‍പ്പെട്ട കരടികളുടെയും നായയുടെയും അവശിഷ്ടങ്ങളാണെന്നുമാണു പഠനം വ്യക്തമാക്കുന്നത്.

യതിയുടെ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ഇന്നും ഹിമാലയന്‍ പ്രദേശങ്ങളിലുള്ള ചില ആശ്രമങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. നാടോടികളായ ഇടയന്മാരും യതിയുടെ ശരീരത്തില്‍നിന്നും ലഭിച്ചവയെന്നു വിശേഷിപ്പിക്കുന്ന രോമങ്ങള്‍ കണ്ടെത്തുകയും അവ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രദേശത്തുള്ള ഒരു ആത്മീയ വൈദ്യന്‍ (സ്പിരിച്വല്‍ ഹീലര്‍) യതിയുടെ എല്ല് സൂക്ഷിക്കുന്നുണ്ട്. യതിയെ കുറിച്ചു ഗവേഷണം നടത്തിയവരെല്ലാം ഇക്കാര്യങ്ങള്‍ പഠനത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു.

ഏഷ്യന്‍ ബ്ലാക്ക് ബിയര്‍, ഹിമാലയന്‍ ബ്രൗണ്‍ ബിയര്‍, ടിബറ്റന്‍ ബ്രൗണ്‍ ബിയര്‍ തുടങ്ങിയ കരടികള്‍ യതിയെ കുറിച്ചുള്ള പുരാണ കഥകള്‍ പ്രചരിക്കാന്‍ സഹായകരമായിട്ടുണ്ടെന്നാണു പുതിയ പഠനങ്ങള്‍ പറയുന്നത്.

‘ഐതിഹ്യത്തില്‍ പരാമര്‍ശിക്കുന്ന യതിയുടെ ജീവശാസ്ത്രപരമായ അടിത്തറ, പ്രാദേശിക കരടികളില്‍ കണ്ടെത്താമെന്നാണു ഞങ്ങളുടെ ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നതെന്നു’ യുഎസ്സിലെ യൂണിവേഴ്‌സിറ്റി ഓഫ് ബഫല്ലോയിലെ മുഖ്യ ഗവേഷക ഡോ. ഷാര്‍ലെറ്റ് ലിങ്ക്വിസ്റ്റ് പറഞ്ഞു. യതിയെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഇവരാണു നേതൃത്വം കൊടുത്തത്. ‘യതിയെ കുറിച്ചുള്ള ഞങ്ങളുടെ പഠനത്തിലൂടെ ജനിതകശാസ്ത്രങ്ങള്‍ക്കു മറ്റു സമാനമായ നിഗൂഢതകളെയും രഹസ്യങ്ങളെയും തുറന്നു കാണിക്കാന്‍ കഴിയുമെന്നും തെളിയിച്ചതായി’ ഡോ. ഷാര്‍ലെറ്റ് പറഞ്ഞു.

എവറസ്റ്റ് കൊടുമുടിയില്‍ വച്ച് 1951-ല്‍ കാമറയില്‍ ഒപ്പിയെടുത്ത യതിയുടേതെന്നു കരുതപ്പെടുന്ന കാല്‍പ്പാട്.

നൂറ്റാണ്ടുകളായി നേപ്പാളിന്റെ ഐതിഹ്യങ്ങളില്‍ യതിക്കു വലിയ പ്രാധാന്യമാണുള്ളത്. മെഹ്‌തെഹ് എന്നും ഇവ പ്രാദേശികമായി അറിയപ്പെടുന്നു. ഹിമാലയന്‍ പ്രദേശങ്ങളില്‍ ചുറ്റി സഞ്ചരിക്കുന്ന ഈ ജീവി മനുഷ്യക്കുരങ്ങ് പോലുള്ളതാണ്. എന്നാല്‍ യതി ജീവിച്ചിരിക്കുന്നതായി ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഇത് ഒരു സങ്കല്‍പ്പം മാത്രമായാണു ശാസ്ത്രലോകം കണക്കാക്കി പോരുന്നത്. പുതിയ പഠനവും വ്യക്തമാക്കുന്നതും ഇതു തന്നെയാണ്. ഷെര്‍പ്പകള്‍ക്കിടയിലും ഹിമാലയത്തിലെ മറ്റു ഗോത്ര ജനവിഭാഗങ്ങള്‍ക്കിടയിലും യതിയെപ്പറ്റി പല കഥകളും തലമുറകളായി കേള്‍ക്കുന്നുണ്ട്. ഭീബത്സ രൂപിയായ മഞ്ഞുമനുഷ്യനാണു യതിയെന്നും അതല്ല, ഹിമക്കരടിയാണു യതിയെന്നും വിശ്വാസങ്ങളുണ്ട്. ഹിമാലയ പര്‍വതത്തില്‍ പര്യവേഷണത്തിലിരുന്ന ബ്രിട്ടീഷുകാരിലൂടെയാണു യതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി ലോകത്തിനു മുന്‍പിലെത്തുന്നത്. 1997-ല്‍ ഇറ്റാലിയന്‍ പര്‍വതാരോഹകനായ റെയ്‌നോള്‍ഡ് മെസ്സ്‌നര്‍ യതിയെ നേരില്‍ കണ്ടതായും അവകാശപ്പെടുന്നു. യതി എന്ന അജ്ഞാത ജീവിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു കഥ, അവ മനുഷ്യപൂര്‍വികരും മനുഷ്യനും അടങ്ങുന്ന ജന്തുവര്‍ഗ്ഗങ്ങളായ ഹോമിനിഡുകളുടെ അവശേഷിക്കുന്ന വിഭാഗക്കാരാണെന്നതാണ്. അവര്‍ മനുഷ്യരുടെ പുരാതന ബന്ധുക്കളാണ്, ചിലഘട്ടത്തില്‍ ഒറ്റപ്പെട്ടുപോവുകയും, എന്നാല്‍ അതിജീവനത്തിന്റെ പാത തേടുകയും ചെയ്യുന്നവരാണെന്നും പറയപ്പെടുന്നു.

ഏഷ്യന്‍ ബ്ലാക്ക് ബിയര്‍, ഹിമാലയന്‍ ബ്രൗണ്‍ ബിയര്‍, ടിബറ്റന്‍ ബ്രൗണ്‍ ബിയര്‍ തുടങ്ങിയ കരടികള്‍ യതിയെ കുറിച്ചുള്ള പുരാണ കഥകള്‍ പ്രചരിക്കാന്‍ സഹായകരമായിട്ടുണ്ടെന്നാണു പുതിയ പഠനങ്ങള്‍ പറയുന്നത്. യതിയെ കുറിച്ചുള്ള കെട്ടുകഥകളുടെ രഹസ്യം പുറത്തുകൊണ്ടു വന്നതിനൊപ്പം പുതിയ പഠനത്തിലൂടെ ഏഷ്യന്‍ കരടിയുടെ പരിണാമ ചരിത്രത്തെ കുറിച്ചുള്ള വിവരങ്ങളും കണ്ടെത്താന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു. ഹിമാലയന്‍ പ്രദേശത്തെ കരടികള്‍ ഒരു സംരക്ഷണ കാഴ്ചപ്പാടില്‍ നിന്നും നോക്കുമ്പോള്‍, എളുപ്പത്തില്‍ നശിച്ചു പോകാവുന്നതോ അല്ലെങ്കില്‍ ഗുരുതരമാം വിധം വംശനാശ ഭീഷണി നേരിടുന്നവയോ ആണെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ഹിമാലയ പര്‍വതത്തില്‍ പര്യവേഷണത്തിലിരുന്ന ബ്രിട്ടീഷുകാരിലൂടെയാണു യതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി ലോകത്തിനു മുന്‍പിലെത്തുന്നത്. 1997-ല്‍ ഇറ്റാലിയന്‍ പര്‍വതാരോഹകനായ റെയ്‌നോള്‍ഡ് മെസ്സ്‌നര്‍ യതിയെ നേരില്‍ കണ്ടതായും അവകാശപ്പെടുന്നു.

ഹിമാലന്‍ ബ്രൗണ്‍ കരടികള്‍ ഇത്തരത്തില്‍ വംശനാശ ഭീഷണി നേരിടുന്നവയാണെന്നും അവര്‍ പറയുന്നു. കരടികള്‍ ഭൂരിഭാഗവും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലാണു പാര്‍ക്കുന്നത്. ഇതും കരടികളുടെ നിലനില്‍പ്പിനെ ബാധിക്കുന്നുണ്ട്. ചില ഘട്ടങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളും ഇവയ്ക്കു ഭീഷണിയായി മാറുന്നുണ്ട്. 650,000 വര്‍ഷങ്ങള്‍ക്കു മുന്‍പു സംഭവിച്ചെന്നു പറയപ്പെടുന്ന ഗ്ലേസിയേഷനാണു (ഹിമത്താല്‍ മൂടുക) ഹിമാലയന്‍ കരടികളെ മറ്റു കരടികളില്‍നിന്നും വേര്‍പെടുത്തിയതെന്നു കരുതുന്നു. അതു കൊണ്ടാണ് ടിബറ്റന്‍ ബ്രൗണ്‍ കരടികള്‍ക്ക് വടക്കേ അമേരിക്കയിലെയും യൂറേഷ്യയിലെയും മൃഗങ്ങളുമായി സാമ്യമുള്ളത്. അതേസമയം ഹിമാലയന്‍ ബ്രൗണ്‍ കരടികളുടെ വംശപരമ്പര സമാനമില്ലാത്തവയുമാണ്.

Comments

comments

Categories: FK Special, Slider