തീവ്രവാദവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്യുന്നു

തീവ്രവാദവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്യുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മറ്റ് ഓട്ടോമേറ്റഡ് ടെക്‌നിക്കുകള്‍ എന്നിവ ഉപയോഗിച്ചു കൊണ്ട് തീവ്രവാദവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നും എന്നാല്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആവശ്യമാണെന്നും ഫെയ്‌സ്ബുക്ക് വൃത്തങ്ങള്‍ പറഞ്ഞു.
അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകര സംഘടനകളെ കുറിച്ചുള്ള 99 ശതമാനം വിവരങ്ങളും മറ്റ് വസ്തുക്കളും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടും. ഈ സംഘടനകളെ കുറിച്ചു പോസ്റ്റ് ചെയ്യുന്ന വിവരങ്ങള്‍ ഇതു വീക്ഷിക്കുന്ന യൂസര്‍മാരേക്കാള്‍ മുന്‍പു ഫെയ്‌സ്ബുക്ക് തന്നെ തിരിച്ചറിഞ്ഞു നീക്കം ചെയ്തതായും കമ്പനി അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഇതു സാധ്യമാക്കുന്നത്. ഈ സംവിധാനം പൂര്‍ണമായ രീതിയില്‍ ഉപയോഗിക്കാന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്നു ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഭീകരതയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യുമെന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു.

ഏതൊക്കെ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന കാര്യം ഉറപ്പുവരുത്തുന്നതിനായി മനുഷ്യരെയും സോഫ്റ്റ്‌വെയറുകളെയുമാണു ഫെയ്‌സ്ബുക്ക് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഈ ദൗത്യം ഇപ്പോള്‍ പ്രധാനമായും അതിന്റെ ഓട്ടോമേറ്റഡ് സംവിധാനങ്ങളാണ് നിര്‍വഹിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും വലിയ ഭീഷണിയുയര്‍ത്തുന്ന രണ്ട് സംഘടനകളാണ് അല്‍-ഖ്വയ്ദയും ഐഎസും. ഈയൊരു കാരണത്താലാണു ഫെയ്‌സ്ബുക്ക് ഈ രണ്ട് സംഘടനകളെയും കേന്ദ്രീകരിച്ചതെന്നും അറിയിച്ചു. മറ്റ് സംഘടനകളുടെ പ്രവര്‍ത്തനങ്ങളെയും ഫെയ്‌സ്ബുക്ക് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത് അത്ര എളുപ്പമല്ലെന്നാണു കമ്പനി പറയുന്നത്.

ഒരു തീവ്രവാദ സംഘടനയെ തിരിച്ചറിയാന്‍ രൂപകല്‍പന ചെയ്ത സംവിധാനം ഉപയോഗിച്ചു മറ്റു സംഘടനകളെ തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. കാരണം ഓരോ സംഘടനകളും ഉപയോഗിക്കുന്ന ഭാഷകളും ശൈലികളും വ്യത്യസ്തമായിരിക്കും. ഈയൊരു ഘടകമാണു വലിയ തടസം തീര്‍ക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് ഗ്ലോബല്‍ പോളിസി തലവന്‍ മോണിക്ക ബിക്ക്‌ബെര്‍ട്ടും തീവ്രവാദ വിരുദ്ധ വിഭാഗം തലവന്‍ ബ്രയാന്‍ ഫിഷ്മാനും പറഞ്ഞു.

Comments

comments

Categories: FK Special