സിഎസ്ആര്‍ ചെലവിടല്‍ ഇനിയും കൂടണം

സിഎസ്ആര്‍ ചെലവിടല്‍ ഇനിയും കൂടണം

ഇന്ത്യയിലെ കമ്പനികളുടെ സിഎസ്ആര്‍ ചെലവിടലില്‍ വര്‍ധനയുണ്ടെങ്കിലും ഇത് കുറച്ചു കൂടി ക്രിയാത്മകവും ഫലവത്തും ആകേണ്ടതുണ്ട്

സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികളുടെ ഭാഗമായി ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അടുത്തിടെ പുറത്തുവന്ന നാസ്‌കോം ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. നാസ്‌കോം നടത്തിയ സര്‍വേയില്‍ പങ്കെടുത്ത കമ്പനികളില്‍ 60 ശതമാനത്തിലധികവും സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ അഞ്ച് ശതമാനം കമ്പനികള്‍ മാത്രമാണ് അവരുടെ സിഎസ്ആര്‍ ഫണ്ടിന്റെ 50 ശതമാനത്തില്‍ താഴെ ചെലവാക്കിയത്. വിദ്യാഭ്യാസമാണ് മിക്ക കമ്പനികളും സിഎസ്ആര്‍ പദ്ധതികള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്ന മേഖല.

ബഹുരാഷ്ട്ര കമ്പനികളില്‍ 63.3 ശതമാനവും ആ ഗണത്തില്‍ പെടാത്ത കമ്പനികളില്‍ 68 ശതമാനവും സിഎസ്ആര്‍ ഫണ്ട് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ദാരിദ്ര്യം അകറ്റുന്ന പ്രക്രിയകള്‍, ലിംഗ സമത്വത്തിനായുള്ള മുന്നേറ്റങ്ങള്‍ എന്നിവയ്ക്കാണ് വിദ്യാഭ്യാസം കഴിഞ്ഞാല്‍ കമ്പനികള്‍ ഫണ്ട് വിനിയോഗിച്ചിരിക്കുന്നത്.
സര്‍വെ ഫലങ്ങള്‍ വിശ്വാസയോഗ്യമാണെങ്കില്‍ തീര്‍ച്ചയായും നല്ല പ്രവണതയാണിത്. കോര്‍പ്പറേറ്റുകള്‍ കൂടുതല്‍ സാമൂഹ്യ ഉത്തരവാദിത്തം കാണിക്കുന്നത് രാഷ്ട്രത്തിന്റെ സമഗ്രവളര്‍ച്ചയ്ക്കും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനും എല്ലാം സഹായകമാകും.

സാമൂഹ്യ ഇന്നൊവേഷനുകളിലായിരിക്കണം ഇനി കമ്പനികള്‍ കൂടുതല്‍ ശ്രദ്ധ വെക്കേണ്ടത്. വിവിധ ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പരിഹാരങ്ങള്‍ കാണുന്നതിന് സിഎസ്ആര്‍ പദ്ധതികളിലൂടെ കമ്പനികള്‍ക്ക് സാധിക്കണം. വെറും ചടങ്ങു തീര്‍ക്കല്‍ മാത്രമായി സിഎസ്ആര്‍ ചെലവിടല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മാറുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനവും വേണം. ഒരു സംരംഭത്തിന്റെ മറ്റേതൊരു വിഭാഗത്തെയും പോലെ അതീവപ്രാധാന്യത്തോടും അച്ചടക്കത്തോടും പ്രൊഫഷണല്‍ സമീപനത്തോടും കൂടി തന്നെയാകണം സിഎസ്ആര്‍ വിഭാഗത്തെയും പരിഗണിക്കേണ്ടത്. വെറുതെ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമുള്ള ഒരു വിംഗായല്ല അത് പ്രവര്‍ത്തിക്കേണ്ടത്. മറിച്ച് അതിന് വേണ്ടത് ഗവേഷണ സ്വഭാവമാണ്. സമൂഹത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് വിശദമായ പഠനങ്ങള്‍ നടക്കണം, അത് പരിഹരിക്കപ്പെടേണ്ടത് എങ്ങനെയെന്നും അതിനുള്ള മാതൃകകള്‍ എവിടെന്നെല്ലാം സ്വീകരിക്കാം എന്നതിനെക്കുറിച്ചുമെല്ലാം കൃത്യമായ ധാരണകള്‍ വേണം.

കൂടുതല്‍ പ്രൊഫഷണല്‍വല്‍ക്കരണം സാധിച്ചാല്‍ വലിയ വിപ്ലവങ്ങള്‍ തീര്‍ക്കാന്‍ സിഎസ്ആര്‍ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് സാധിക്കും. അതിലാകട്ടെ നമ്മുടെ സംരംഭങ്ങളുടെ ശ്രദ്ധ. ആഗോളതലത്തില്‍ തന്നെ ഇതിന് പല മാതൃകകളും പ്രചോദനങ്ങളും നമ്മുടെ മുന്നിലുണ്ട്. ബില്‍ ഗേറ്റ്‌സിനെ പോലെ ഇരുത്തം വന്ന സംരംഭകരും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെപ്പോലെ യുവത്വത്തിന്റെ പ്രസരിപ്പുള്ള സംരംഭകരും സാമൂഹിക മാറ്റത്തിനായി നടത്തുന്ന ഇടപെടലുകളും ചെലവാക്കുന്ന തുകയും ആരെയും പ്രചോദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. വളര്‍ന്നുവരുന്ന യുവസംരംഭകര്‍ മാതൃകയാക്കേണ്ടതും ഇവരെയാണ്. സംരംഭകത്വം എന്നാല്‍ കേവല അര്‍ത്ഥത്തിലുള്ള ബിസിനസ് എന്നത് മാത്രമല്ല. സമൂഹത്തിലെ ഒരു പ്രശ്‌നത്തിനുള്ള പരിഹാരം കൂടി മുന്നില്‍വയ്‌ക്കേണ്ടയാളാണ് സംരംഭകന്‍. ആ ബോധ്യം വേണം. എങ്കില്‍ ബിസിനസില്‍ നൈതികതയും ധാര്‍മിക മനോഭാവവും ഉള്‍ച്ചേര്‍ക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല. ലാഭകരമായ ബിസിനസുകള്‍ സമൂഹമാറ്റത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് ആശങ്കകളും ഉണ്ടാകില്ല. പുതിയ സാമൂഹ്യ ചിന്താധാരകള്‍ സംരംഭകനില്‍ വികസിച്ചുവരേണ്ടതിന്റെ ആവശ്യകതയും അതു തന്നെയാണ്. സംരംഭകന്റെ സാമൂഹ്യ പ്രതിബദ്ധത എന്നും നമ്മുടെ നാട്ടില്‍ കളിയാക്കലുകള്‍ക്കാണ് വിധേയമായിട്ടുള്ളത്. അത് മാറ്റാനുള്ള ഉത്തരവാദിത്തം അവര്‍ക്ക് തന്നെയാണ്. സാമൂഹ്യ മാറ്റത്തിന്റെ നായകരാകേണ്ടത് സംരംഭകരാണ്. ആ ബോധ്യത്തോടെ ബിസിനസിനെ സമീപിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കണം.

Comments

comments

Categories: Editorial, Slider