ലക്ഷ്യം ബ്രാന്‍ഡ് ഐടി കേരള: ഋഷികേശ് നായര്‍

ലക്ഷ്യം ബ്രാന്‍ഡ് ഐടി കേരള: ഋഷികേശ് നായര്‍

വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ബ്രാന്‍ഡ് ഐടി കേരള എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് കേരള ഐടി പാര്‍ക്ക്‌സ് സിഇഒ ഋഷികേശ് നായര്‍

കൊച്ചി: വിവര സാങ്കേതികവിദ്യാ രംഗത്തെ സംരംഭ സാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ഐടി ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ ഗ്ലോബല്‍ ഡിജിറ്റല്‍ സമ്മിറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കേരള ഐടി പാര്‍ക്ക്‌സ് സിഇഒ ഋഷികേശ് നായര്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു. ഐടി രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് വളരെ മികച്ച സാധ്യതകളാണുള്ളത്. ഈ സാധ്യതകളെ ശരിയായ രീതിയില്‍ ബ്രാന്‍ഡ് ചെയ്യുക എന്നതാണ് പ്രധാനം. ഈ ലക്ഷ്യത്തിലേക്ക് അടുക്കുന്നതിന് ഫ്യൂച്ചര്‍ ഗ്ലോബല്‍ ഡിജിറ്റല്‍ സമ്മിറ്റ് ഉപകാരപ്പെടും-ഋഷികേശ് നായര്‍ വ്യക്തമാക്കി.

2018 മാര്‍ച്ച് 22, 23 തിയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിവരസാങ്കേതിക വ്യവസായ മേഖലയിലെ ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖരുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. ഐ ടി സംരംഭകര്‍ക്കായി പുതിയ അവസരങ്ങള്‍ തുറന്നു നല്‍കുന്നതിനും ഡിജിറ്റല്‍ സമ്മിറ്റ് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

‘കേരളത്തിലെ ഐടി സാധ്യതകള്‍ ബ്രാന്‍ഡ് ചെയ്യപ്പെടണം. എങ്കില്‍ നമുക്ക് ഒന്നാമതെത്താം’

കേരളത്തില്‍ നിരവധി ഐടി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള നിലവാരത്തിലേക്ക് ഉയരാന്‍ പ്രാപ്തിയുള്ളവയാണ് ഇവയിലേറെയും. ശരിയായ മാര്‍ഗ നിര്‍ദ്ദേശം ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലഭിക്കുക എന്നതാണ് പ്രധാനം. ബ്രാന്‍ഡ് കേരള ഐടി എന്ന ലക്ഷ്യത്തില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്നതിലൂടെ വരും വര്‍ഷങ്ങളില്‍ തന്നെ ഈ മേഖലയില്‍ മികച്ച മുന്നേറ്റം നടത്താന്‍ കേരളത്തിനാകും- ഋഷികേശ് നായര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഐടി മേഖലയിലെ അമരക്കാരായ ക്രിസ് ഗോപാലകൃഷ്ണന്‍, എസ് ഡി ഷിബുലാല്‍, വി കെ മാത്യൂസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന #ഫ്യൂച്ചര്‍ ഗ്ലോബല്‍ ഡിജിറ്റല്‍ സമ്മിറ്റ് ആഗോള സംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് സഹായകമാകുമെന്നും ഇത്തരം അവസരങ്ങള്‍ പുതിയ ഇന്നൊവേഷനുകളിലേക്ക് കേരള ഐടി മേഖലയെ നയിക്കുമെന്നും ഋഷികേശ് നായര്‍ പറയുന്നു.

Comments

comments

Categories: Slider, Top Stories