അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കും

അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കും

1391.96 കോടി രൂപ വരുന്ന ഏഴു പ്രൊജക്റ്റുകള്‍ക്കു പുറമെ 1,011.50 കോടി രൂപ മൂല്യമുള്ള 46 പദ്ധതികള്‍ക്കും കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം: കിഫ്ബി ധനസഹായത്തോടെ 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മസാല ബോണ്ടുകള്‍ പുറത്തിറക്കുന്നതിന് കിഫ്ബി മെര്‍ച്ചന്റ് ബാങ്കുകളുമായി കരാറില്‍ ഒപ്പുവെക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കിഫ്ബിയുടെ 31-ാമത്തെ യോഗത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസന പ്രൊജക്റ്റുകള്‍ നടപ്പിലാക്കാന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.

1391.96 കോടി രൂപ വരുന്ന ഏഴു പ്രൊജക്റ്റുകള്‍ക്കും കിഫ്ബി അംഗീകാരം നല്‍കി. കെഎസ്ആര്‍ടിസിക്കുവേണ്ടി ഡീസല്‍ ബസുകള്‍ വാങ്ങുക, ഉന്നത വിദ്യാഭ്യാസം, പിഡബ്ല്യൂഡി എന്നിവയുടെ രണ്ടു പ്രൊജക്റ്റുകള്‍, വ്യവസായ വിഭാഗം, ഗതാഗത വിഭാഗം എന്നിവയുടെ ഓരോ പ്രൊജക്റ്റുകള്‍ എന്നിവയാണിവ. പുനലൂര്‍-കൊല്ലായി ഇടനാഴി വികസനത്തിന് 201.67 കോടി, പെരുമ്പാവൂര്‍ ബൈപാസ് നിര്‍മാത്തിന് 133.24 കോടി, അങ്കമാലി -കൊച്ചി എയര്‍പോര്‍ട്ട് ബൈപാസ് ആദ്യ ഘട്ടത്തിന്റെ ഭാഗമായ കരയാംപറമ്പ്-അങ്കമാലി റോഡിന് 190.16 കോടി, ബയോ360 ലൈഫ് സയന്‍സ് പാര്‍ക്ക് രണ്ടാം ഘട്ടത്തിന് 301.17 കോടി രൂപ എന്നീ പദ്ധതികളും ബോര്‍ഡ് അനുവദിച്ചു. കുസാറ്റിലെ സിവില്‍ ഇലക്ട്രിക് ജോലികള്‍ക്കായി 99.48 കോടി രൂപയും മികവിന്റെ കേന്ദ്രമാകാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായുള്ള നവീകരണ പദ്ധതിക്ക് 142.24 കോടി രൂപയും അനുവദിച്ചു.

ഏഴു പ്രൊജക്റ്റുകള്‍ക്ക് പുറമെ 1,011.50 കോടി രൂപ മൂല്യമുള്ള 46 പദ്ധതികള്‍ക്കും കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 25 എണ്ണം പൊതു വിദ്യാഭ്യാസ വിഭാഗത്തിലും 12 എണ്ണം പിഡബ്ല്യൂഡിയും അഞ്ചെണ്ണം കായിക വിഭാഗത്തിലും നാലെണ്ണം എസ്‌സിഎസ്ടിഡിഡിയിലുമാണ്. മുന്‍പ് അംഗീകാരം നല്‍കിയ പ്രൊജക്റ്റുകളുടെ നടത്തിപ്പ് ബോര്‍ഡ് വിലയിരുത്തി. കിഫ്ബിക്ക് 38,000 കോടി അടിസ്ഥാന സൗകര്യ വികസന പ്രൊജക്റ്റുകള്‍ക്ക് ഫണ്ട് നല്‍കാനാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വികെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎ എബ്രഹാം, സെക്രട്ടറിമാര്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments

comments

Categories: Business & Economy